ന്യൂമാഹി: വ്യാജ സ്വർണക്കട്ടി നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങളെ ഉൾപ്പെടെ ഒട്ടേറെ പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ വയനാട്ടിലെ കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടത്തറ ചെമ്പൻ ഹൗസിലെ റസാഖി (50) നെയാണ് ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു സംഭവം.

കേസിലെ പ്രധാന പ്രതി വയനാട്ടിലെ ഷുഹൈലിന്റെ സംഘത്തിലുള്ളയാളാണ് റസാഖ്. പ്രതിയെ വയനാട്ടിലെ വീട്ടിൽവച്ചാണ് പിടികൂടിയത്. ആറ്റക്കോയ തങ്ങൾ അടക്കം നിരവധി പേരാണ് റസാഖ് തട്ടിപ്പിനരയാക്കിയത്. കഴിഞ്ഞ വർഷം ജൂൺ 20-ന് പുന്നോലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പ്രധാന പ്രതി വയനാട് മുട്ടിൽ സ്വദേശി പുതിയപുരയിൽ ആർ.പി. ഷുഹൈൽ പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങളെ നിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണക്കട്ടി നൽകി കബളിപ്പിച്ചത്.

തന്റെ കൈവശം നിധിയുണ്ടെന്നും ഇത് കിട്ടിയതുമുതൽ വീട്ടിൽ പ്രശ്‌നങ്ങളാണെന്നും എങ്ങനെയെങ്കിലും ഒഴിവാക്കാനായാണ് ഒരു കോടിയോളം വിലവരുന്ന തങ്കക്കട്ടി കുറഞ്ഞ വിലയ്ക്ക് കൈമാറുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഷുഹൈൽ ചതിക്കെണി തീർത്തത്. ശരിയായ സ്വർണമാണെന്ന് തെളിയിക്കാൻ ആദ്യ ഘട്ടമായി സ്വർണംപൂശിയ ഭാഗം ഉരച്ച് പൊടി നൽകി. പാറാലിലെ ജൂവലറിയിലാണ് സ്വർണക്കട്ടി ഉരച്ച് പരിശോധന നടത്തിയത്. പത്തുലക്ഷത്തിനാണ് ആറ്റക്കോയ തങ്ങൾ വ്യാജ സ്വർണക്കട്ടി വാങ്ങിയത്. പണം വാങ്ങിയ ഷുഹൈലിനെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെയാണ് സംശയമുണ്ടായത്. തങ്കക്കട്ടി വീണ്ടും ജൂവലറിയിൽ വിശദമായി പരിശോധിപ്പിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് തലശ്ശേരി ഡിവൈ.എസ്‌പി.ക്ക് പരാതി നൽകിയത്.

ഇതേ കേസിലെ മറ്റൊരു പ്രതി കോഴിക്കോട് ഫറോക്കിലെ കുന്നത്തുമൊട്ട സ്വദേശി കാരാളിപറമ്പ് വീട്ടിൽ ബി. ബഷീറിനെയും (58) കഴിഞ്ഞവർഷം ജൂലായ് നാലിന് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എട്ട് കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.