- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനിലെ പൊലീസ് സ്റ്റേഷനു മുന്നിലേക്ക് കാറിടിച്ചു കയറ്റി; പുറത്തിറങ്ങി കന്നാസിൽ പെട്രോൽ തെരുവിൽ ഒഴിച്ചു; രാത്രിയിൽ നടന്നത് ഭീകര നീക്കമെന്ന് പൊലീസ്
ഫ്രാൻസിൽ തുടങ്ങിയ ഭീകരവാദത്തിന്റെ അലയൊലികൾ യൂറോപ്പിലാകെ വ്യാപിക്കുകയാണെന്ന് ഭീതി പരത്തുന്നതായിരുന്നു ഇന്നലെ ലണ്ടനിൽ നടന്ന സംഭവം. അതിവേഗം കാറോടിച്ചെത്തിയ ഒരാൾ കാർ ലണ്ടനിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറ്റുകയും പിന്നീട് കാറിൽ നിന്നിറങ്ങി കൈയിൽ കരുതിവച്ച പെട്രോൾ നിരത്തിലാകെ ഒഴിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് അടിയന്തര സന്ദേശം ലഭിച്ചതിനാൽ ഭീകരവിരുദ്ധസ്‌ക്വാഡ് സ്ഥലത്തെത്തി.
ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം ഫോർ സ്ട്രീറ്റിലെ എഡ്മൺടൺ പൊലീസ് സ്റ്റേഷനിലേക്ക് കാറിടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്യക്തിയെ പിന്നീട് പൊലീസ് കീഴടക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വന്ന മറ്റൊരു വീഡിയോയിൽ ഈ അക്രമകാരി നിരത്തിൽ പെട്രോൾ ഒഴിക്കുന്നതും അത് കത്തിക്കാൻ ശ്രമിക്കുന്നതും കാണാം. സ്ഥലത്തെത്തിയ സ്‌കോട്ട്ലാൻഡ് യാർഡ് പൊലീസ് സ്റ്റേഷൻ ഒഴിപ്പിച്ച് സീൽ ചെയ്തു.
സംഭവത്തെ കുറിച്ചുള്ള പ്രാദേശികമായ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഭീകര വിരുദ്ധ സ്‌ക്വാഡിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശാലമായ മറ്റൊരു അന്വേഷണവും നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഗ്‌നിശമന സേനയും ആംബുലൻസും ഉടനടി രംഗത്തെത്തി. ഇതുവരെ ഈ സംഭവത്തിൽ ആർക്കും പരിക്കുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.
രാത്രി 7 മണിക്ക് ശേഷം ഒരു ദൃക്സാക്ഷി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറംലോകം അറിഞ്ഞത്. ഗതാഗതം സ്തംഭിച്ച റോഡിലൂടെ അക്രമിക്ക് പുറകേ കുതിക്കുന്ന പൊലീസിനെ വീഡിയോയിൽ കാണാം. പിന്നീട് ഇവർ ഇയാളെ ഇടിച്ച് തറയിൽ വീഴ്‌ത്തുന്നതും കാണാം. മാത്രമല്ല, നിരത്തിൽ പടരാൻ തുടങ്ങിയ അഗ്‌നി, പൊലീസുകാർ അണയ്ക്കുകയും ചെയ്തു.
പൊലീസ് സ്റ്റേഷന് മുന്നിലെ ഗ്ലാസ്സ് ഡോറിലേക്ക് വാഹനം ഇടിച്ചുകയറ്റിയശേഷം, കാറിൽ നിന്നിറങ്ങി നിരത്തിൽ പെട്രോൾ ഒഴിച്ച ഇയാളെ നിരത്തിന്റെ മറുഭാഗത്തുനിന്ന് ഓടിയെത്തിയ മറ്റൊരാൾ ഇടിച്ച് നിലത്തു വീഴ്‌ത്തിയതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തി. പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിനും മുൻപായിരുന്നു ഇത്. എന്നാൽ, അവിടെനിന്നും ചാടി എഴുന്നേറ്റ് തീ കൊളുത്താൻ അക്രമിക്ക് കഴിഞ്ഞു.
അക്രമി ആരാണെന്നോ, അക്രമോദ്ദേശം എന്താണെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബ്രിട്ടനിൽ മുളപൊട്ടിയ ഇസ്ലാമിക ഭീകരവാദത്തിന്റെ ബാക്കിപത്രമാണോ ഇതെന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവ സ്ഥലത്ത് കൂടിയവർക്കാർക്കും അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി ഇയാളുടെ ഫോട്ടോയോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടുമില്ല.