ഴിഞ്ഞ ഏപ്രിലിലെ കോവിഡ് മൂർദ്ധന്യഘട്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന മരണനിരക്കാണ് ഇന്നലെ ഇറ്റലിയിൽ രേഖപ്പെടുത്തിയത്. 731 കോവിഡ് മരണങ്ങൾ ഇന്നലെ രേഖപ്പെറ്റുത്റ്റിയപ്പോൾ 32, 191 പുതിയ കേസുകളും രേഖപ്പെടുത്തപ്പെട്ടു. രോഗവ്യാപനത്തിലും മരണനിരക്കിലും അഭൂതപൂർവ്വമായ വർദ്ധനവാണ് ഇറ്റലിയിൽ ഉണ്ടായത്. കൊറോണയുടെ ആദ്യവരവിൽ ഏറ്റവുമധികം ദുരന്തങ്ങളേറ്റുവാങ്ങിയ രാജ്യങ്ങളിലൊന്നായിരുന്നു. ഇറ്റലി. അതേ സാഹചര്യം വീണ്ടും ആവർത്തിക്കും എന്ന നിലയാണിപ്പോൾ ഉള്ളത്.

യൂറോപ്പിൽ കൊറോണ ആക്രമിച്ച ആദ്യ രാജ്യമാണ് ഇറ്റലി. 46,464 പേരാണ് അന്ന് ഇവിടെ കോവിഡിന് കീഴടങ്ങി മരണത്തെ വരിച്ചത്. ബ്രിട്ടനു താഴെ രണ്ടാം സ്ഥാനമാണ് ഇറ്റലിക്കുള്ളത്.ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മിലാൻ ഉൾപ്പെടുന്ന വടക്കൻ മേഖലയായ ലൊംബാർഡിയിലായിരുന്നു കോവിഡ് ശക്തമായിവ്യാപിച്ചത്. ഇപ്പോഴും ഇതേ മേഖലതന്നെയാണ് ഏറ്റവുമധികം കോവിഡ് ബാധിച്ചതും. ചൊവ്വാഴ്‌ച്ച ഇവിടെനിന്നു മാത്രം 8,448 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

യുദ്ധമുഖങ്ങളിൽ ആരോഗ്യ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് പരിചയമുള്ള ആരോഗ്യസംരക്ഷ രംഗത്തെ വിദഗ്ദരെ കൂടുതൽ സഹായത്തിനായി സർക്കാർ സമീപിച്ചിട്ടുണ്ട്. താരതമ്യേന ദുർബലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുള്ളതെക്കൻ മേഖലകളിലായിരിക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക.

അതേസമയം ഫ്രാൻസിലും സാഹചര്യം ഗുരുതരമാണ്. നേരത്തേ ഡിസംബർ 2 വരെ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഫ്രാൻസിൽ, ഈ തീയതിക്ക് ശേഷവും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടുവാനുള്ള സാധ്യത ഉയര്ന്നു വന്നിട്ടുണ്ട്. ഒക്ടോബർ 30 ന് പ്രാബല്യത്തിൽ വന്ന ലോക്ക്ഡൗൺ എന്ന് അവസാനിക്കും എന്ന് കൃത്യമായി പറയാനാവില്ലെന്നാണ് ആരോഗ്യ മന്ത്രി ഒലീവിയർ വേരൻ ഇന്നലെ പറഞ്ഞത്.

രണ്ടാം വരവിലെ മൂർദ്ധന്യഘട്ടം ഫ്രാൻസ് തരണം ചെയ്തുകഴിഞ്ഞു എന്ന് വേരാൻ ഞായറാഴ്‌ച്ച പറഞ്ഞിരുന്നു. എന്നാൽ, അതിനു വിപരീതമായാണ് ലോക്ക്ഡൗൺ നീട്ടുന്നതിലെ അനിശ്ചിതാവസ്ഥ പറയുന്നത്. കഴിഞ്ഞ ഒരാഴ്‌ച്ചയായി രോഗവ്യാപനത്തിന്റെ വേഗതയ്ക്ക് അല്പം ശമനം കാണുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണാധീനമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ തിങ്കളാഴ്‌ച്ച് 9,406 പുതിയ കേസുകളാണ് ഫ്രാൻസിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിലേ എറ്റവും കുറഞ്ഞ നിരക്കാണിത്.

പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ് കാണുന്നുണ്ടെങ്കിലും, ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നത് ഫ്രഞ്ച് ഭരണകൂടത്തെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ലോകത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനമാണ് ഇപ്പോൾ ഫ്രാൻസിനുള്ളത്. ആശുപത്രികളിൽ തിരക്ക് വർദ്ധിക്കുന്നത് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

അതേസമയം ലോക്ക്ഡൗൺ പ്രഖ്യാപിച്ച ബ്രിട്ടനിലും അത് പിൻവലിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ലോക്ക്ഡൗൺ പിൻവലിച്ചാലും, കൂടുതൽ കർശന നിയന്ത്രണങ്ങൾ ഉള്ള ടയർ 4 നിയന്ത്രണങ്ങൾ പലഭാഗത്തും നിലവിൽ വന്നേക്കാം എന്നാണ് സൂചനകൾ. ഈ വർഷത്തെ ക്രിസ്ത്മസ്സ് ആഘോഷം വീടിനുള്ളിൽ ഒറ്റക്ക് ചെലവഴിക്കേണ്ടി വരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.