- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്; അസ്വസ്ഥത തോന്നിയതോടെ രണ്ടരയോടെ ആശുപത്രിയിലേക്കും: നാമനിർദ്ദേശ പത്രിക ഇന്ന് നൽകാനിരിക്കെ പാവറട്ടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
തൃശൂർ: പാവറട്ടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. പാവറട്ടി പഞ്ചായത്തിലെ പതിനാലാം വാർഡിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സുനിൽ ചെറാട്ടിയാണ്(49) മരിച്ചത്. നാമനിർദ്ദേശ പത്രിക ഇന്ന് നൽകാനിരിക്കെയാണ് അപ്രതീക്ഷിതമായി സുനിലിനെ മരണം തട്ടിയെടുത്തത്.
സുനിൽ ഇന്നലെ ഉച്ചവരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡിലെ വീടുകൾ തോറും കയറി ഇറങ്ങിയിരുന്നു. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് രണ്ടരയോടെ പ്രചരണം നിർത്തിവെച്ചു. തുടർന്ന് ഗുരുവായൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചു. സംസ്‌കാരം ഇന്ന് നടക്കും.
പുതുമനഃശേരി ചെറാട്ടി വീട്ടിൽ ചെറിയയ്യപ്പന്റെയും നീലിക്കുട്ടിയുടെയും മകനാണ്. കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയായിരുന്നു. ദലിത് ഫ്രണ്ടിന്റെ ജില്ല സെക്രട്ടറിയും ഐക്യ വേട്ടുവ മഹാസഭ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന സുനിൽ തൃശൂർ സ്പീഡ് പോസ്റ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. ഭാര്യ പ്രിയ. മക്കൾ: ദീപക്, ദേവിക, ദീപ്തി.