- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്സിജൻ ലെവൽ 96-ൽ അല്പം താഴ്ന്നാലും കോവിഡ് രോഗികൾക്ക് അപകട സാധ്യത ഏറെ; നിലവിലെ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശങ്ങൾ കോവിഡിന്റെ അപകട സാധ്യതകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി പുതിയ കോവിഡ് പഠനം
നിലവിലെ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഓക്സിജന്റെ അളവ് 94 ശതമാനത്തിനും 98 ശതമാനത്തിനും ഇടയിലാണെങ്കിൽ അവരെ ആരോഗ്യവാന്മാരായാണ് കണക്കാക്കുന്നത്. എന്നാൽ ഈ മാർഗ്ഗനിർദ്ദേശം പൂർണ്ണമായും ശരിയല്ലെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഓക്സിജൻ അളവിൽ 96 ശതമാനത്തിൽ നിന്നും ചെറിയൊരു കുറവ് വരുന്നതുപോലും മരണകാരണമായേക്കാം എന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാർ, വീടുകളിൽ ഓക്സീ മീറ്റർ അവരുടെ മെഡിക്കൽ കിറ്റിന്റെ ഭാഗമായി സൂക്ഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശരീരത്തിന്റെ പ്രവർത്തനത്തിന് ഓക്സിജൻ ആവശ്യമാണ്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടുപിടിക്കുന്നതിനാണ് ഓക്സീമീറ്റർ ഉപയോഗിക്കുന്നത്.ഹാംപ്ഷയർ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൽട്ടന്റായ മാറ്റ് ഇനാഡ-കിം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾപുറത്തുവന്നത്. മാർച്ച് 1 നും ജൂലായ് 31 നും ഇടയിൽ അത്യാവശ്യ ചികിത്സ ആവശ്യമായി വന്ന ആയിരക്കണക്കിന് കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്.
ഇവരുടെ രോഗലക്ഷണങ്ങൾ, ഇവരെ ആശുപത്രിയിലെത്തിക്കാൻ വീടുകളിലെത്തിയ ആംബുലൻസ് സർവ്വീസിലെ ജീവനക്കാർ രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രക്തത്തിലെ ഓക്സിജന്റെ അളവ് 96 ശതമാനത്തിൽ ചെറുതായി കുറഞ്ഞിരുന്നാലും മരണസാധ്യത വർദ്ധിപ്പിക്കുമെന്ന നിഗമനത്തിൽ എത്താൻ സഹായിച്ചത്. തികച്ചും സാധാരണമെന്ന് നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ നിഷ്‌കർഷിക്കുന്ന 94-95 ശതമാനം ഓക്സിജൻ ഉള്ളവർ പോലും മരണത്തിന് അടിപ്പെട്ടിട്ടുണ്ട്.
ഒരു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടുന്നതിന്റെ മാനദണ്ഡം രക്തത്തിൽ 92 ശതമാനത്തിൽ താഴെ ഓക്സിജൻ ഉണ്ടായിരിക്കുക എന്നതാണെന്ന് ചില വിദഗ്ദർ പറയുന്നുണ്ട്. എന്നാൽ ഇത് തികഞ്ഞ വിഢിത്തമാണെന്നാണ് പഠനം നടത്തിയവർ പറയുന്നത്. ഇത് പല രോഗികളേയും മരണത്തിലേക്ക് നയിക്കും. പ്രായത്തേക്കാളും മറ്റ് ആരോഗ്യ പ്രശ്നങ്ങളേക്കാളും, രക്തത്തിലെ ഓക്സിജന്റെ അളവിൽ ഉണ്ടായ കുറവാണ് പലരോഗികൾക്കും അടിയന്തര ചികിത്സ ആവശ്യമായ ഘട്ടത്തിലേക്ക് നയിച്ചത്.
രക്തത്തിലെ ഓക്സിജനിൽ വരുന്ന നേരിയ കുറവുപോലും ഒരു അപകടത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് ആശുപത്രി ചികിത്സ തേടേണ്ടതാണ്. ന്യുമോണിയയുടെ കാര്യത്തിൽ ആദ്യം ശ്വാസതടസ്സം ഉണ്ടാവുകയും അതിനു ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്ന ഹൈപോക്സിയ അനുഭവപ്പെടുകയും ചെയ്യാറാണ് പതിവ്.
എന്നാൽ കോവിഡിന്റെ കാര്യത്തിൽ ആദ്യം ഹൈപോക്സിയ ആയിരിക്കും സംഭവിക്കുക. അതുകൊണ്ടുതന്നെ, ശ്വാസതടസ്സം ആരംഭിക്കുമ്പോഴേക്കും രോഗി അവശനിലയിൽ എത്തിയിരിക്കും.
മറുനാടന് മലയാളി ബ്യൂറോ