- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
27,000 രോഗികളും 468 മരണങ്ങളുമായി ഒരു ശനിയാഴ്‌ച്ച കൂടി; ഒന്നാം ഘട്ടത്തിന്റെ തനിയാവർത്തനവുമായി ബ്രിട്ടൻ; യു കെയിലെ ഭയാനകമായ കോവിഡ് മരണത്തിന്റെ കണക്ക് ഇങ്ങനെ
ത്രിതല നിയന്ത്രണങ്ങളും, ദേശീയ ലോക്ക്ഡൗണും ഒക്കെ പ്രഖ്യാപിച്ചിട്ടും ബ്രിട്ടനെ വിടാതെ പിന്തുടരുകയാണ് കൊറോണയെന്ന മഹാദുരന്തം. ഇന്നലെ 26,860 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 462 കോവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ബ്രിട്ടൻ കോവിഡിന്റെ ഒന്നാം വരവിലെ കരിദിനങ്ങളിലേക്ക് നടന്നടുക്കുകയാണെന്ന പ്രതീതിയാണെങ്ങും. അടുത്ത രണ്ടാഴ്‌ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ, ഒരുപക്ഷെ കുടുംബമൊത്ത് ക്രിസ്ത്മസ്സ് ആഘോഷിക്കാനാകാത്ത സാഹചര്യം വന്നേക്കാം എന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ശനിയാഴ്‌ച്ച ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 24,957 പുതിയ കേസുകളാണ്. അതായത് 7.6 ശതമാനത്തിന്റെ വർദ്ധനയാണ് ഈ ആഴ്‌ച്ച ദൃശ്യമായിരിക്കുന്നത്. നവംബർ ആദ്യ ആഴ്‌ച്ചയിൽ താരതമ്യേന വ്യത്യാസമില്ലാതെ തുടർന്ന് വ്യാപന നിരക്ക്, രണ്ടാം ആഴ്‌ച്ചയിൽ കുതിച്ചുകയറുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ഇതാണ്, ക്രിസ്ത്മസ്സ് ആഘോഷങ്ങൾക്കായി ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ കഴിയുമോ എന്ന ആശങ്കയുണർത്തുന്നത്. അടുത്ത രണ്ടാഴ്‌ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ ലോക്ക്ഡൗൺ നീട്ടുന്നത് ഒഴിവാക്കാൻ കഴിയും എന്നാണ് സർക്കാരിന്റെ ശാസ്തോപദേശക സമിതി അംഗങ്ങൾ പറയുന്നത്.
മാത്രമല്ല, ലോക്ക്ഡൗൺ ഉദ്ദേശിച്ച സമയത്ത് തന്നെ പിൻവലിക്കാൻ കഴിയുമോ എന്ന കാര്യം ഇപ്പോൾ പറയുക സാധ്യമല്ലെന്നും ശാസ്ത്രോപദേശക സമിതി അംഗം സൂസൻ മിഷെ പറയുന്നു. ലോക്ക്ഡൗൺ നീക്കി പകരം 3 ടയർ നിയന്ത്രണങ്ങളിൽ ഒതുക്കിയാൽ രോഗവ്യാപനം വർദ്ധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇനി വരുന്ന രണ്ടാഴ്‌ച്ചകൾ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ കാലയളവിൽ പൊതുസമൂഹത്തിന്റെ പെരുമാറ്റ രീതികളെ ആസ്പദമാക്കിയായിരിക്കും ഭാവിയിലെ കാര്യങ്ങൾ, അവർ കൂട്ടിച്ചേർത്തു.
വാക്സിൻ എത്താൻ പോകുന്നു എന്ന ചിന്ത, കോവിഡിനെ നിസ്സാരമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആകാതെ വാക്സിൻ വിപണിയിൽ ലഭ്യമാകില്ല, അതായത്, ഈ രണ്ടാം വരവിനെ ചെറുക്കാൻ വാക്സിൻ ലഭ്യമാകില്ല എന്നർത്ഥം. അതുകൊണ്ട്, ഇനിയുള്ള രണ്ടാഴ്‌ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക മാത്രമേ വഴിയുള്ളു.
അതേസമയം, 3 ടയർ നിയന്ത്രണങ്ങൾ എത്രമാത്രം ഫലവത്താണ് എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന വാദം ഉയരുമ്പോൾ, ശാസ്ത്രോപദേശക സമിതി അതിനെ ഖണ്ഡിക്കുകയാണ്. ലോക്ക്ഡൗൺ മാത്രമാണ് പ്രതിവിധി എന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആർ നിരക്കിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ലോക്ക്ഡൗണിലൂടെ നേടുന്ന നേട്ടം, പിന്നീട് വരുന്ന ഉത്സവകാലത്തെ ആഘോഷങ്ങൾ മൂലം ഇല്ലാതെയാകുമോ എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നൽകുന്നുമില്ല.