തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പ് തലസ്ഥാനത്ത് വ്യാപകമാകുന്നു. ഓൺലൈനായി ലാപ്ടോപ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് മൂന്ന് ലക്ഷത്തിൽ അധികം രൂപയാണ് നഷ്ടമായത്. ആലിബാബ വഴി ലാപ് ടോപ് ബുക്ക് ചെയ്ത ഐടി വിദഗ്ദനായ യുവാവിനാണ് പണം നഷ്ടമായത്. അമേരിക്കയിൽ നിന്ന് ലാപ്ടോപ് എത്തിച്ചുനൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്.

ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായ യുവാവ് കഴിഞ്ഞ മാസമാണ് ആലിബാബ വഴി ലാപ്ടോപ് ബുക്ക് ചെയ്തത്. ഇൻഫിനിറ്റി ഇലക്ട്രോണിക് വേൾഡാണ് ആലിബാബയിൽ ലാപ്ടോപിന്റെ വിതരണക്കാർ. ലാപ്‌ടോപ്പ് ലഭിക്കുന്നതിനായി 3,22000 രൂപയാണ് ആവശ്യപ്പെട്ടത്. വാട്സ്ആപ്പ് വഴി അയച്ചു നൽകിയ അക്കൗണ്ടിലേക്ക് പണം കൈമാറി. പിന്നീട് സംഘം കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.

തുടർന്ന് യുവാവ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സൈബർ ക്രൈം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വർക്ക് ഫ്രം ഹോമിലായിരുന്ന പല ഐടി ജീവനക്കാരും സമാനമായ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി.

സിയാമെൻ വിസെൽ ടെക്നോളജി, ടെയ്ലർ ഹോസ്റ്റ്, സെഞ്ചുറി ടെക്നോളജി, സിറ്റി ഇലക്ട്രോണിക്സ് പാക്കിസ്ഥാൻ തുടങ്ങി വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾക്കായി ആലിബാബ വഴി ബുക്ക് ചെയ്ത നിരവധി പേരാണ് തട്ടിപ്പിനിരയായത്. പലരും ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും പരാതി നൽകിയിട്ടില്ല. കമ്പനികളുടെ വിശ്വാസ്യത നോക്കി മാത്രം പണം നൽകണമെന്ന് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസിപി ടി. ശ്യാം ലാൽ അറിയിച്ചു.