രോഗ്യ രംഗത്ത് നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. അതുപോലെ ദിനംപ്രതി പുതിയപുതിയ കണ്ടുപിടുത്തങ്ങളും ഉണ്ടാകുന്നുണ്ട്. ഏറ്റവും പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്, ദിവസേന ഓരോ മുട്ടവീതം കഴിച്ചാൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 60% വരെ കൂടുതലാണെന്നാണ്. 8,545 മുതിർന്ന ചൈനാക്കാരിൽ ആസ്ട്രേലിയൻ ഗവേഷകർ നടത്തിയ പഠനത്തിലാണ് മുട്ടയുടെ അമിത ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.

മുട്ട,ഒരു പോഷകാഹാരം തന്നെയാണ്. മാത്രമല്ല, ബ്രിട്ടൻ ഉൾപ്പടെ പല രാജ്യങ്ങളിലും പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു പോഷകാഹാരമായാണ് മുട്ടയെ കണക്കാക്കുന്നതും. എന്നാൽ, അതിപ്പോൾ പ്രമേഹത്തെ സംബന്ധിച്ച് ഒരു പ്രശ്നക്കാരനെന്ന് തെളിഞ്ഞിരിക്കുകയാണ്. നേരത്തേ ചില പഠനങ്ങൾ തെളിയിച്ചത് മുട്ട കഴിക്കുന്നത് പ്രമേഹത്തെ തടയാൻ സഹായിക്കും എന്നായിരുന്നു. ഈ പുതിയ കണ്ടുപിടുത്തത്തോടെ ശാസ്ത്രലോകത്ത് ഒരു പുതിയ തർക്കം ഉടലെടുത്തിരിക്കുകയാണ്.

പുതിയ ഗവേഷണത്തിൽ കണ്ടെത്തിയത് ദിവസേന ഒരു മുട്ടവീതം പുഴുങ്ങിയോ, പൊരിച്ചോ, എങ്ങനെ കഴിച്ചാലും അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായ അവസ്ഥയിൽ എത്തിക്കും എന്നാണ്. മുട്ടയുടെ ഉപയോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം ചർച്ചചെയ്യുവാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള മുട്ടയുടെ ഉപയോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം ഇതുവരെ ഗവേഷണ വിഷയം ആയിരുന്നില്ല. മാത്രമല്ല, ഈ ഗവേഷണം നടത്തിയത് ചൈനീസ് വംശജരിലായിരുന്നു. പരമ്പരാഗത ഭക്ഷണത്തിൽ നിന്നും വ്യതിചലിച്ച് കൂടുതൽ പ്രൊസസ്സ്ഡ് ഭക്ഷണം ഉപയോഗിക്കുന്നവരിലായിരുന്നു ഇത് നടത്തിയത്.

1991 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ചൈനയിൽ മുട്ട കഴിക്കുന്നവരുടെ എണ്ണം ഇരട്ടിയായിരുന്നു. അതുപോലെ തന്നെ പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ ചെലവുകളും വർദ്ധിച്ചു. ഇതിൽ പങ്കെടുത്തവരുടെ മുട്ടയുടെ ഉപയോഗം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രമേഹം നിർണ്ണയിച്ചിരുന്നു. പ്രതിദിനം 38 ഗ്രാമിലധികം മുട്ട ദീർഘനാളത്തേക്ക് കഴിക്കുന്നത് 25% ആളുകളിൽ പ്രമേഹത്തിന്റെ സാധ്യത വർദ്ധിപ്പിച്ചു എന്ന് പഠനത്തിൽ കണ്ടെത്തി. അതേസമയം പ്രതിദിനം 50 ഗ്രാമോ അതിലധികമോ കഴിക്കുന്നവരിൽ പ്രമേഹത്തിന്റെ സാധ്യത 60% ആയിരുന്നു.

സ്ത്രീകളിലാണ് മുട്ട കൂടുതലായും പ്രമേഹത്തിന് കാരണമായത്. നേരത്തേ മറ്റൊരു പരീക്ഷണത്തിൽ സ്ഥിരമായി മുട്ട കഴിക്കുന്ന പുരുഷന്മാരിൽ ഒരു നിശ്ചിത ലിപിഡ് പ്രൊഫൈലിന്റെ സാന്നിദ്ധ്യം കണ്ടെത്തി. സാധാരണയായി പ്രമേഹം ഇല്ലാത്ത പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തേ പ്രതിദിനം ഒരു മുട്ട കഴിക്കുന്നത് പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്.