- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിച്ച എം പിയുമായി കൂടിക്കാഴ്ച്ച; ബോറിസ് ജോൺസൺ സെൽഫ് ഐസൊലേഷനിൽ പോയി; ഒരിക്കൽ വന്നവർക്കും വീണ്ടും വരാമെന്ന നിർദ്ദേശം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഒറ്റക്കാക്കി
ഒരിക്കൽ കോവിഡ് ബാധിച്ച് സുഖപ്പെട്ടവർ ജീവിതകാലം മുഴുവൻ കോവിഡിൽ നിന്നും സുരക്ഷിതരൊന്നുമല്ല എന്ന് നിരവധി തവണ തെളിഞ്ഞിട്ടുള്ളതാണ്. ഈ സത്യം മനസ്സിലാക്കി തന്നെയാണ് കോവിഡ് ബാധിച്ച എം പിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനാൽ ബോറിസ് ജോൺസൺ സെൽഫ് ഐസൊലേഷനിലേക്ക് പോയത്. തനിക്ക് സുഖം തന്നെയാണെന്നും, ആരോഗ്യവാനാണെന്നും, ജോലി മുടക്കുകയില്ലെന്നും സെൽഫ് ഐസൊലേഷനിൽ പോകുമ്പോൾ അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച്ച, എം പി മാരുമായി 35 മിനിറ്റ് നീണ്ടുനിന്ന ഒരു യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അതിൽ പങ്കെടുത്ത എം പി ലീ ആൻഡേഴ്സണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബോറിസ് ജോൺസൺ സെൽഫ് ഐസൊലേഷനിലേക്ക് പോയത്.
ഇത്തരത്തിൽ ഒരു കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനാൽ സെൽഫ് ഐസൊലേഷനിൽ പോകുവാൻ എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനം തന്നോട് നിർദ്ദേശിക്കുകയായിരുന്നു എന്നും താൻ അത് അനുസരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ബോറിസ് ജോൺസൺ ഇപ്പോൾ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, സർക്കാരിന്റെ കോവിഡ് നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതിനാലാണ് അദ്ദേഹം ക്വാറന്റൈന് വിധേയനാകുന്നതെന്നും ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ മാർച്ച മാസത്തിൽ ഗുരുതരമായ കോവിഡ് ബാധയേ തുടർന്ന് ബോറിസ് ജോൺസണെ സെൻട്രൽ ലണ്ടനിലെ സെയിന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനാൽ, ഓക്സിജൻ ഉൾപ്പടെയുള്ള ജീവൻ സുരക്ഷാ ഉപാധികളോടെയായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. അന്ന്, ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെട്ട ആന്റിബോഡികൾ കാരണമാകാം, ഇപ്പോൾ തനിക്ക് പ്രത്യേകിച്ചൊരു ആരോഗ്യ പ്രശ്നം ഉണ്ടാകാത്തത് എന്ന് എം പിമാരുടെ ഒരു വാട്ട്സ്അപ് ഗ്രൂപ്പിൽ അദ്ദേഹം കുറിച്ചു. എന്നാലും നിയമമനുസരിച്ച് ക്വാറന്റൈനിൽ പോകുകയാണെന്നും അദ്ദേഹം ഗ്രൂപ്പിൽ അറിയിച്ചു.
ഒരിക്കൽ കോവിഡ് ബാധിച്ച് സുഖപ്പെട്ടാലും, വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ലോകമാകമാനമായി ഇത്തരത്തിലുള്ള അഞ്ചു കേസുകളെങ്കിലും എല്ലാ മാസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗബാധ ഉണ്ടായി സുഖം പ്രാപിച്ചവരിൽ ആന്റിബോഡികൾ വികാസം പ്രാപിക്കുന്നുണ്ടെന്നും ഇത് ശരീരത്തെ ഭാവിയിൽ പ്രതിരോധിക്കുമെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. എന്നാൽ, ഈ ആന്റിബോഡികൾ എത്രനാൾ കാര്യക്ഷമമായി പ്രവർത്തിക്കും എന്നത് വ്യക്തമായിട്ടില്ല.
രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെങ്കിലും, വൈറസ് ബാധ ഉള്ള വ്യക്തിയിൽ നിന്നും രോഗം പടരാം എന്നതിനാൽ, ബോറിസ് നമ്പർ 11 ഡൗണിങ് സ്ട്രീറ്റിലെ തന്റെ വാസസ്ഥലത്തേക്ക് പോകാതെ, നമ്പർ 10 ൽ തന്നെ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ കാമുകിയും, ആറ് മാസം പ്രായമുള്ള മകനും നമ്പർ 11 ലെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. ലീ ചെയിനിന്റെ രാജിയും തുടർന്ന് ഡൊമിനിക് കമ്മിങ്സ് പുറത്തേക്ക്എന്ന വാർത്തയുമൊക്കെ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന സമയത്ത് ബോറിസ് ജോൺസന്റെ രണ്ടാം ക്വാറന്റൈൻ തീർച്ചയായും ഒരു വലിയ പ്രശ്നം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
അതേസമയം, പ്രധാനമന്ത്രി തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. സ്വന്തം വീടിന് പുറത്തുള്ള ഒരാളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് നിരോധിച്ചിരിക്കുന്ന സമയത്ത്, സ്വന്തം വീടിന് വെളിയിൽ താമസിക്കുന്ന ഒരു എം പി യുമായി ബോറിസ് എങ്ങനെ സമ്പർക്കത്തിൽ ഏർപ്പെട്ടു എന്നാണ് ആരോപണം ഉന്നയിക്കുന്നവർ ചോദിക്കുന്നത്. എം പിയുമായി സാമൂഹിക അകലം പാലിക്കാതെ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നു എന്നാണ് ലേബർ എം പി ക്രിസ് ബ്രിയാന്റ് ട്വീറ്റ് ചെയ്ത് ചോദിച്ചത്.