- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ ഒറ്റ ദിവസം മാത്രം ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത് 595 പേർ; രണ്ടാം വരവിൽ സകല നിയന്ത്രണങ്ങളും പാളിയതോടെ മരണ സംഖ്യ 50,000 കടന്നു; ലോക്ക്ഡൗൺ കൊണ്ടൊന്നും രക്ഷിക്കാൻ വയ്യാത്തവിധം പ്രതിസന്ധിയിലേക്ക് നീങ്ങി ബ്രിട്ടൻ
ഇന്നലെ 595 കോവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണം അര ലക്ഷം കടന്നു. കഴിഞ്ഞ മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇനിയും ബ്രിട്ടൻ വൈറസിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കരകയറാൻ തുടങ്ങിയിട്ടില്ല എന്നതിന്റെ സൂചനയാണ് ഈ മരണ സംഖ്യ എന്ന് ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു. ഒക്ടോബർ മാസത്തിൽ മുഴുവൻ തന്നെ രോഗവ്യാപന തോത് കൂടുതലായതിനാൽ, അടുത്ത ഏതാനും ആഴ്‌ച്ചകൾ കൂടി പ്രതിദിന മരണ സംഖ്യ കൂടുതലായിരിക്കുമെന്ന് ഔദ്യോഗിക വക്താക്കൾ അറിയിച്ചു.
രോഗം ബാധിച്ച ഒരു വ്യക്തിക്ക് അത് ഗുരുതരാവസ്ഥയിലെത്താൻ മൂന്ന് ആഴ്‌ച്ചയെങ്കിലും എടുക്കും എന്നാണ് കണക്ക്. അതിനു ശേഷമായിരിക്കും മരണത്തിന് കീഴടങ്ങുക. അതുകൊണ്ട് തന്നെ വരും നാളുകളിൽ കൂടുതൽ മരണങ്ങൾ പ്രതീക്ഷിക്കാം. മരണഭയം കരിനിഴലായി നിൽക്കുമ്പോഴും അതിനുള്ളിൽ ചെറിയൊരു പ്രത്യാശയുടെ രജത രേഖയായി എത്തുന്നത് രോഗവ്യാപനത്തിന്റെ വേഗത കുറയുന്നു എന്ന യാഥാർത്ഥ്യമാണ്. ഇന്നലെ 22,950 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ ബുധനാഴ്‌ച്ച രേഖപ്പെടുത്തിയതിനേക്കാൾ 8% കുറവാണ്.
എ ടയർ നിയന്ത്രണങ്ങൾ ഫലവത്തായി എന്നതിന്റെ സൂചനയാണ് രോഗവ്യാപന തോത് കുറയുന്നതിനെ ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്. ധൃതി പിടിച്ച് മറ്റൊരു ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന വാദവും ഉയരുന്നുണ്ട്. അതേസമയം, ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന മുന്നറിയിപ്പ് ഇന്നലെയും ബോറിസ് ജോൺസൺ നൽകി. ഘട്ടം ഘട്ടമായി ആയിരിക്കും ഇത് നീക്കുക. അതേസമയം, ലോകത്തിലെ തന്നെ ഏറ്റവുംവലിയ പ്രതിരോധ കുത്തിവയ്പ് പദ്ധതി ബ്രിട്ടനിൽ ഡിസംബർ 1 മുതൽ ആരംഭിക്കുമെന്നറിയുന്നു. എൻ എച്ച് സ് ജീവനക്കാരും സൈന്യവും ഒത്തൊരുമിച്ചായിരിക്കും ഇത് നടപ്പാക്കുക.
മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക എന്നതുമാത്രമാണ് നിലവിൽ രോഗവ്യാപനം തടയുവാനുള്ള ഏക പോംവഴി. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങൾ അക്ഷരം പ്രതി അനുസരിച്ച് മുന്നോട്ടുപോയാൽ എത്രയും പെട്ടെന്ന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് ബോറിസ് ജോൺസൺ പ്രത്യാശപ്രകടിപ്പിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാലും3 ടയറുകളിലായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കും. നിലവിലുള്ള 3 ടയറുകൾക്ക് പുറമേ, രോഗവ്യാപനം മൂർച്ഛിച്ച സ്ഥലങ്ങളിൽ, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെയുള്ള ടയർ 4 നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനും ആലോചിക്കുന്നുണ്ട്.
ഇതിനിടയിൽ ഭരണകക്ഷി എം പി മാരിൽ നിന്നു തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരായി പരാതികൾ ഉയർന്നിട്ടുണ്ട്. സാമ്പത്തിക ഭദ്രത തകർക്കുന്ന മണ്ടൻ നയമായാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. മുൻ ചീഫ് വിപ്പ് മാർക്ക് ഹാർപ്പറുടെ നേതൃത്വത്തിൽ 50 എം പിമാരോളം ചേർന്ന് ഒരു വിമത ഗ്രൂപ്പ് രൂപീകരിച്ചു. വാക്സിൻ വരുന്നതുവരെ ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കരുതെന്ന് അവർ ബോറിസിനോട് കർശനമായി ആവശ്യപ്പെട്ടു.