ർദ്ധമനസോടെ ഭാഗികമായി തോൽവി സമ്മതിച്ച് കഴിഞ്ഞ ദിവസം വന്ന ട്രംപിന്റെ മനസ്സ് വീണ്ടും മാറിയിരിക്കുന്നു. താൻ തന്നെയാണ് തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന ട്വീറ്റുമായാണ് തിങ്കളാഴ്‌ച്ച രാവിലെ ട്രംപ് ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ എന്ന് സ്ഥാപിച്ചത്. അതേസമയം, ട്രംപിന് വേണ്ടി നിയമയുദ്ധം ആരംഭിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട അഭിഭാഷക സംഘം തങ്ങളുടെ മുൻ നിലപാടുകളിൽ നിന്നും പിന്നോട്ട് പോയിരിക്കുകയാണ്.

പെൻസിൽവാനിയ ഭരണകൂടത്തിനെതിരെ, വോട്ടുകൾ സർട്ടിഫൈ ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന നിയമജ്ഞർ, നിലപാട് മയപ്പെടുത്തി, തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് അപ്രാപ്യമായിരുന്ന വോട്ടുകൾ അസധുവാക്കണമെന്ന നിലപാടിലേക്ക് മാറി. ട്രംപിന്റെ അവകാശവാദങ്ങൾക്ക് വേണ്ടത്ര തെളിവുകളില്ലെന്നതിന്റെ തെളിവായി എതിരാളികൾ ഈ നിലപാട് മാറ്റത്തെ ചൂണ്ടിക്കാണിക്കുകയാണ്.

എന്നാൽ, നിലപാടിൽ മാറ്റമൊന്നും ഇല്ലെന്നും നിരീക്ഷകരെ വോട്ടെണ്ണുന്ന സ്ഥലത്തുനിന്നും ആറടിയോളം അകലത്തിൽ മാത്രം ഇരിക്കാൻ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നുമാണ് ട്രംപിന്റെ അനുയായികൾ പറയുന്നത്. എട്ടു മണിക്കൂറിനുള്ളിൽ രണ്ടു തവണയാണ് താനാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന ട്വീറ്റുമായി ട്രംപ് എത്തിയത്. അതേസമയം, ജയിച്ചത് ജോ ബൈഡനാണെന്നും, ചട്ടങ്ങൾക്ക് വിധേയമായി സുഗമമായ അധികാർക്കൈമാറ്റത്തിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് പ്രസിഡണ്ടിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓ ബ്രിയൻ രംഗത്തെത്തി.

ട്രംപിന്റെ വാദഗതികൾക്ക് വേണ്ടത്ര തെളിവുകളില്ലെന്ന് എഴുതിയ ഒരു മാധ്യമ പ്രവർത്തകനെ ട്രംപിന്റെ പേഴ്സണൽ അഭിഭാഷകനായ റൂഡി ഗിയിലാനി കൈകാര്യം ചെയ്തത് വിവാദമായിട്ടുണ്ട്. അതേസമയം, സുഗമമായ അധികാരകൈമാറ്റത്തിന് വിസമ്മതിക്കുന്ന ട്രംപിന്റെ നടപടി കൂടുതൽ കോവിഡ് മരണങ്ങൾക്ക് കാരണമായേക്കും എന്ന മുന്നറിയിപ്പുമായി ജോ ബൈഡനും രഗത്തെത്തി.

കോവിഡ് വ്യാപനം ശക്തമാകുന്ന അമേരിക്കയിൽ, സാമ്പത്തിക രംഗവും അതിഭീകരമായ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ഇതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുവാൻ ഇന്നലെ രാജ്യത്തെ സി ഇ ഒ മാരുമായും തൊഴിലാളി യൂണിയൻ നേതാക്കളുമായും ജോ ബൈഡൻ വെർച്ച്വൽ മീറ്റിങ് നടത്തുകയുണ്ടായി. ബൈഡന്റെ കോവിഡ് ഉപദേശക സമിതി അംഗം, രാജ്യത്ത് ലോക്ക്ഡൗൺ ആവശ്യമായി വന്നേക്കും എന്ന് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന മീറ്റിംഗിന് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ കല്പിക്കുന്നത്.

ഇതിനിടയിൽ, കോവിഡ് വാക്സിൻ ഗവേഷണം നടത്തിയിരുന്ന മൊഡേണ, തങ്ങളുടെ വാക്സിന് 95% രോഗവ്യാപനം തടയാനുള്ള കഴിവുണ്ടെന്ന അവകാശ വാദവുമായി മുന്നോട്ട് വന്നു. വിപുലമായ രീതിയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങൾ വിശകലനം ചെയ്തിട്ടാണ് ഈ അനുമാനത്തിൽ എത്തിയതെന്നും കമ്പനി അവകാശപ്പെട്ടു. ഏതായാലും, ഫൈസറിനു പുറകേ മൊഡേണയുടെ അവകാശവാദം കൂടി എത്തിയതോടെ അമേരിക്കയിൽ പ്രത്യാശയുടെ മുകുളങ്ങൾ വിരിഞ്ഞിട്ടുണ്ട്.

അടുത്തമാസം മുതൽ പ്രതിരോധ കുത്തിവയ്പ് ആരംഭിക്കാനാണ് ആലോചിക്കുന്നതെങ്കിലും അടുത്ത ശരത്ക്കാലം വരെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് തോന്നുന്നില്ല. അതായത്, ശൈത്യകാലത്തടക്കം പൂർണ്ണമായോ ഭാഗികമായോ ലോക്ക്ഡൗണുകൾ രാജ്യത്ത് ആവശ്യമായി വന്നേക്കാം. മുന്നിൽ ഇരുട്ട് മാത്രമുള്ള ഒരു ശൈത്യകാലത്തേക്കാണ് ഇപ്പോൾ അമേരിക്ക പോകുന്നതെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. വൈറസിനെ നിയന്ത്രിക്കുവാൻ എല്ലാ ശ്രമങ്ങളും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.