കൊച്ചി: സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തെന്ന് നടൻ ദേവൻ. ഇടതുസർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ലബിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞത്. പിണറായി സർക്കാർ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങൾക്ക് മനസിലായി. പിണറായി അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തു. നിലവിലെ മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതൃത്വം താനുമായി ചർച്ച നടത്തിയെന്നും എന്നാൽ വ്യക്തിത്വം അടിയറ വെയ്ക്കാൻ തയാറല്ലാത്തതിനാൽ ബിജെപിയുടെ മുന്നണിയിൽ ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ല. എന്നാൽ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാർത്ഥികൾക്ക് പിന്തുണയും സഹായവും നൽകും. സംസ്ഥാനത്തെ മുന്നണികളിൽ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാർട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് പ്രശ്നമെന്നും ദേവൻ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തിൽ മത്സരിക്കും. നവകേരള പീപ്പിൾസ് പാർട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങിൽ നടത്തി. പാർട്ടി വൈസ് ചെയർമാൻ ജോസ് ഫ്രാൻസിസ്, സംസ്ഥാന കൗൺസിൽ അംഗം ഡോ. നിസാം, യൂത്ത് വിങ് പ്രസിഡണ്ട് അശോകൻ എന്നിവരും പങ്കെടുത്തു.

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കരട് പ്രകടന പത്രികയും നവകേരള പീപ്പിൾസ് പാർട്ടി പുറത്തിറക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള നിലവിലെ വിവാദ വിഷയങ്ങളും അഴിമതിക്കെതിരായ ജനനന്മ ലക്ഷ്യമാക്കിയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ നിലപാട് ശരിയല്ല. 'അമ്മ എന്ന സംഘടനാ ഇങ്ങനെ തന്നെ മുന്നോട് പോകും. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകൾ അനിവാര്യമാണെന്നും ദേവൻ ശ്രീനിവാസൻ പറഞ്ഞു.