ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്ന് മുംബൈ-കർണാടക ഹൈക്കോടതികളിലെ മുൻ ജഡ്ജി മൈക്കിൾ എഫ്. സൽദാന. കോടികളാണ് ഈ കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ചെലവാക്കുന്നത്. കേസിനായി ഇത്രയധികം പണം അദ്ദേഹം ചിലവഴിക്കുന്നതിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ജലന്ധറിലെ അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റർ ആഗ്‌നലോ ഗ്രേഷ്യസിനു കത്തയച്ചു. ഈ വിഷയത്തിൽ നേരത്തേയും രംഗത്തുവന്നിട്ടുള്ളയാളാണ് സൽദാന.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ ഒഴിവാക്കുന്നതിനായി ഹൈക്കോടതിയിൽ പോയെങ്കിലും പരാജയപ്പെട്ടു. കേസിന്റെ സൂക്ഷ്മാംശംവരെ പരിശോധിച്ചാണ് കേരള ഹൈക്കോടതി ആവശ്യം തള്ളിയത്. തുടർന്ന് വിചാരണയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പോയി. പരിഗണിക്കപ്പെടില്ലെന്നു നൂറുശതമാനം ഉറപ്പായിരുന്ന ആവശ്യം അവിടെയും തള്ളിപ്പോയി.

തുടർന്ന് പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. കോടികളാണ് ഇതിനെല്ലാം മുടക്കിയത്. കോവിഡ് പോസിറ്റീവാണെന്നു പറഞ്ഞുപോലും വിചാരണ വൈകിക്കാൻ ശ്രമിച്ചു. തിരുവസ്ത്രങ്ങളണിഞ്ഞ് കോടതിയിലെത്തുന്നത് സഭാവിശ്വാസികളുടെ അനുകമ്പ പിടിച്ചുപറ്റാനാണെന്നും ജസ്റ്റിസ് സൽദാന ആരോപിക്കുന്നു. കേസിൽ കോട്ടയത്തെ കോടതിയിൽ വിചാരണ നേരിടുകയാണ് ഫ്രാങ്കോ. ജലന്ധർ ബിഷപ്പുസ്ഥാനത്തു തുടരുകയാണെങ്കിലും ഭരണച്ചുമതല അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റർക്കാണ്.