- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൈ ഫ്രണ്ട് മോദിക്ക് പിന്നാലെ മൈ ബെസ്റ്റ് ഫ്രണ്ട് നേതന്യാഹുവും ട്രംപിനെ കൈവിട്ടു; ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് ഇസ്രയേലി പ്രസിഡണ്ടും; ഇനി ട്രംപിന്റെ പരാജയം ആംഗീകരിക്കാനുള്ള ഫ്രണ്ടുമാരിൽ ബാക്കി റഷ്യയും ബ്രസീലും മെക്സിക്കോയും മാത്രം
ട്രംപ് ഇനിയും തന്റെ പരാജയം അംഗീകരിച്ചിട്ടില്ലെങ്കിലും ലോക രാഷ്ട്രങ്ങൾ അത് അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോൾ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹുവും ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒരല്പം വൈകിയാണെങ്കിലും, ഇസ്രയേലും ബൈഡന്റെ വിജയം അംഗീകരിച്ചതോടെ ട്രംപ് കൂടുതൽ ഒറ്റപ്പെടുകയാണ്.
പ്രസിഡണ്ടായിരുന്ന നാല് വർഷവും ട്രംപിനൊപ്പം ഒരുമിച്ചു നിന്നു പ്രവർത്തിച്ച ഇസ്രയേലി പ്രധാനമന്ത്രി കൂടി ബൈഡനെ അഭിനന്ദിച്ചതോടെ ഇനിയിപ്പോൾ റഷ്യ, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ മാത്രമാണ് ബൈഡനേയും കമലയേയും അവരുടെ വിജയത്തിൽ അഭിനന്ദിക്കാൻ ബാക്കിയുള്ളത്. ബൈഡനെ വിളിച്ച് അഭിനന്ദിച്ച കാര്യം നേതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചതായി റോയിറ്റേഴ്സ് പറഞ്ഞു. ഇരു നേതാക്കളും സൗഹൃദപരമായ സംഭാഷണത്തിൽ ഏർപ്പെട്ടു എന്നും അവർ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുവാൻ, ഇനിയും തീരുമാനിക്കപ്പെടേണ്ട പലകാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ടെന്നും അതിനായി എത്രയും പെട്ടെന്ന് ഇരു നേതാക്കളും തമ്മിൽ ഒരു കൂടിക്കാഴ്‌ച്ച നടത്തുവാൻ അവർ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ പ്രസിഡണ്ട് ഋയൂവെൻ റിവ്ലിനുമായും ബൈഡൻ സംസാരിച്ചു. ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയതായും ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനത്തിൽ ബൈഡനെ അമേരിക്കൻ പ്രസിഡണ്ട് എന്ന് നേതന്യാഹു വിളിച്ചിരുന്നു,. നിയുക്ത പ്രസിഡണ്ട് എന്ന് ഉടനെ തിരുത്തിയെങ്കിലും ഈ വാക്കുകൾ ചില വിവാദങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്തിരുന്നു. ഇന്നലെ വരെ, താൻ തന്നെയാണ് തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് ട്രംപ് ട്വീറ്ററിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ വാദത്തെ ലോക നേതാക്കൾ അംഗീകരിക്കുന്നില്ല എന്നാണ് നേതന്യാഹുവിന്റെ ഫോൺ വിളി തെളിയിക്കുന്നത്. ട്രംപിന്റെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ, നമുക്ക് ഇവിടെത്തന്നെ നിരവധി രാഷ്ട്രീയ കാര്യങ്ങൾ ഉണ്ടെന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്.
കാനഡ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ബ്രിട്ടൻ, ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെല്ലാവരും തന്നെ ഇതിനോടകം ബൈഡനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ട്രംപും നരേന്ദ്രമോദിയുമായുള്ള സൗഹൃദത്തിന്റെ പശ്ച്ചാത്തലത്തിൽ വേണം ഈ നടപടിയെ കാണുവാൻ. കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങുന്നതിനു മുൻപായി ട്രംപ് നടത്തിയ ഏറ്റവും അവസാനത്തെ വിദേശയാത്ര ഇന്ത്യയിലേക്കായിരുന്നു.
സൗത്ത് ആഫ്രിക്കൻ പ്രസിഡണ്ട് സിറിൽ രാമഫോസയുമായും ചിലി പ്രസിഡണ്ട് സെബാസ്റ്റ്യൻ പിനേറയുമായും ബൈഡൻ നേരത്തേ സംസാരിച്ചിരുന്നു. അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്ക പ്രസിഡണ്ടായ ബൈഡൻ പോപ്പ് ഫ്രാൻസിസുമായും സംസാരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ