കുമളി: ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ തേക്കടിയിൽ സഞ്ചാരികളുടെ തിരക്ക് കൂടിയതിനാൽ ബോട്ടിങ് സർവീസുകളുടെ എണ്ണംകൂട്ടി. ബുധനാഴ്ച മുതൽ ഒരുസർവീസ് കൂടി ആരംഭിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇതോടെ സർവീസുകളുടെ എണ്ണം മൂന്നാകും. അഞ്ച് ബോട്ടുകളാണ് തേക്കടിയിൽ സർവീസ് നടത്തിയിരുന്നത്. ലോക്ഡൗണിൽ ഇളവ് വന്നതോടെ ഇതിൽ രണ്ട് ബോട്ടുകൾ മാത്രമാണ് സർവീസ് തുടങ്ങിയത്. എന്നാൽ സഞ്ചതാരികളുടെ തിരക്കേറിയതോടെ ഇന്ന് ഒരു സർവീസ് കൂടി പു:നരാംരംഭിക്കാൻ വനംവകുപ്പ് തീരുമാനിക്കുക ആയിരുന്നു.

രാവിലെ 9.30-നും ഉച്ചതിരിഞ്ഞ് 3.30-നുമാണ് നിലവിൽ സർവീസ് ഉള്ളത് എന്നാൽ, ദീപാവലി അടുത്തതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെയാണ് ഒരുസർവീസ് കൂടി ആരംഭിക്കാൻ അധികൃതർ തയ്യാറായത്. രാവിലെ 11.15-നാണ് പുതിയ ബോട്ട് സർവീസ് നടത്തുക. 9.30-ന് നടത്തിയിരുന്ന ബോട്ടിങ് 7.30-ന് നടത്തും. കൂടാതെ രാവിലെ ആറുമുതൽ പാർക്ക് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും. അവധി ദിവസങ്ങളിൽ തേക്കടിയിൽ 200 മുതൽ 300 പേർ വരെയാണ് ഇപ്പോൾ എത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ നാലോ അഞ്ചോ ബോട്ട് സർവീസുകൾ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബോട്ട് സർവീസുകൾ പരിമിതപ്പെടുത്തിയതോടെ ടിക്കറ്റ് ചാർജുകളിൽ 50 ശതമാനം വർധനവ് ഏർപ്പെടുത്തിയുരുന്നു. ഇത് പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ച് ഒന്നരമാസം പിന്നിട്ടിട്ടും നടപടിയായിട്ടില്ല. സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഹോട്ടലുകളും റിസോർട്ടുകളും ഭീമൻ നഷ്ടം സഹിച്ച് 50 ശതമാനം നിരക്ക് കുറച്ചിട്ടും വനംവകുപ്പ് നിരക്ക് കുറയ്ക്കാൻ തയാറാകാത്തത് ഇവർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.