- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപക്കാഴ്ച്ചയിൽ തിളങ്ങി ലണ്ടൻ ട്രഫൽസ്ഗർ സ്ക്വയർ; എല്ലാ ഇംഗ്ലീഷ് നഗരങ്ങളും ദീപാവലി തെളിച്ചത്തിൽ വിളങ്ങി; പരമ്പരാഗത വസ്ത്രം അണിഞ്ഞ് മധുരം വിളമ്പി ഇന്ത്യാക്കാർ; കൊറോണക്കാലത്തും ബ്രിട്ടൻ ദീപാവലിയെ നെഞ്ചിലേറ്റിയതിങ്ങനെ
കൊറോണയെന്ന രാക്ഷസ വൈറസിനെ പൂർണ്ണമായും കീഴ്പ്പെടുത്തി, ഈ ഭൂമുഖത്ത് സമാധനപരമായ ഒരു ജീവിതം ഒരിക്കൽ കൂടി കൊണ്ടുവരാം എന്ന ശുഭപ്രതീക്ഷയോടെ ഇംഗ്ലീഷ് നഗരങ്ങളിൽ പ്രത്യാശയുടെ ദീപങ്ങൾ കണ്ണുതുറന്നു. തിന്മയുടെ മേൽ നന്മനേടിയ വിജയം ആഘോഷിക്കുവാൻ കോവിഡ് വിതച്ച ദുരിതങ്ങൾ ഒരു തടസ്സമായില്ല ബ്രിട്ടന്. വീഡിയോ കോളുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് ഈ കൊറോണക്കാലത്തും ദീപാവലി ആഘോഷമായി കൊണ്ടാടി.
ലണ്ടനിലെ ട്രഫൽഗർ ചത്വരം ദീപപ്രഭയിൽ ആടിനിൽക്കുന്ന അപൂർവ്വ കാഴ്‌ച്ച ലണ്ടൻ മേയർ സാദിഖ് ഖാനാണ് സമൂഹ മധ്യമങ്ങളിലൂടെ പങ്ക് വച്ചത്. ഹരിതവർണ്ണത്തിലുള്ള പ്രകാശം പൊതിഞ്ഞ നെല്ല്സൺ മണ്ഡേല കോളത്തിൽ എഴുതിവച്ച ദീപാവലി ആശംസകൾ കൂടുതൽ പ്രഭയോടെ ശോഭിക്കുന്നുണ്ടായിരുന്നു. വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് ലണ്ടൻ നിവാസികൾ എല്ലാവർഷവും ട്രഫൽഗർ ചത്വരത്തിൽ ദീപാവലി ആഘോഷത്തിനായി ഒത്തുചേരാറുണ്ടെന്നും, ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ട് മേയർ ഓർമ്മിച്ചു.
സാധാരണയുള്ളതുപോലെ എല്ലാവരുമൊത്ത് ആഘോഷിക്കാൻ ആകുന്നില്ലെങ്കിലും, നല്ലൊരു നാളെയെ കുറിച്ചുള്ള പ്രത്യാശ ട്രഫൽഗർ ചത്വരത്തിൽ തെളിയുന്നു എന്നും അദ്ദേഹം കുറിച്ചു. ലണ്ടനിലെ ടേറ്റ് ബ്രിട്ടൻ, തിളങ്ങുന്ന വിളക്കുകളുടെ പ്രഭയിൽ ഒരു നിയോൺ സാഗരമായി മാറി. പ്രശസ്ത ബ്രിട്ടീഷ് ലൈറ്റിങ് കലാകാരി ചില കുമാരി ബർമ്മന്റെ കൈവിരുതിലായിരുന്നു ഇത്. ഇക്കാര്യം അറിയിച്ചുകൊണ്ട്, ചിത്രങ്ങൾ സഹിതം ടേറ്റ് ബ്രിട്ടൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഹിന്ദു പുരാണങ്ങൾ, ബോളിവുഡ് കഥകൾ, സ്ത്രീ ശാക്തീകരണം, ഗൃഹാതുരത്വം എന്നിവയൊക്കെ ഈ പ്രകാശരൂപങ്ങൾക്ക് വിഷയമായി.
ഇന്ത്യൻ പരമ്പരാഗത ആഭരണക്കടകൾ ധാരാളമായുള്ള ലെസ്റ്ററിലെ ഗോൾഡൻ മൈലിലും ദീപാവലി ആശംസകൾ നേർന്നുകൊണ്ടുള്ള ബോർഡുകൾ മിഴിതുറന്ന് നിൽപ്പുണ്ടായിരുന്നു. കുടുംബത്തിന് പുറത്തുള്ള ആളുകളുമായി കൂടിച്ചേരുന്നത് നിരോധിച്ചിരിക്കുന്ന സമയത്ത്, വീഡിയോ കോളുകളിലൂടെയും മറ്റുമായിരുന്നു ഇക്കൊല്ലത്തെ ദീപാവലി ആഘോഷം. അന്ധകാരത്തെ തോൽപിച്ച പ്രകാശത്തെ ആഘോഷിക്കുന്ന ഉത്സവവേളയിൽ ഏവരിലും നല്ലൊരു നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് നിറയുന്നതെന്ന് എൻ എച്ച് എസ് ഡോക്ടറും ഗ്രന്ഥകാരനുമായ ഡോ. അമീർഖാൻ ട്വീറ്റ് ചെയ്തു.