രോഗവ്യാപനത്തിന്റെ ശക്തി കുറയുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഇന്നലെ ഒരു ഇരുട്ടടി പോലെ കൊറോണയുടെ തേരോട്ടത്തിന്റെ ശക്തി വർദ്ധിച്ചത്. ഇന്നലെ മാത്രം ബ്രിട്ടനിൽ 33,470 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയിലേതിനേക്കാൾ 39 ശതമാനം കൂടുതലാണിത്. രണ്ടാം വരവ് ദൃശ്യമായതിൽ പിന്നെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. മാത്രമല്ല, കഴിഞ്ഞ ചില ദിവസങ്ങളിലായി, രോഗവ്യാപനം കുറയുന്നതിനിടയിലാണ് ഈ പെട്ടെന്നുണ്ടായ ഉയർച്ച.

മരണ നിരക്കും വർദ്ധിക്കുന്നു എന്നതാണ് കൂടുതൽ ഭയപ്പെടുത്തുന്ന കാര്യം. ഇന്നലെ 563 മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയിലേതിനേക്കാൾ 48.9 ശതമാനം കൂടുതലാണിത്. അനൗദ്യോഗിക കണക്കുകൾ കാണിച്ചിരുന്നത്, രണ്ടാം ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്നതിനു മുൻപ് തന്നെ രോഗവ്യാപനത്തിന്റെ ശക്തി കുറയാൻ തുടങ്ങി എന്നും നവംബർ അവസാനത്തോടെ ഇത് നിയന്ത്രണ വിധേയമാക്കാൻ കഴിയും എന്നായിരുന്നു.

രോഗവ്യാപനത്തിൽ പെട്ടൊന്നൊരു വർദ്ധനവ് ഉണ്ടായതിന്റെ കാരണം വിശദീകരിക്കാൻ പക്ഷെ ആരോഗ്യ വകുപ്പിനായിട്ടില്ല. ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി രോഗബാധ ഏറ്റവരും ഇക്കൂട്ടത്തിൽ ഉണ്ടായേക്കാം എന്നാണ് അവരുടേ അനൗദ്യോഗിക വിശദീകരണം. നവംബർ മുതൽ രോഗവ്യാപനത്തിൽ ഒരു കുറവ് ദർശിച്ചിരുന്നു. ഇതുകാരണം, രണ്ടാം ലോക്ക്ഡൗണിനെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. അനാവശ്യമായി ധൃതിപിടിച്ച് പ്രഖ്യാപിച്ചതാണ് രണ്ടാം ലോക്ക്ഡൗൺ എന്നതായിരുന്നു വിമർശനം. എന്നാൽ, ഇന്നലത്തെ കണക്കുകൾ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പൂർണ്ണമായും ന്യായീകരിക്കുകയാണ്.

എന്നാൽ, ഇന്നലത്തേത് ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചതായി മാത്രം കാണേണ്ടതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പൊതുവേ രോഗവ്യാപനം കുറയുക തന്നെയാണ്,. ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് 1 ന് താഴെ വന്നിട്ടുണ്ടെന്നും അവർ പറയുന്നു. 3 ടയർ നിയന്ത്രണങ്ങൾ ഫലവത്താണെന്നും അതിന്റെ ഫലമായാണ് നവംബർ മുതൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന ഉണ്ടാകാഞ്ഞതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇതിനെ പൂർണ്ണമായും തള്ളിക്കൊണ്ട് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞരും രംഗത്ത് എത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന പ്രവചനത്തിൽ പറഞ്ഞതുപോലെ ഭീകരമായ രോഗവ്യാപനം ഇല്ലെങ്കിലും, അത് വർദ്ധിക്കുക തന്നെയാണെന്നാണ് അവർ പറയുന്നത്. ഒരുപക്ഷെ ചില ദിവസങ്ങളിൽ പുതിയതായി രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് തികച്ചും സാങ്കേതികമായ ഒരു കാര്യം മാത്രമാണ് എന്നവർ ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ മേഖലകളിലേക്ക് രോഗം വ്യാപിക്കുകയാണ്. ഇതുതന്നെയാണ് ദേശീയ ലോക്ക്ഡൗൺ അനിവാര്യമാക്കിയതെന്നും വർ ചൂണ്ടിക്കാണിക്കുന്നു.

രണ്ടാം വരവിൽ കൊറോണ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ചെറുപ്പക്കാരെയാണ് എന്നതാണ് മറ്റൊരു കാര്യം. അതേസമയം, 80 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും ഇത് കൂടുതലായി വ്യാപിക്കുന്നത് അത്യന്തം ആശങ്കയുളവാക്കുന്നുണ്ട്. ശൈത്യകാലം വന്നെത്തിയതും രോഗവ്യാപനത്തിന് ശക്തിവർദ്ധിക്കാൻ ഇടയായിട്ടുണ്ട്. ചുരുക്കത്തിൽ, രണ്ടാം വരവിലും കൊറോണ തിമിർത്താടാൻ തുടങ്ങിയിരിക്കുകയാണ്. ബ്രിട്ടന്റെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് കൊറോണ താണ്ഡവം ആരംഭിച്ചിരിക്കുന്നു.