- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിസംബർ രണ്ടിനും ലോക്ക്ഡൗൺ പിൻവലിച്ചേക്കില്ല; കോവിഡിനെ നിയന്ത്രിച്ചില്ലെങ്കിൽ ക്രിസ്ത്മസ് വീടിനുള്ളിൽ അടച്ചു പൂട്ടിയെന്ന് സൂചന; മുന്നറിയിപ്പുമായി ബ്രിട്ടീഷ് സർക്കാർ
ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ എടുത്തുകളയുന്നതിനെ കുറിച്ച് ചിന്തിക്കാൻ മാത്രം രോഗവ്യാപനം കുറഞ്ഞിട്ടില്ല എന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ വെളിപ്പെടുത്തിയത്. ഡിസംബർ 2 ന് ലോക്ക്ഡൗൺ പിൻവലിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ രോഗ ബാധ സ്ഥിരീകരിക്കുന്ന മിക്കവർക്കും, ലോക്ക്ഡൗണിന് മുൻപായി രോഗബാധ ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ ഫലവത്താണെങ്കിൽ, അടുത്ത ആഴ്‌ച്ച മുതൽ രോഗവ്യാപനത്തിൽ കാര്യമായ കുറവ് ദർശിക്കാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രോഗവ്യാപനത്തിൽ നേരിയ ഒരു വർദ്ധനവ് മാത്രമാണ് ഉണ്ടായതെന്നത് പ്രത്യാശയ്ക്ക് വഴി നൽകുന്നു എന്നാണ് ഈ രംഗത്തെ വിദഗ്ദരും പറയുന്നത്. മാത്രമല്ല, വാക്സിന്റെ അഞ്ച് ദശലക്ഷം ഡോസുകൾ ബ്രിട്ടൻ വാങ്ങിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
അടുത്ത മാസം മുതൽ, ലോക്ക്ഡൗണിന് പകരമായി ടയർ തലത്തിലെ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്ന പ്രത്യാശ പ്രകടിപ്പിച്ച ഹാൻകോക്ക് പക്ഷെ, ക്രിസ്ത്മസ്സിനു മുൻപായി നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ല. അതേസമയം നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഡിസംബർ 2 ന് അവസാനിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. അതുകഴിഞ്ഞ് എന്ത് സംഭവിക്കുമെന്നത് അപ്പോൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 2 ന് നിയന്ത്രണങ്ങൾ പിൻവലിക്കാനാവുമെന്ന വിശ്വാസം പ്രകടിപ്പിക്കുമ്പോഴും, പ്രതീക്ഷിച്ചതുപോലെ രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ, ലോക്ക്ഡൗൺ പിന്നെയും നീട്ടാൻ സർക്കർ ബാദ്ധ്യസ്ഥരാകും. അത് തീർച്ചയായും ഭരണകക്ഷിക്കുള്ളിൽ ഒരു കലാപം സൃഷ്ടിക്കും എന്നതിൽ സംശയമൊന്നുമില്ല. ഇപ്പോൾ തന്നെ പല എം പിമാരും ദേശീയ ലോക്ക്ഡൗണിന് എതിരാണ്.
അഥവാ, ദേശീയ ലോക്ക്ഡൗൺ പിൻവലിച്ചാലും 3 ടയർ നിയന്ത്രണങ്ങൾ നിലനിൽക്കും എന്നുതന്നെയാണ് കരുതപ്പെടുന്നത്. ഇതിൽ ടയർ 1 തലത്തിൽ മാത്രമാണ് വ്യത്യസ്ത കുടുംബങ്ങൾ തമ്മിലുള്ളവർ കൂടിച്ചേരുന്നത് അനുവദിക്കുന്നത്. എന്നാൽ, ടയർ 1 തലത്തിലുള്ള നിയന്ത്രണങ്ങൾ കോവിഡിനെ ചെറുക്കുന്നതിൽ ഫലവത്തല്ല എന്ന് തെളിഞ്ഞിരിക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. അതായത്, ലോക്ക്ഡൗൺ പിൻവലിച്ചാലും ടയർ 2, ടയർ 3 നിയന്ത്രണങ്ങൾ തുടർന്നേക്കും എന്ന് സാരം.
ലോക്ക്ഡൗൺ പിൻവലിച്ച് ടയർ 2, ടയർ 3 നിയന്ത്രണങ്ങൽ തുടർന്നാലും ഈ വർഷത്തെ ക്രിസ്ത്മസ്സ് ആഘോഷം വീടുകൾക്കുള്ളിൽ അടച്ചുപൂട്ടിയിരുന്നാകും. ഇതിനിടയിൽ അഞ്ച് ദശലക്ഷം ഡോസ് വാക്സിൻ വാങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തി. 90 ശതമാനം ഫലം ഉറപ്പുതരുന്ന ഫൈസറിന്റെ വാക്സിനാണ് വാങ്ങിയത്. 95 ശതമാനം ഫലം ഉറപ്പു നൽകുന്ന മോഡേണയുടെ വാക്സിൻ വാങ്ങുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതാണ് താരതമ്യേന വില കുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമായ വാക്സിൻ.