- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്രുണാൽ പാണ്ഡ്യയുടെ ബാഗിൽ നിന്നും ഒരു കോടിയോളം വിലമതിക്കുന്ന നാലു വാച്ചുകൾ കണ്ടെത്തിയ സംഭവത്തിൽ തുടരന്വേഷണം കസ്റ്റംസിന്; നിയമം അറിയത്താത്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡിആർഐക്ക് മുന്നിൽ ഏറ്റുപറഞ്ഞ് താരം: ക്രുണാലിനെ വിട്ടയച്ചത് അർദ്ധരാത്രിയോടെ
മുംബൈ: ക്രിക്കറ്റ് താരം ക്രുണാൽ പാണ്ഡ്യയിൽനിന്ന് വിമാനത്താവളത്തിൽവച്ച് വിലപിടിപ്പുള്ള വാച്ചുകൾ പിടിച്ചെടുത്ത സംഭവത്തിൽ കസ്റ്റംസ് തുടരന്വേഷണം നടത്തും. കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെയാണ് ക്രുണാൽ ഇവ കൊണ്ടുവന്നത്. അതുകൊണ്ടതന്നെ തുടർനടപടികൾ കസ്റ്റംസ് സ്വീകരിക്കുമെന്ന് ക്രുണാലിനെ വിമാനത്താവളത്തിൽ തടഞ്ഞ് പരിശോധന നടത്തിയ ഡിആർഐ അറിയിച്ചു.
ഐപിഎൽ ഫൈനൽ മത്സരത്തിനു ശേഷം യുഎഇയിൽനിന്നും നാട്ടിലെത്തിയ താരത്തിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് വ്യാഴാഴ്ച വൈകിട്ട് ലക്ഷങ്ങൾ വിലമതിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ആഡംബര വാച്ചുകൾ പിടിച്ചെടുത്തത്. ഇതിന് കസ്റ്റംസ് തീരുവ അടച്ചതിന്റെ രേഖകൾ കാണിക്കാൻ താരത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് ചോദ്യം ചെയ്യലിനായി ഡിആർഐ കൊണ്ടു പോയത്.
മുംബൈ ഇന്ത്യൻസ് താരമായ ക്രുണാൽ പാണ്ഡ്യയെ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഡിആർഐ ഉദ്യോഗസ്ഥർ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞത്. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന നാല് വാച്ചുകളാണ് ക്രുണാലിന്റെ ബാഗേജിൽ ഉണ്ടായിരുന്നത്. ഇതിനു കസ്റ്റംസ് തീരുവ അടച്ചതിന്റെ രേഖകൾ നൽകാൻ ക്രുണാലിനു കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ വാച്ചുകൾ പിടിച്ചെടുത്ത ഡിആർഐ ക്രുണാലിനെ വിശദമായി ചോദ്യം ചെയ്യലിനായി കൊണ്ടു പോയി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കി ക്രുണാലിനെ വിട്ടയച്ചത്.
പിടിച്ചെടുച്ച വാച്ചുകൾ ഡിആർഐ കസ്റ്റംസിന് കൈമാറി. നിയമം അറിയത്താത്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇനി ആവർത്തിക്കില്ലെന്നും ക്രുണാൽ ഡിആർഐയെ അറിയിച്ചു. അർധരാത്രിയോടെയാണ് ക്രുണാലിനെ വിമാനത്താവളത്തിൽനിന്ന് പോകാൻ അനുവദിച്ചത്. പിടിച്ചെടുത്ത വാച്ചുകളുടെ മൂല്യനിർണയം കസ്റ്റംസ് പൂർത്തിയാക്കിയ ശേഷം എത്ര തുക പിഴ അടയ്ക്കണമെന്ന് അറിയിക്കും. 38 ശതമാനമാണ് സാധാരണഗതിയിൽ കസ്റ്റംസ് തീരുവ.
സമൂഹമാധ്യമങ്ങളിൽ ആഡംബര വാച്ചുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്തിരുന്ന ക്രുണാലിനെ ഡിആർഐ നിരീക്ഷിച്ചുവരുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഈ ഐപിഎൽ സീസണിൽ അത്ര തിളങ്ങാൻ സാധിക്കാതിരുന്ന ക്രുണാൽ, 12 ഇന്നിങ്‌സുകളിൽ ആകെ 109 റൺസ് മാത്രമാണ് നേടിയത്. ആറ് വിക്കറ്റും വീഴ്‌ത്തി. 2016ൽ മുംബൈ ഇന്ത്യൻസിലെത്തിയ ക്രുണാൽ, ഇതുവരെ 71 ഐപിഎൽ മത്സരങ്ങൾ കളിച്ചു.