പത്തനംതിട്ട: കോവിഡ് നിയന്ത്രണംകാരണം ഭക്തർ അധികമായി എത്തില്ലെന്നതിനാൽ പമ്പയിലേക്ക് ചാർട്ടേഡ് ബസുമായി കെ.എസ്.ആർ.ടി.സി. 40 തീർത്ഥാടകർ ഒരുമിച്ച് ആവശ്യപ്പെടുകയോ നാല്പത് ടിക്കറ്റിന്റെ തുക നൽകുകയോ ചെയ്താൽ പമ്പയ്ക്ക് സർവീസ് അയയ്ക്കാനാണ് തീരുമാനം. മുൻപ് പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം, ചെങ്ങന്നൂർ ഡിപ്പോകൾ കേന്ദ്രീകരിച്ച് പമ്പ സർവീസുകൾ പ്രത്യേകമായി നടത്തിയിരുന്നു. ഒരു സർവീസിൽ യാത്രക്കാർ നിറയുമ്പോൾ അത് പുറപ്പെടുമായിരുന്നു. തൊട്ടുപിന്നാലെ അടുത്ത പമ്പ സർവീസ് സ്റ്റാൻഡിൽ പിടിക്കുമായിരുന്നു. ഇത്തവണ തീർത്ഥാടകരുടെ എണ്ണം കുറവായിരിക്കുമെന്നതിനാൽ മുൻവർഷങ്ങളിലെ രീതി പ്രായോഗികമാകില്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതരുടെ വിലയിരുത്തൽ.

40 യാത്രക്കാർ ആവശ്യപ്പെട്ടാൽ അവർ പറയുന്ന സ്ഥലത്തുനിന്ന് പമ്പയിലെത്തിക്കുന്ന രീതിയാണ് ആലോചിക്കുന്നത്. ദർശനത്തിന് എണ്ണം പരിമിതപ്പെടുത്തിയതോടെ ബസ്സ്റ്റാൻഡുകളിൽ മുൻവർഷത്തെപ്പോലെ തീർത്ഥാടകരുടെ തിരക്ക് ഉണ്ടാകാനിടയില്ല. കഴിഞ്ഞ സീസൺവരെ വൃശ്ചികം ഒന്നിന് ഏതാനും ദിവസംമുൻപ് കെ.എസ്.ആർ.ടി.സി. പമ്പ സർവീസുകൾ ആരംഭിക്കുമായിരുന്നു. ഇത്തവണ വൃശ്ചികം ഒന്നുമുതൽ സർവീസുകൾ തുടങ്ങിയാൽമതിയെന്നാണ് തീരുമാനം.

പമ്പ ഡിപ്പോയിലേക്കുള്ള സ്‌പെഷ്യൽ ഓഫീസറെയും സ്‌പെഷ്യൽ ഡ്യൂട്ടിക്കാരെയും ബുധനാഴ്ച തീരുമാനിച്ചു. കോവിഡ് കാലത്തെ പമ്പ സർവീസ് ജാഗ്രതയോടെ കൈകാര്യംചെയ്യണമെന്നാണ് നിർദ്ദേശം. പമ്പ സ്‌പെഷ്യൽ സർവീസുകൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാനും പദ്ധതിയുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട കളക്ടറേറ്റിൽ ചേരുന്ന അവലോകനയോഗത്തിൽ കെ.എസ്.ആർ.ടി.സി. പമ്പ സർവീസ് നടത്തിപ്പ് വിശദീകരിക്കും.