കോട്ടയം: തോക്ക് ലൈസൻസ് പതുക്കാൻ താലൂക്ക് ഓഫിസിലെത്തിയ ആളുടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിന്റഖെ ഞെട്ടൽ ഇനിയും മിനി സിവിൽ സ്റ്റേഷനിൽ നിന്നും വിട്ടുമാറിയിട്ടില്ല. വൻ അപകടം തലനാരിഴയ്ക്ക് ഒഴിഞ്ഞു പോയെങ്കിലും തോക്ക് ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെള്ളകം മാടപ്പാട്ട് ബോബൻ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. കേസ് എടുത്തെങ്കിലും ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.

നിറതോക്ക് അശ്രദ്ധമായും മനുഷ്യജീവന് അപകടകരമായും ഉപയോഗിച്ചെന്നാണു കേസ്. തഹസിൽദാർ പി.ജെ.രാജേന്ദ്രബാബുവിന്റെ മൊഴി പ്രകാരമാണ് നടപടി. ഇദ്ദേഹം ഭരണങ്ങാനത്തെ ആർമറിയിൽ ഈ തോക്കും തിരകളും സറണ്ടർ ചെയ്തിരുന്നു. ഈസ്റ്റ് പൊലീസ് എസ്‌ഐ ശ്രീജിത്തും സംഘവും ബോബൻ തോമസുമായി ഇവിടെയെത്തി തോക്ക് കണ്ടെടുത്തു.

പിടിച്ചെടുത്ത തോക്ക് ബാലിസ്റ്റിക് വിഭാഗത്തിൽ അയച്ചു പരിശോധനാ റിപ്പോർട്ട് വാങ്ങി കോടതിയിൽ സമർപ്പിക്കും. ലൈസൻസ് റദ്ദാക്കാൻ എഡിഎമ്മിനു റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസിൽ തഹസിൽദാർ പി.ജി .രാജേന്ദ്രബാബുവിന്റെ മുറിക്കു പുറത്തു വച്ചാണു തോക്ക് പൊട്ടിയത്. മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസിന്റെ മുന്നിലെ വരാന്തയിൽ ഇന്നലെ 12നാണു സംഭവം. തെള്ളകം സ്വദേശിയുടെ പിസ്റ്റളിൽ നിന്നാണു വെടി പൊട്ടിയത്.

തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിന്റെ മുറിക്കു പുറത്ത് തോക്ക് പരിശോധിക്കുന്നതിനായി കാത്തുനിൽക്കുമ്പോഴാണു സംഭവം. ലൈസൻസ് സെക്?ഷനിലെ യുഡി ക്ലാർക്ക് സി.എ. അനീഷ്‌കുമാർ ഫയലുമായി തോക്കുടമയുടെ അടുത്തുണ്ടായിരുന്നു. ഇവർ ഇരുവരും നിന്നതിന്റെ എതിർ ഭാഗത്തേക്കാണു വെടിയുണ്ട പാഞ്ഞത്. വരാന്തയിലെ കോൺക്രീറ്റ് തൂണിന്റെ അരികു പൊട്ടിച്ച് വെടിയുണ്ട പുറത്തേക്കു പോയി. ശബ്ദം കേട്ട് മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകളിൽ നിന്നു ജീവനക്കാർ ഓടിയെത്തി. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതിന് ഉടമയ്ക്ക് എതിരെ കേസെടുത്തത്.

'ഏറെക്കാലമായി ഈ പിസ്റ്റൾ എടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ തോക്ക് സറണ്ടർ ചെയ്യണമെന്നതിനാലാണ് പുതുക്കുന്നതിനു അപേക്ഷ സമർപ്പിച്ചത്. തഹസിൽദാർ ഓഫിസിൽ പരിശോധനയ്ക്കു വേണ്ടി എത്തിച്ചപ്പോഴാണ് വെടിപൊട്ടിയത്. തിരയിടുന്ന അറയിൽ വെടിയുണ്ട ഉണ്ടായിരുന്നില്ല. എന്നാൽ ഒരു വെടിയുണ്ട തോക്കിന്റെ ചേംബറിൽ കിടന്നത് അറിഞ്ഞില്ല.' -ബോബൻ തോമസ്.