കോട്ടയം: കോട്ടയം അതിരൂപത സഹായമെത്രാനായി ഗീവർഗീസ് റമ്പാൻ അഭിഷിക്തനായി. ഗീവർഗീസ് മാർ അപ്രേം എന്ന പേരിലാണ് ഇനി അദ്ദേഹം അറിയപ്പെടുക. ക്രിസ്തുരാജ കത്തീഡ്രലിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ചടങ്ങുകൾക്കു തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ സഹകാർമികരായി. മെത്രാനായി നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സിംഹാസനത്തിന്റെ കല്പന അതിരൂപതാ ചാൻസലർ റവ.ഡോ. ജോൺ ചേന്നാക്കുഴി വായിച്ചു.

ഒരുക്ക ശുശ്രൂഷയ്‌ക്കൊടുവിൽ കാർമികർക്കും വൈദികർക്കുമൊപ്പം നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിച്ചു. മെത്രാൻ പദവി സമ്മതിക്കുന്നതായി അറിയിച്ച്, കാർമികർക്കു മുൻപിൽ നമസ്‌കരിച്ചു മറുപടി നൽകി. കുർബാനമധ്യേ ആയിരുന്നു മെത്രാഭിഷേകച്ചടങ്ങുകൾ. പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചനപ്രഘോഷണം നടത്തി. പിന്നീട് നിയുക്ത ബിഷപ് സഭയുടെ വിശ്വാസപ്രമാണവും സത്യപ്രതിജ്ഞയും ഏറ്റുചൊല്ലി.

ത്രോണോസിന്റെ മുൻപിൽ മുട്ടിന്മേൽനിന്ന അദ്ദേഹത്തെ പ്രധാന കാർമികൻ കാപ്പകൊണ്ട് മറച്ച് ശിരസ്സിൽ മൂന്നുപ്രാവശ്യം കൈവച്ചു. തുടർന്ന് ശിരസ്സിനു മുകളിൽ വേദപുസ്തകം പിടിച്ച്‌നടത്തിയ പ്രാർത്ഥനയ്ക്കുശേഷം ഗീവർഗീസ് മാർ അപ്രേം എന്നപേര് നല്കി എപ്പിസ്‌കോപ്പാ ആയി ഉയർത്തി കൈവയ്പു പ്രാർത്ഥനയ്ക്കു ശേഷം സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. തുടർന്ന് ഗീവർഗീസ് മാർ അപ്രേമിനെ സിംഹാസനത്തിൽ ഇരുത്തി 'ഇവൻ യോഗ്യനാകുന്നു' എന്ന അർഥം വരുന്ന 'ഓക്‌സിയോസ്' 3 തവണ ചൊല്ലി മുകളിലേക്ക് ഉയർത്തി. ചടങ്ങു പൂർത്തീകരിച്ചതോടെ മാർ അപ്രേം സഹകാർമികനായി കുർബാന പൂർത്തിയാക്കി.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാനമധ്യേ സന്ദേശം നൽകി. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അനുമോദന സന്ദേശം നൽകി. ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, എബ്രഹാം മാർ ജൂലിയോസ്, മാർ ജോസഫ് പെരുന്തോട്ടം, കുറിയാക്കോസ് മാർ സേവേറിയോസ്, കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് തുടങ്ങിയവർ പങ്കെടുത്തു.