പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ ആയിരുന്നെങ്കിലും കൊറോണയെന്ന രാക്ഷസ വൈറസിന്റെ ക്രൂരമായ ചിത്രം ലോകം അറിഞ്ഞത് ഇറ്റലിയിൽ നിന്നും പുറത്തുവന്ന വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയും ആയിരുന്നു. ലോകത്തിന് കോവിഡ് 19 എന്ന മഹാവ്യാധിയുടെ ഭീകരത മുഴുവൻ മനസ്സിലാക്കി കൊടുത്ത ഇറ്റലി വീണ്ടും ആ പഴയ കരിദിനങ്ങളിലേക്ക് തിരിച്ചുപോവുകായാണെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. താത്ക്കാലിക ആശുപത്രിയിൽ ചികിത്സയ്ക്കുള്ള ഊഴവും കാത്ത് ശ്വാസംമുട്ടലോടൈരിക്കുന്ന രോഗികളുടെ ചിത്രം പുറത്തുവന്നതാണ് ഈ ആശങ്കയ്ക്ക് കാരണമായത്.

നേപ്പിൾസിലെ കാർഡറേലി ആശുപത്രിയിലെ ഏ & ഇ വെയ്റ്റിങ് റൂമിൽ ഇരുന്ന്, കോവിഡ് രോഗിയെന്ന് സംശയിക്കപ്പെടുന്ന ഒരാൾ ചിത്രീകരിച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഭയം വിതറിക്കൊണ്ട് തരംഗമാവുകയാണ്. നിരന്നു കിടക്കുന്ന അനേകരിൽ ആരൊക്കെ മരിച്ചു, ആർക്കൊക്കെ ജീവനുണ്ട് എന്ന്പോലും മനസ്സില്ലാക്കാൻ കഴിയുന്നില്ല എന്ന് വീഡിയോയിൽ അയാൾ പറയുന്നു. ഈ വീഡിയോയിലെ ദൃശ്യങ്ങളെ ശരി വയ്ക്കും വിധമായിരുന്നു ഈ മേഖലയിൽ നിന്നും വരുന്ന, വിദേശകാര്യ മന്ത്രി ല്യൂഗി ഡി മായോയുടെ പ്രതികരണം. നേപ്പിൾസിലും, കാമ്പാനിയയുടെ മിക്ക ഭാഗങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമായി എന്ന് അദ്ദേഹം സമ്മതിക്കുന്നു.

സിസിലി ദ്വീപിലെ മേയർ തിങ്കളാഴ്‌ച്ച പറഞ്ഞത്, തന്റെ സ്ഥലത്ത് രോഗവ്യാപനം ഇപ്പോഴത്തെ നിരക്കിൽ ഉയർന്നാൽ, ഒരു കൂട്ടക്കൊല അനിവാര്യമാകും എന്നായിരുന്നു. ഇറ്റലിയുടെ വടക്കൻ മേഖലകളിൽ താരതമ്യേന ഭേദപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ സിസിലി ദ്വീപ് ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ തീരെ അപര്യാപ്തമാണെന്ന് പറയാം.

ജനങ്ങളിലേക്ക് സത്യം എത്തിക്കുവാനാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് ആ വ്യക്തി പറയുന്നത്. ആശുപത്രിയിലെത്തി ഒരു സഹായം അഭ്യർത്ഥിച്ചപ്പോൾ അത് നൽകാൻ അവർ തയ്യാറായില്ല. സ്വന്തം കാര്യം സ്വയം നോക്കണമെന്നാണ് അവർ പറഞ്ഞത്. കോവിഡ് ബാധ സ്ഥിരീകരിച്ച് രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന ഈ വ്യക്തിക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. ശുചിമുറിയിൽ മരിച്ചുകിടക്കുന്ന മറ്റൊരാളുടെ ചിത്രം കാണിച്ചുകൊണ്ട്, ഇയാളും തന്നെപോലെ ചികിത്സയ്ക്കായി എത്തിയ വ്യക്തിയാണെന്നും സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും അയാൾ പറയുന്നു.

കൊറോണയുടെ ആദ്യവരവിൽ കാര്യമായ പരിക്കേൽക്കാതെ പിടിച്ചു നിന്ന തെക്കൻ മേഖലയിൽ ഇത്തവണ ഗുരുതരമായിരിക്കുകയാണ് സാഹചര്യം. രോഗവ്യാപനം വർദ്ധിക്കുകയും, ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ അപര്യാപ്തമാവുകയും ചെയ്തതോടെ, നിസ്സഹായരായി ജനങ്ങൾ മരണം വരിക്കേണ്ടുന്ന ഗതികേടിൽ എത്തി നിൽക്കുകയാണ്. ഇന്നലെ മാത്രം ഇറ്റലിയിൽ 37,978 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 636 കോവിഡ് മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി.