- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവദാനം നടത്തിയത് സ്റ്റേറ്റ് ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതിയോട് കൂടി; സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ആസ്റ്റർ മെഡ്‌സിറ്റി
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിലെ രോഗിക്ക് തന്റെ ബന്ധു കരൾ ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാർ ഉന്നയിച്ച ആരോപണത്തിന് വിശദീകരണവുമായി ആശുപത്രി അധികൃതർ.
ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങൾ ദാനം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സനൽകുമാറിന്റെ ബന്ധുവായ സന്ധ്യ കരൾ ദാനം നടത്തിയതെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകൾ ഒപ്പമുണ്ടായിരുന്ന അമൃത ആശുപത്രിയിൽ നേഴ്‌സായ അവരുടെ മകൾ പിന്താങ്ങുകയും ചെയ്തതാണ്.
അവയവദാനം നിയമപരമാണെന്ന് ഉറപ്പാക്കേണ്ട അന്തിമ തീരുമാനം സംസ്ഥാന ഓതറൈസേഷൻ കമ്മിറ്റിക്കാണ്. അവർ അവയവദാനത്തിന് അനുമതി നൽകുന്നതിന് മുമ്പ് ദാതാവ്, അവരുടെ കുടുംബാംഗങ്ങൾ, സ്വീകർത്താവ്, സ്വീകർത്താവ് അവശനാണെങ്കിൽ അവരുടെ കുടംബാംഗങ്ങൾ എന്നിവരുമായി അഭിമുഖം നടത്തി ആവശ്യമായ സത്യവാങ്മൂലങ്ങൾ ശേഖരിച്ചതിന് ശേഷമാണ് അനുമതി നൽകുന്നത്. അഭിമുഖത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പുറമേ സന്ധ്യയുടെ സ്ഥലം എംഎൽഎ, ഡിവൈഎസ്‌പി, വില്ലേജ് അംഗം എന്നിവരുടെ കത്തുകൾ, കരൾദാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവയവദാനത്തിന് പകരമായി പണം സ്വീകരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് അറിയാമെന്നും വ്യക്തമാക്കുന്ന ദാതാവിന്റെയും മകളുടെയും ബന്ധുവിന്റെയും സത്യവാങ്മൂലം, സ്‌കൂൾ പ്രധാനാധ്യാപികയുടെ സ്വഭാവ സർട്ടിഫിക്കറ്റ്, ജോലി ചെയ്യുന്ന സ്ഥലത്തെ മേലധികാരിയുടെ ടെലിഫോണിലൂടെയുള്ള സ്ഥിരീകരണം, അവയവമാറ്റ നിയമത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ നിയമപരമായ രേഖകൾ, ദാതാവുമായുള്ള അഭിമുഖത്തിന് ശേഷം സ്റ്റേറ്റ് ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതിപത്രം തുടങ്ങി എല്ലാ രേഖകളും കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ശേഖരിച്ചിരുന്നു.
ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യാവലി പൂരിപ്പിക്കൽ, സാമൂഹ്യസേവകർ, ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ, സൈക്യാട്രിസ്റ്റ്, വൃക്കരോഗ വിദഗ്ധൻ എന്നിവരുമായുള്ള കൂടിക്കാഴ്ച, കുടുംബാംഗങ്ങളുമായുള്ള ഡോക്ടർമാരുടെ കൂടിക്കാഴ്ച, ദാതാവിന്റെ രക്ത പരിശോധന, സിടി സ്‌കാൻ, ഇക്കോ ടെസ്റ്റ്, ടിഎംടി, ലിവർ ബയോപ്‌സി, പൂർവകാല ആരോഗ്യരേഖകളുടെ പരിശോധന തുടങ്ങി അവയവദാനവുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് 2018 ഒക്ടോബർ 29-ന് സന്ധ്യയുടെ ശസ്ത്രക്രിയ നടന്നത്.നവംബർ 6-ന് ആശുപത്രി വിട്ടതിന് ശേഷം രണ്ട് തവണ തുടർ പരിശോധനകൾക്കായി എത്തിയ സന്ധ്യ പൂർണമായി സുഖം പ്രാപിച്ചിരുന്നു.
തന്നെ പലവിധത്തിൽ മുമ്പ് സഹായിച്ചിട്ടുള്ള കൂട്ടുകാരിയെ തിരിച്ച് സഹായിക്കാനുള്ള അവസരമായാണ് കരൾദാനത്തെ സന്ധ്യ കണ്ടത്. 45 വയസുകാരനായ കൂട്ടുകാരിയുടെ സഹോദരൻ ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് നാല് മാസമായി സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം കരളിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. കുടുംബാംഗങ്ങളിൽ യോജിച്ച ദാതാവിനെ കണ്ടെത്താനായിരുന്നില്ല. ഇത് കേട്ടറിഞ്ഞാണ് കരൾദാനത്തിന് സന്നദ്ധത അറിയിച്ച് 2018 സെപ്റ്റംബർ 28-ന് അമൃത ആശുപത്രിയിൽ നേഴ്‌സായ മകളോടൊപ്പം സന്ധ്യ ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിയത്. ഏക മകൾ മാത്രമായിരുന്ന സന്ധ്യയ്ക്ക് സഹായത്തിനായി അകന്ന ഒരു സഹോദരനും കൂടി ആശുപത്രിയിൽ എത്തിയിരുന്നു.
തിരുവനന്തപുരത്ത് ഒരു ഹോസ്റ്റലിൽ വാർഡനായി ജോലി ചെയ്യുകയായിരുന്ന സന്ധ്യ ഭർത്താവുമായി രണ്ട് വർഷം മുമ്പ് ബന്ധം വേർപിരിഞ്ഞിരുന്നു. 2006-ൽ വൃക്കകൾക്ക് ചെറിയ പ്രശ്‌നമുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തുമ്പോൾ യാതൊരു വിധ ചികിത്സയിലുമായിരുന്നില്ല. ഇത് കൂടാതെ നേരിയ തോതിൽ ഹൈപ്പോതൈറോയ്ഡിസവും ഉണ്ടായിരുന്നു. നെഫ്രോളജിസ്റ്റിന്റെ പരിശോധനയിൽ സന്ധ്യയുടെ വൃക്കകളുടെ പ്രവർത്തനം സാധാരണനിലയിലായിരുന്നു. എഫ് ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പോലെ അവർക്ക് യാതൊരുവിധ ഹൃദ്രോഗവും ഉണ്ടായിരുന്നില്ല. അവരിൽ നടത്തിയ ഇക്കോ, സ്‌ട്രെസ്സ് ടെസ്റ്റുകൾ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
കരൾദാനത്തിന് സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനൽകുമാർ ശശിധരന്റെ ആരോപണത്തെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും ഞങ്ങൾ അത്തരം ഒരു കാര്യത്തിലും ഭാഗഭാക്കായിരുന്നില്ലെന്നും വ്യക്തമാക്കുന്നു. ഇത്തരം ആരോപണങ്ങൾ അവയവദാനം എന്ന മഹത്തായ പ്രവർത്തിയെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും ഇത് അവയവം കാത്ത് അതീവഗുരുതരാവസ്ഥയിൽ കഴിയുന്ന നിരവധി രോഗികളുടെ ജീവിതം ദുരിതത്തിലാക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. സന്ധ്യയുടെ കരൾദാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ ഏത് അന്വേഷണത്തെയും ആസ്റ്റർ മെഡ്‌സിറ്റി സ്വാഗതം ചെയ്യുമെന്നും അറിയിക്കുന്നു.
ആസ്റ്റർ മെഡ്‌സിറ്റി സിഒഒ അമ്പിളി വിജയരാഘവൻ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ, കൺസൾട്ടന്റ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. മാത്യു ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.