രോഗവ്യാപനം കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ഇന്നലെയും ബ്രിട്ടനിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് ദൃശ്യമായി. കഴിഞ്ഞ ആഴ്‌ച്ച ഇതേ ദിവസത്തേക്കാൾ 1.7 ശതമാനത്തിന്റെ കുറവാണ് ഈയാഴ്‌ച്ച ദൃശ്യമായത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച 20,412 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഇന്നലെ 20,051 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിങ്കളാഴ്‌ച്ച 21,363 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നതുകൂടി ഓർക്കണം.

അതേസമയം, കോവിഡ് മരണനിരക്കിൽ തുടർച്ചയായി വർദ്ധനവ് ദൃശ്യമാവുകയാണ്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച 532 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഇന്നലെ രേഖപ്പെടുത്തിയത് 598 കോവിഡ് മരണങ്ങളാണ്. 12.4 ശതമാനത്തിന്റെ വർദ്ധനയാണ് മരണനിരക്കിൽ ദൃശ്യമാകുന്നത്. മെയ്‌ 12 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക് കൂടിയാണ് ഇന്നലത്തേത്. ഇതോടെ ഔദ്യോഗിക കണക്ക് പ്രകാരം, ഇതുവരെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 52,745 ആയി. എന്നാൽ ബ്രിട്ടനിലെ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസികളുടെ കണക്ക് പ്രകാരം ഇതുവരെ 68,000 പേരെങ്കിലും കോവിഡിന് കീഴടങ്ങി മരണം വരിച്ചിട്ടുണ്ട്.

ഈ പുതിയ കണക്കുകൾ പുറത്തുവന്നതോടെ ക്രിസ്ത്മസ്സ് ആഘോഷം വീണ്ടും അനിശ്ചിതത്ത്വത്തിൽ ആയിരിക്കുകയാണ്. ക്രിസ്ത്മസ്സ് കാലത്തെക്കുകൂടി ലോക്ക്ഡൗൺ നീളുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ബ്രിട്ടീഷുകാർ. ഒരുപക്ഷെ, നേരത്തേ പറഞ്ഞതുപോലെ ഡിസംബർ 2 ന് ലോക്ക്ഡൗൺ അവസാനിച്ചാലും കൂടുതൽ കർശനമായ ടയർ 4 നിയന്ത്രണങ്ങൾ ബ്രിട്ടന്റെ പല ഭാഗങ്ങളിലും നിലവിൽ വരുവാനുള്ള സാധ്യതയുണ്ട്. വീടുകൾക്കുള്ളിൽ ഒത്തു ചേരുന്നതും മദ്യ സത്കാരവുമൊക്കെ ഇത്തരം നിയന്ത്രണങ്ങളിൽ അനുവദനീയമല്ല.

ലോക്ക്ഡൗൺ നീക്കിയാലും, ടയർ നിയത്രണങ്ങൾ കൂടുതൽ കർശനമാക്കും എന്നുതന്നെയാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ എന്തെങ്കിലും വ്യക്തമായ ചിത്രം നൽകുവാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിസമ്മതിച്ചു. ഇന്നലെ ഉച്ചയ്ക്ക് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ എന്തെങ്കിലും തീരുമാനമെടുക്കാനുള്ള സമയമായിട്ടില്ലെന്നും, ഇനിയും കാത്തിരുന്ന്, ലോക്ക്ഡൗണിന്റെ ഫലം വിലയിരുത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏതെങ്കിലും നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമായി പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒതുക്കാതെ, ഒരു മേഖല പൂർണ്ണമായും പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതാകും ഡിസംബർ 2 ന് ശേഷം അഭികാമ്യമായത് എന്ന വാദവും ഉയർന്നിട്ടുണ്ട്. ഇത് രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളിൽ അത് കനക്കുന്നത് തടയാതെ സൂക്ഷിക്കും. നിർദ്ദേശങ്ങൾ പലതും വരുന്നുണ്ടെങ്കിലും, ദേശീയ ലോക്ക്ഡൗൺ എന്ന് അവസാനിക്കും എന്നതിനെ കുറിച്ച് വ്യക്തത ഇനിയും കൈവന്നിട്ടില്ല.

അതേസമയം ഭരണകക്ഷി എം പിമാരിൽ നിന്നുപോലും ബോറിസ് ജോൺസണ് സമ്മർദ്ദം ഏറുന്നുണ്ട്. ഉത്സവകാലത്തിനു മുന്നോടിയായി നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നായി ഉയരുന്നുണ്ട്. റൂൾ ഓഫ് സിക്സിൽ നിന്നും 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തിയാർജ്ജിക്കുന്നുണ്ട്.