- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനം രാജേന്ദ്രൻ സപ്തതി നിറവിൽ; കേക്ക് മുറിച്ചും മധുരം വിളമ്പിയും ആഘോഷമാക്കി സിപിഎം സിപിഐ ആസ്ഥാനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ സിപിഐയുടെ അമരക്കാരന്റെ ജന്മദിനം ആഘോഷമാക്കി സിപിഎം സിപിഐ ആസ്ഥാനങ്ങൾ. കേക്ക് മുറിച്ചും മധുരം വിളമ്പിയും കാനതെ ഞെട്ടിച്ചായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മൂന്നു മണിയോടെ മുന്നണി യോഗത്തിന് കാനം എകെജി സെന്ററിലെത്തിയപ്പോൾ ലഡു തയാറായിരുന്നു. ''ലഡു കഴിക്കുന്ന ശീലമെല്ലാം ഉണ്ടോ'' എന്നായി മുഖ്യമന്ത്രിയോട് അപ്പോൾ സിപിഐയുടെ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. '' ചില പ്രത്യേക സന്ദർഭങ്ങളിൽ കഴിക്കണമല്ലോ'' എന്നു കാനത്തെ നോക്കി പിണറായി വിജയന്റെ മറുപടി.
രാവിലെ സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയപ്പോഴൂം കാനത്തെ കാത്തിരുന്നത് വൻ ആഘോഷം ആയിരുന്നു. പതിനൊന്നരയോടെ കാനം കാറിൽ നിന്ന് ഇറങ്ങുമ്പോൾ പൂച്ചെണ്ടുമായി പന്ന്യൻ . ഓഫിസ് മുറിയിലേക്കു ചെന്നപ്പോൾ കേക്ക് റെഡി. ആദ്യ കഷണം പന്ന്യൻ കാനത്തിനു നൽകി. അസി. സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.
കേക്ക് മുറിച്ചുള്ള ജന്മദിനാഘോഷം എംഎൻ സ്മാരകത്തിൽ വച്ച് ആദ്യമായിട്ടാണ് എന്നു കാനം പറഞ്ഞു. അൻപതു വർഷത്തിലേറെയായി പാർട്ടി ആസ്ഥാനത്തോടും തലസ്ഥാനത്തോടും വൈകാരികമായ അടുപ്പമുണ്ട്. ദേശീയതലത്തിൽ പ്രവർത്തിക്കണമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വത്തിൽ നിന്നു വന്നിട്ടുണ്ടെങ്കിലും എന്നും കേരളമാണു തട്ടകമെന്നും കാനം പറഞ്ഞു. ഉച്ചയ്ക്ക് കുടുംബാംഗങ്ങളുമായി പിറന്നാൾ സദ്യ. ഇതിനിടെ സിപിഐ ജനറൽസെക്രട്ടറി ഡി.രാജ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ആശംസകൾ.