പുതിയ ഇൻ-ഹൗസ് എം 1 ചിപ്പുമായി ആപ്പിളിന്റെ ആദ്യ മാക് കമ്പ്യുട്ടറുകൾ ഇന്നലെ പുറത്തിറങ്ങി. 'വൺ മോർ തിങ്'' എന്ന ഓൺലൈൻ ഇവന്റിലൂടെയാണ് ഇത് പുറത്തിറക്കിയത്. പി സി ചിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പ്രതി വാട്ടിലും ഇരട്ടി പെർഫോർമൻസാണ് എം 1 നൽകുന്നത്. ഇതോടെ അപ്പിൾ ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വേഗതയേറിയ കമ്പ്യുട്ടർ ആവുകയാണ് മാക്‌ബുക്ക്. യൂണിഫൈഡ് മെമ്മറി ആർക്കിടെക്ചർ, ഇന്റഗ്രേറ്റഡ് ജി പി യു, ന്യുറൽ എഞ്ചിൻ എന്നിവ ഈ പുതിയ ചിപ്പിന്റെ സവിശേഷതകളാണ്.

15 മണിക്കൂർ വയർലസ്സ് വെബ് ബ്രൗസിങ്, 18 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നീ സവിശേഷതകളുള്ള മാക്‌ബുക്ക് എയറിന്റെ വില 999 ഡോളറിൽ നിന്നും ആരംഭിക്കുന്നു. മാത്രമല്ല, ഇതിനു മുൻപത്തെ മോഡലുകളേക്കാൾ ഇരട്ടിനേരം വീഡിയോ കോൺഫറൻസ് നടത്താനും കഴിയും. കോവിഡ് കാലത്ത് ഇപ്പോഴും വർക്ക് ഫ്രം ഹോം നിലനിൽക്കുമ്പോൾ, വിപണിയറിഞ്ഞുള്ള ഒരു അപ്ഡേറ്റിങ് തന്നെയാണിതെന്നാണ് ബിസിനസ്സ് രംഗത്തെ വിദഗ്ദർ പറയുന്നത്.

13.3 ഇഞ്ച് ഡിസ്പ്ലേയുള്ള കമ്പ്യുട്ടറിൽ 16 ജി ബി മെമ്മറിയാണ് പ്രാഥമികമായി ഉള്ളത്. ഇത് 2 ടി ബി വരെയായി വർദ്ധിപ്പിക്കുവാൻ കഴിയും. ഇതോടൊപ്പം മാക് മിനിയിലും അപ്പിൾ എം 1 ചിപ്പ് നൽകുന്നുണ്ട്. ഇത് ഈ മോഡലിന്റെ പ്രവർത്തനം മൂന്നിരട്ടികണ്ട് മെച്ചപ്പെടുത്തുന്നുണ്ട്. അപ്ഗ്രേഡ് ചെയ്ത ഈ പുതിയ സിസ്റ്റത്തിന്റെ വില 699 ഡോളറിൽ നിന്നും ആരംഭിക്കുന്നു. ഇതിന്റെ കഴിഞ്ഞവർഷത്തെ വിലയിൽ നിന്നും 100 ഡോളർ കുറവാണ്ഈ വില.

മാക് ലൈനപ്പിന്റെ 36 വർഷത്തെ ചരിത്രത്തിലിതാദ്യമായാണ് ഒരു ആപ്പിൾ -ഡിസൈൻഡ് പ്രൊസസ്സർ ഉപയോഗിച്ച് മാക്ക് ലൈനപ്പ് പ്രവർത്തിപ്പിക്കുന്നത്. ഇത് പ്രകടന മികവ് ഉറപ്പാക്കുന്നു എന്നു മാത്രമല്ല കൂടുതൽ ബാൻഡ് വിഡ്ത്ത്, കുറഞ്ഞ ഊർജ്ജോപഭോഗം എന്നിവയും ഉറപ്പുവരുത്തുന്നു. ഇന്റലിന്റെ മെഷിനുകളേക്കാൾ കുറവ് ഊർജ്ജം മതിയാകും ഇത് പ്രവർത്തിപ്പിക്കാൻ. മൂന്ന് ഉദ്പന്നങ്ങളാണ് ഇന്നലെ ആപ്പിൾ പുറത്തിറക്കിയത്. മാക് ബുക്ക് എയർ ഭാരം കുറഞ്ഞതും, വേഗത്തിൽ പ്രവർത്തിക്കുന്നതും കൂടിയ ബാറ്ററി ലൈഫ് ഉള്ളതുമാണെങ്കിൽ, മാക്‌ബുക്ക് പ്രോ കൂടുതൽ നീണ്ട അദ്ധ്വാനത്തിന് തയ്യാറായതാണ്. മാക് മിനി ഡെവലപ്പേഴ്സിനുള്ള ഒരു കീ പ്രൊഡക്ടാണ്.

ഈ മൂന്ന് വ്യത്യസ്ത ഉദ്പന്നങ്ങളിലും എം 1 ചിപ്പ് ഉപയോഗിക്കുക വഴി ഇതിന്റെ ഉപയോഗവൈവിധ്യം തെളിയിക്കുകയാണ് ആപ്പിൾ. 2005 മുതൽ മാക് കമ്പ്യുട്ടറുകളിൽ ഇന്റൽ ചിപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതോടെ, തങ്ങൾക്ക് ആവശ്യമായ എല്ലാ ചിപ്പുകളും സ്വയം ഉദ്പാദിപ്പിക്കുവാൻ ആരംഭിക്കുകയാണ് ആപ്പിൾ. അതിൽ എം 1 ചിപ്പുകൾ പൂർണ്ണമായും മാക്‌ബുക്കിനു വേണ്ടി ഉള്ളതാണ് ഐഫോൺ, ആപ്പിൾ വാച്ച്, ഐപാഡ് എന്നിവയിൽ ഉപയോഗിക്കുന്ന ചിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിപ്പ്.

എം 1 ചിപ്പ് ഘടിപ്പിച്ച 13 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയ മാക്‌ബുക്ക് പ്രോയും 17 മണിക്കൂർ വയർലസ് വെബ് ബ്രൗസിങ് നൽകുന്നു. ഇന്റൽ ഉപയോഗിക്കുന്ന മോഡലിനേക്കാൾ 10 മണിക്കൂർ കൂടുതലാണിത്. 20 മണിക്കൂറോളം തുടർച്ചയായി വീഡിയോ പ്ലേബാക്കും ആസ്വദിക്കാം. മാക്കിലെ ഏറ്റവും കൂടിയ ബാറ്ററി ലൈഫ് ഇതിലാണുള്ളത്. 1,299 ഡോളർ മുതൽ വിലയുള്ള മാക്‌ബുക്ക് പ്രോയിലെ അടിസ്ഥാന മെമ്മറി 16 ജി ബിയാണ്. എന്നാൽ ഇത് 2 ടി ബി വരെയായി ഉയർത്താൻ കഴിയും.