രു ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടർമാർക്കൊപ്പമോ ഒരുപക്ഷെ അതിലധികമോ പങ്ക് വഹിക്കുന്നവരാണ് നഴ്സുമാർ. എന്നിരുന്നാലും, സമൂഹത്തിൽ ഒരു ഡോക്ടർക്ക് ലഭിക്കുന്ന ബഹുമാനവും മറ്റ് ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. എന്തിനധികം, ഇവർ നൽകുന്ന സേവനവുമായി താരതമ്യം ചെയ്യുമ്പോൾ, ഇവർക്ക് ലഭിക്കുന്ന വരുമാനം പോലും തുലോം തുച്ഛമാണ്. എന്നിട്ടും, ആരോടും പരാതി പറയാതെ, ഈ കോവിഡ് കാലത്തും സ്വന്തം ജീവൻ പണയം വച്ചും ഇവർ മുന്നിട്ടറങ്ങി, മനുഷ്യകുലം മുച്ചോടെ മുടിഞ്ഞുപോകാതിരിക്കാൻ.

കൊറോണക്കാലത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് (ഐ സി എൻ) പുറത്തുവിട്ടിരിക്കുന്നത്. ലോകമാകമാനം 44 രാജ്യങ്ങളിലായി 1500 നഴ്സുമാരാണ് കൊറോണയോട് പൊരുതി വീരചരമം വരിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനിടെ മരണമടഞ്ഞ നഴ്സുമാരുടെ എണ്ണത്തിന് തുല്യമാണിതെന്ന് അറിയുമ്പോഴാണ് കോവിഡിന്റെ ഭീകരത പൂർണ്ണമായും മനസ്സിലാകുകയുള്ളു. ലോകത്തിലെ, കോവിഡ് ബാധയേറ്റ 195 രാജ്യങ്ങളിൽ വെറും 44 രാജ്യങ്ങളിൽ നിന്നു മാത്രം ലഭിച്ച കണക്കുകളാണിത് എന്നതുകൂടി ഓർക്കുക.

അതായത്, കോവിഡ് യുദ്ധത്തിൽ മരണമടഞ്ഞ നഴ്സുമാരുടെ യഥാർത്ഥ എണ്ണം പോലും ലഭ്യമല്ല എന്നർത്ഥം. ഈ തൊഴിലിനോടും, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരോടും കാണിക്കുന്ന അവഗണനയ്ക്ക് ഉത്തമോദാഹരണമാണിത്. ലോകത്തിലെ കോവിഡ് ബാധിതരിൽ ഏകദേശം 10% ആരോഗ്യ പ്രവർത്തകർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഏകദേശം 2.6% പേർ മരണമടഞ്ഞിട്ടുണ്ട്. ഇതനുസരിച്ച്, ലോകമാകമാനം ഏകദേശം 20,000 ത്തോളം നഴ്സുമാർ മരണമടഞ്ഞിട്ടുണ്ടാകാം എന്നാണ് ഐ സി എൻ അനുമാനിക്കുന്നത്. ചുരുക്കം പറഞ്ഞാൽ, ഒന്നാം ലോക മഹായുദ്ധത്തേക്കാൾ ഭീകരമായ സാഹചര്യം.

വിവിധ രാജ്യങ്ങളിൽ നിന്നും കൃത്യമായ കണക്കുകൾ ലഭിക്കാത്തതാണ് നഴ്സുമാർക്കിടയിലെ കോവിഡ് മരണത്തിന്റെ യഥാർത്ഥ സംഖ്യ പുറത്ത് വരാതിരിക്കാൻ കാരണം. 2020 മെയ്‌ മാസത്തിൽ തന്നെ, ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചെങ്കിലും, കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ലെന്ന് ഐ സി എൻ വക്താവ് അറിയിച്ചു.

ക്രിമിയൻ യുദ്ധകാലത്ത് ഇത്തരത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് അവ വിശകലനം ചെയ്യുന്നത് ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളേയും ക്ലിനിക്കൽ പ്രാക്ടീസുകളേയും മെച്ചപ്പെടുത്തുന്നതിൽ എത്രമാത്രം പങ്ക് വഹിച്ചു എന്ന് ഫ്ളോറൻസ് കാണിച്ചു തന്നിട്ടുണ്ട്. ഇന്നവർ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ, നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ജീവൻ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഭരണകൂടങ്ങളോട് വിളിച്ചു പറയുമായിരുന്നു. നല്ല വാക്കുകളും കരഘോഷങ്ങളുമെല്ലാം ആനന്ദദായകം തന്നെയാണ് എന്നാൽ അതിനൊപ്പം ഫലവത്തായ നടപടികളും സ്വീകരിക്കണം, ഐ സി എൻ വക്താവ് പറയുന്നു.

നഴ്സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഏറെ വെല്ലുവിളി ഉയർത്തിയ ഒരു കാലയളവാണ് കോവിഡ് പ്രതിസന്ധി. ഇതിൽ മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ നടത്തിയ ശ്രമത്തിൽ 64 രാജ്യങ്ങളിൽ നിന്നായി 1800 പേരുകൾ ലഭിച്ചതായി മെഡ്സ്‌കേപ്പ് അറിയിച്ചു. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഒരു 20 കാരനും ഏറ്റവും പ്രായം കൂടിയ ആൾ 99 വയസ്സുള്ള ഒരു വനിതാ നഴ്സുമാണ്.

അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ ചില രാഷ്ട്രങ്ങൾ, കോവിഡ് യുദ്ധത്തിൽ മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരെ ആദരിക്കാനും അവരുടെ സ്മരണ നിലനിർത്താനും ഉള്ള നടപടികളുമായി മുന്നോട്ട് വന്നെങ്കിലും, പകുതിയിലധികം രാജ്യങ്ങളിലും ഇവരുടെ സേവനം ബഹുമാനിക്കപ്പെടാതെ പോവുകയണ്. അവിടങ്ങളിലൊന്നും എത്ര അരോഗ്യപ്രവർത്തകർ കോവിഡിന് കീഴടങ്ങി മരണമടഞ്ഞു എന്നതിന്റെ കണക്കുകൾ പോലുമില്ലെന്ന അവസ്ഥയാണ്.

സ്വന്തം ജീവൻ രക്ഷിക്കാൻ, ഇവർ ഒരല്പം പുറകോട്ട് മാറിയിരുന്നെങ്കിൽ, കോവിഡെന്ന ദുരന്തം ഒരുപക്ഷെ ഈ ഭുമുഖത്ത് മനുഷ്യവംശത്തെ തന്നെ ബാക്കി വയ്ക്കില്ലായിരുന്നു. എന്നാൽ, അക്കാര്യം ചിന്തിക്കാൻ മനുഷ്യർ തയ്യാറാകുന്നില്ല, ഒപ്പം ഭരണകൂടങ്ങളും. ആദരവും ബഹുമാനവും ഒന്നും ലഭിച്ചില്ലെങ്കിലും, ഈ യുദ്ധത്തിൽ പങ്കെടുത്ത് വീരചരമമടയുന്ന ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ കണക്കുകളെങ്കിലും സൂക്ഷിക്കണം എന്നാണ് ഐ സി എൻ ആവശ്യപ്പെടുന്നത്.