തെരഞ്ഞെടുപ്പിൽ തോറ്റിട്ടും, വരട്ടുവാദങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഡൊണാൾഡ് ട്രംപ് അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണെന്നതിൽ അദ്ദേഹത്തിന്റെ അനുയായികൾ ഒഴിച്ച് മറ്റാർക്കും സംശയമില്ല. അദ്ദേഹത്തിന്റെ അനുയായികളിൽ തന്നെ ചിലർ ഇപ്പോൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ട്രംപിന്റെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുൻ പ്രഥമ വനിത മിഷേൽ ഒബാമ രംഗത്തെത്തിയിരിക്കുന്നത്.

ജനവിധി മാനിച്ച് സുഗമമായ അധികാരകൈമാറ്റത്തിന് മുതിരാതെ, വിടുവായത്തം വിളമ്പി നടക്കുന്ന ട്രംപിന്റെ നടപടി തികച്ചും നാണംകെട്ട ഒന്നാണെന്ന് അവർ പറഞ്ഞു. മാത്രമല്ല, തികഞ്ഞ വംശീയവെറിയനായ ഡൊണാൾഡ് ട്രംപ് തന്റെ ഭർത്താവിനെ കുറിച്ച് നുണകൾ പ്രചരിപ്പിച്ചെന്നും തന്റെ കുടുംബത്തിന്റെ ജീവൻ പോലും അപകടത്തിലാക്കിയെന്നും അവർ ആരോപിച്ചു. അത് തനിക്ക് സഹിക്കാവുന്നതിലും, ക്ഷമിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നും, എന്നാലും രാജ്യത്തിന്റെ വിശാലമായ താത്പര്യം പരിഗണിച്ച്, അധികരകൈമാറ്റ സമയത്ത് താൻ പക്വതയോടെ പെരുമാറി എന്നും അവർ ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി.

രാജ്യതാത്പര്യം സംരക്ഷിക്കുവാനുള്ള ബാദ്ധ്യതയുണ്ടെന്ന വിചാരമാണ് പുതിയതായി വൈറ്റ്ഹൗസിലെത്തിയ മെലേനിയ ട്രംപിനെ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അവർ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ അവർക്ക് സ്വാഗതമോതിയ താൻ അവരുമായി വൈറ്റ്ഹൗസിലെ തന്റെ അനുഭവങ്ങൾ പങ്കുവച്ചെന്നും അവരുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും മിഷേൽ പറയുന്നു. പ്രഥമ വനിതക്കുള്ള സുരക്ഷാ സന്നാഹം മുതൽ, കുട്ടികളെ വൈറ്റ്ഹൗസിൽ വളർത്തുന്നതുവരെയുള്ള കാര്യങ്ങളിൽ അവരുടെ സംശയങ്ങൾ താൻ തീർത്തുകൊടുത്തു എന്നും മിഷേൽ പറയുന്നു.

രാജ്യത്തെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡണ്ടിനെതിരെ അദ്ദേഹത്തിന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർത്തിയത് ട്രംപായിരുന്നു. നാല് വർഷം മുൻപ് താൻ സജീവമായി പ്രചാരണം നടത്തിയ തന്റെ സ്ഥാനാർത്ഥി ഹിലാരി ക്ലിന്റൺ പരാജയമടഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. ഈ വർഷത്തേക്കാൾ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ട്രംപ് ജയിച്ചതെന്നും മിഷേൽ ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ വിജയ വാർത്ത അറിഞ്ഞ ഉടനെ തന്നെ, സുഗമമായ അധികാരക്കൈമാറ്റത്തിനുള്ള ഒരുക്കങ്ങൾ ഒബാമ ആരംഭിച്ചു എന്നും അവർ പറഞ്ഞു.

പിന്നെയും രണ്ടുമൂന്ന് ദിവസം കഴിഞ്ഞിട്ടാണ് മെലേനിയ ട്രംപ് വൈറ്റ്ഹൗസിൽ എത്തിയത്. അന്ന് താൻ തന്നെ മുന്നിട്ടിറങ്ങി അവരെ സ്വീകരിച്ചു. ഏതൊരു വ്യക്തിയുടെയും ഈഗോയേക്കാൾ വലുതാണ് ജനാധിപത്യബോധം. അത് അങ്ങനെയല്ലാതെയായി തീരുന്ന സമയത്ത് ജനാധിപത്യത്തിന് അപചയം സംഭവിക്കാൻ തുടങ്ങും. രാജ്യത്തിന്റെ പ്രസിഡണ്ട് പദവി എന്നത് ഏതെങ്കിലും ഒരു വ്യക്തിക്കോ ഒരു രാഷ്ട്രീയ പാർട്ടിക്കോ സ്വന്തമായ ഒന്നല്ല. മറിച്ച്, അത് ഒരു ജനതയുടെ സന്തമാണ്. ആ ജനങ്ങളുടെ പ്രതിനിധിയാണ് ആ കസേരയിൽ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ജനവികാരം മാനിച്ചേ മതിയാകൂ എന്നും അവർ കൂട്ടിച്ചേർത്തു.