മുംബൈ: ബാങ്ക് ജീവനക്കാർക്ക് 15% ശമ്പളവർധന നൽകുന്ന 5 വർഷത്തെ കരാർ ഒപ്പുവച്ചു. 2017 നവംബർ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌ക്കരണം. 2022 ഒക്ടോബർ വരെയാണ് പുതിയ കരാറിനു പ്രാബല്യം. 2017 മുതലുള്ള കുടിശിക പണമായി അക്കൗണ്ടിലേക്കു കൈമാറും. ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) തമ്മിലാണ് കരാർ ഒപ്പുവച്ചത്. പുതിയ ശമ്പളം നൽകാൻ 7900 കോടി രൂപയുടെ അധികച്ചെലവ് കണക്കാക്കുന്നു.

35 ബാങ്കുകളിലെ എട്ട് ലക്ഷത്തോളം ജീവനക്കാർക്ക് വർധിപ്പിച്ച ശമ്പളം ലഭിക്കും. ഫാമിലിെപൻഷനിലെ സ്ലാബ് ഘടന ഒഴിവാക്കി, അത് എല്ലാവർക്കും 30 ശതമാനമാക്കി. ബാങ്കിങ് രംഗത്തെ മത്സരം കണക്കിലെടുത്ത് കാര്യക്ഷമത വർധിപ്പിക്കാനായി ജോലിയിലെ മികവിനനുസരിച്ച് ശമ്പളം തീരുമാനിക്കുന്ന രീതി ആദ്യമായി നടപ്പാക്കുമെന്ന് ഐബിഎ ചീഫ് എക്‌സിക്യൂട്ടീവ് സുനിൽ മേത്ത പറഞ്ഞു.

പെൻഷൻ പുനഃക്രമീകരണം സംബന്ധിച്ച ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാമെന്നു മാനേജ്‌മെന്റുകൾ സമ്മതിച്ചതായി കരാറിൽ ഒപ്പുവച്ച ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ അറിയിച്ചു. ശമ്പള പരിഷ്‌കരണ കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) അറിയിച്ചു. കേന്ദ്രത്തിന്റെ പുതിയ സാമ്പത്തിക നയം അടിച്ചേൽപിക്കുന്ന കരാർ ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാക്കും ബെഫി പറഞ്ഞു.