- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ ഒറ്റദിവസം ബ്രിട്ടനിൽ മരിച്ചത് 532 കോവിഡ് രോഗികൾ; രണ്ടാം വരവിലെ ഏറ്റവും ഭയാനകമായ മരണദിനം ഇന്നലെ; പുതിയ രോഗികളുടെ എണ്ണം 20,000 ത്തിൽ തുടരുന്നത് മത്രം ആശ്വാസം
രണ്ടാംവരവിൽ ബ്രിട്ടന് മീതെ പിടിമുറുക്കുകയാണ് കൊറോണ. ഇന്നലെ മാത്രം 532 കോവിഡ് മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണ സംഖ്യയാണിത്. അതേസമയം, ഭീതിയിൽ ആണ്ട ബ്രിട്ടന് ആശ്വാസകരമായ ഒരു കാര്യം രോഗവ്യാപന തോത് കാര്യമായി വർദ്ധിക്കുന്നില്ല എന്നതുമാത്രമാണ്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ വെറും രണ്ട് ശതമാനം മാത്രമാണ് ഈയാഴ്‌ച്ച രോഗവ്യാപന തോതിലുണ്ടായിട്ടുള്ള വളർച്ച. എന്നാൽ, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് കടുത്ത ആശങ്ക ജനിപ്പിക്കുന്നുണ്ട്.
അതേസമയം, ഭാവിയിൽ ഇത്തരത്തിലുള്ള മഹാവ്യാധികളെ ചെറുക്കാൻ, ആഗോളതലത്തിൽ തന്നെ ഒരു ശ്രമം ആവശ്യമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. സർക്കാരുകൾ ഇക്കാര്യത്തിൽ എന്തെല്ലാം തയ്യാറെടുപ്പുകൾ എടുക്കണമെന്നതിനെ കുറിച്ച് അദ്ദേഹം ബിൽ ഗെയ്റ്റ്സുമായി ചർച്ച നടത്തുകയും ചെയ്തു. കോവിഡ് വരുന്നതിനും എത്രയോ മുൻപ് തന്നെ, ഇത്തരത്തിലൊരു ആരോഗ്യ ഭീഷണിയെ കുറിച്ച് ആശങ്കയുയർത്തിയ ആളാണ് ബിൽ ഗെയ്റ്റ്സ് എന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ഗെയ്റ്റ്സിനൊപ്പം മറ്റ് പത്ത് ലൈഫ് സയൻസ്- ഫർമസ്യുട്ടിക്കൽ കമ്പനികളുടെ തലവന്മാരും ബോറിസ് ജോൺസണോടൊപ്പം വെർച്ച്വൽ മീറ്റിംഗിൽ പങ്കെടുത്തു.
അതേസമയം, ഇംഗ്ലണ്ടിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ, കോവിഡ് വ്യാപനം കാര്യക്ഷമമായി തടയുന്നതിൽ 3 ടയർ നിയന്ത്രണങ്ങൾ ഫലവത്താണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുൻപ് ഈ മേഖലയിൽ കോവിഡ് മൂലം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നവരേക്കാൾ കുറവു പേരെ മാത്രമേ ഇപ്പോൾ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുള്ളു എന്ന് കണക്കുകൾ കാണിക്കുന്നു. ടയർ 3 നിയന്ത്രണങ്ങളാണ് ഇവിടെ നിലവിലുള്ളത്.
അതേസമയം ടയർ 2 നിയന്ത്രണങ്ങളുള്ള ലണ്ടനിലും ഈ കുറവ് ദൃശ്യമാകുന്നുണ്ട്. ധൃതിപിടിച്ച് മറ്റൊരു ലോക്ക്ഡൗൺ കൊണ്ടുവരികയായിരുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഈ കണക്കുകൾ. പുതിയതായി ആവിഷ്‌കരിച്ച 3ടയർ നിയന്ത്രണങ്ങൾ ഫലവത്താകുമോ എന്ന് പരീക്ഷിച്ചറിയാൻ കാത്തുനിൽക്കാതെ ധൃതിപിടിച്ച് ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു, എന്നാണ് പരാതി. നിരവധി ഭരണകക്ഷി അംഗങ്ങൾ പോലും ഇത്തരത്തിലുള്ള പരതികൾ ഉന്നയിച്ചിരുന്നു.
ഒക്ടോബർ 14 ന് ലിവർപൂളിലായിരുന്നു ആദ്യമായി ടയർ 3 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. പിന്നീട് ലങ്കാഷയർ, മാഞ്ചസ്റ്റർ എന്നീ മേഖലകളിലേക്കും വ്യാപിപ്പിച്ചു. ബാറുകളും പബ്ബുകളും ഉൾപ്പടെയുള്ള പല സ്ഥാപനങ്ങളും അടയ്ക്കുകയും, പൊതുജന സമ്പർക്കം കാര്യമായി കുറയ്കുകയും ചെയ്തതോടെ രോഗവ്യാപന തോതിൽ കാര്യമായ ഇടിവുവന്നു. ഇതിനു പുറമേയാണ് ഫൈസറിന്റെ വാക്സിൻ അവസാനവട്ട പരീക്ഷണത്തിലും വിജയിച്ച വാർത്ത പുറത്തുവന്നത്. അതും ബ്രിട്ടന് ഏറെ ആശ്വാസകരമായിട്ടുണ്ട്. അതിനു തൊട്ടുപിന്നാലെ കേമ്പ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വാക്സിനും ഉടൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ മൊഡേണയുടെ വാക്സിനും അന്തിമ പരീക്ഷണ ഘട്ടത്തിലാണ്.