കുറ്റിപ്പുറം: സർക്കാർ ഓഫീസുകളിലെ ഡ്രൈവർമാർക്ക് ഓഫിസുകളിൽ ഇരിപ്പിടമൊരുങ്ങുന്നു. മിക്ക ഓഫിസുകളിലും ഡ്രൈവർമാർക്ക് ഒഴിവു സമയത്ത് വാഹനളിൽത്തന്നെ വിശ്രമിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ അവർക്ക് ഓഫീസുകളിൽ ഇരിപ്പിടമൊരുക്കാൻ സർക്കാർ നിർദേശിച്ചു. കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷന്റെ നിവേദനം പരിഗണിച്ചാണ് ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്.

സർക്കാർ ഓഫീസുകളിലെ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അവരുടെ യൂണിഫോം, വാഹനത്തിന്റെ രേഖകൾ, ലോഗ്ബുക്ക് മുതലായവ സൂക്ഷിക്കുന്നതിനും ഒഴിവുസമയങ്ങളിൽ ഇരിക്കുന്നതിനും പല സർക്കാർ ഓഫീസുകളിലും സൗകര്യമുണ്ടായിരുന്നില്ല. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഡ്രൈവർമാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും അസൗകര്യമുണ്ടായിരുന്നു.

സർക്കാർ ഓഫീസുകളിൽ വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ തീരുമാനിച്ച സാഹചര്യംകൂടി പരിഗണിച്ചാണ് ഡ്രൈവർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് ജനറൽ സെക്രട്ടറി കെ. കൃഷ്ണകുമാർ പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഉചിതമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരിക്കുന്നത്.