കുമളി: തേക്കടിയിൽ സഞ്ചാരികളുടെ തിരക്കേറിയതോടെ എല്ലാ ബോട്ട് സർവീസുകളും പുനരാരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബോട്ട് സർവീസുകൾ നിർത്തിവെച്ച ശഏഷം ഇതുവരെ മൂന്ന് ബോട്ടുകളാണ് ഘട്ടം ഘട്ടമായി സർവീസ് തുടങ്ങിയത്. എന്നാൽ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ സർവീസുകളും പുനരാരംഭിച്ചു.

രാവിലെ 7.30, 9.30, 11.15, 1.30, 3.30 എന്നിങ്ങനെ 5 ട്രിപ്പുകളാണ് തേക്കടിയിൽ ബോട്ട് സർവീസ് ഉണ്ടാകുക. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ നേരത്തേ രാവിലെ 9.30നും വൈകിട്ട് 3.30നുമുള്ള സർവീസുകൾ പുനരാരംഭിച്ചിരുന്നു. സഞ്ചാരികൾ കൂടുതൽ എത്താൻ തുടങ്ങിയതോടെ മൂന്ന് സർവീസുകളായി എണ്ണം കൂട്ടി. കഴിഞ്ഞയാഴ്ച 7.30, 11.15, 3.30 എന്നിങ്ങനെയായി സർവീസുകളുടെ എണ്ണം പുനഃക്രമീകരിച്ചിരുന്നു. ഇതാണ് ഇന്നു മുതൽ 5 ട്രിപ്പുകളായി ഉയർത്തുന്നത്.

ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കൂടുതലായി എത്താൻ തുടങ്ങിയതാണ് തേക്കടിക്ക് ഉണർവേകിയത്.385 രൂപയാണ് ബോട്ടിങ്ങിന്റെ ടിക്കറ്റ് വില. തേക്കടിയിലേക്കുള്ള പ്രവേശന ഫീസും വനം വകുപ്പിന്റെ ബസ് ചാർജും കൂടെ 100 രൂപ വേറെയും നൽകണം. 10 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശനമില്ല.ബോട്ട് ടിക്കറ്റ് ലഭ്യതയനുസരിച്ചു മാത്രമേ സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കൂ.