വാഷിങ്ടൺ ഡി.സി: നവംബർ മൂന്നിന് നടന്ന അമേരിക്കൻ പൊതു തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ജോ ബൈഡൻ- കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കൗണ്ടിങ് ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഔദ്യോഗികമായി പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തർ. സൗത്ത് കരോലിനയിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട യുഎസ് സെനറ്ററും, റിപ്പബ്ലിക്കൻ നേതാവുമായ ലിൻഡ്സി ഗ്രഹാം, ടെക്സസിൽ നിന്നുള്ള യുഎസ് സെനറ്റർ ടെഡ് ക്രൂസ്, പ്രമുഖ ട്രംപ് ലോയറും അമേരിക്കയുടെ മേയറുമെന്ന് അറിയപ്പെടുന്ന റൂഡി ഗുലാനിയുമാണ് ട്രംപിന്റെ നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകി രംഗത്തെത്തിയിരിക്കുന്നത്. മുഴുവൻ സംസ്ഥാനങ്ങളിലേയും പോൾ ചെയ്ത വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി സർട്ടിഫൈ ചെയ്യുമ്പോൾ മാത്രമേ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിക്കപ്പെടുകയുള്ളുവെന്നും, മാധ്യമങ്ങളല്ല വിജയം പ്രഖ്യാപിക്കേണ്ടതെന്നും ഇവർ പറയുന്നു.

നവംബർ എട്ടിന് ഞായറാഴ്ച സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ലിൻഡ്സി ഗ്രഹാമും, ടെക്സസ് സെനറ്റർ ടെഡ് ക്രൂസും ട്വിറ്റർ സന്ദേശത്തിലാണ് ട്രംപിന് അനുകൂലമായി പ്രതികരിച്ചത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ട്രംപ് ഇന്നും ആരോപിച്ചു. ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിക്കണമെങ്കിൽ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.