ചെന്നൈ: എട്ടുമാസത്തിന് ശേഷം ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് ചെന്നൈ പോയസ് ഗാർഡനിലെ വീടിനുമുന്നിൽ തടിച്ചു കൂടിയ ആരാധകരെ താരം കണ്ടത്. പ്രിയതാരത്തെ കാണാൻ തടിച്ചുകൂടിയിരുന്ന ആരാധകവൃന്ദത്തിന് നേർക്ക് കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തശേഷം അദ്ദേഹം മടങ്ങി.

കോവിഡ് നിയന്ത്രണങ്ങളേർപ്പെടുത്തിയതിൽപ്പിന്നെ ഇതാദ്യമായാണ് നടൻ പരസ്യമായി ആരാധകർക്ക് മുമ്പിലെത്തുന്നത്. മുഖാവരണം ധരിച്ചാണ് രജനി ആരാധകരെ കണ്ടത്. ആരാധകരെ അഭിവാദ്യം ചെയ്‌തെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. ആരവാഘോഷങ്ങളോടെയും താരത്തിന് ജയ് വിളിച്ചും ആരാധകർ വീടിനുമുന്നിൽ ഉത്സവപ്രതീതി സൃഷ്ടിച്ചു. പൊലീസ് ഇടപെട്ടാണ് ആളുകളെ പിരിച്ചുവിട്ടത്.

ആദ്യഘട്ട ലോക്ഡൗൺ ഏർപ്പെടുത്തിയ മാർച്ച് മുതൽ താരം വീട്ടിൽനിന്ന് പുറത്തുപോയിരുന്നില്ല. സിനിമാ ഷൂട്ടിങ് ഉൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്. ഇടയ്ക്ക് ചെങ്കൽപ്പെട്ട് ജില്ലയിലെ കേളമ്പാക്കത്തുള്ള ഫാംഹൗസിലേക്ക് താരം പോയത് വാർത്തയായിരുന്നു.ഇ-പാസ് ഇല്ലാതെയായിരുന്നു യാത്രന്നെന്ന് ആരോപണമുയർന്നെങ്കിലും പാസെടുത്തിരുന്നെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

ഇതല്ലാതെ കഴിഞ്ഞ എട്ടുമാസത്തിനിടയിൽ രജനീകാന്ത് പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആരോഗ്യകാരണങ്ങളാൽ കോവിഡിനോട് ജാഗ്രതവേണമെന്നാണ് രജനിയോട് ഡോക്ടർമാർ നിർദ്ദേശിശിച്ചിരിക്കുന്നത്. ഇതിനാൽ രാഷ്ട്രീയപ്രവേശം താരം ഉപേക്ഷിക്കുന്നുവെന്ന് അഭ്യൂഹങ്ങളുമുണ്ട്.