- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
20,000 ത്തിൽ തഴെ രോഗികളും 529 മരണവും പ്രതീക്ഷ നൽകുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ; ക്രിസ്ത്മസ്സിനു മുൻപ് നിയന്ത്രണങ്ങൾ നീക്കാൻ കഴിഞ്ഞേക്കും; 5 ദിവസത്തെ ഇളവ് 25 ദിവസത്തെ നിയന്ത്രണത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പും
കോവിഡ് ബാധ 15 ശതമാനവും മരണനിരക്ക് 11 ശതമാനവും താഴ്ന്നതോടെ ക്രിസ്ത്മസ്സിനു മുൻപായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യാനാകുമെന്ന പ്രതീക്ഷ ഉയർന്നു. ഈ വരുന്ന ഉത്സവകാലത്ത് ബ്രിട്ടീഷുകാർ കുടുംബാംഗങ്ങളോടൊത്തും സുഹൃത്തുക്കളോടൊത്തും ആഘോഷത്തിൽ ആറാടണമെന്നതിനാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ഇന്നലെ 19,609 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 529 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിവാര ശരാശരികളിൽ വരുന്ന കുറവ്, ലോക്ക്ഡൗൺ ഫലവത്താകുന്നു എന്നാണ് കാണിക്കുന്നത്.ലോക്ക്ഡൗണിന് മുന്നോടിയായി ജനങ്ങൾ പബ്ബുകളിലും മറ്റും കൂട്ടം കൂടി ആഘോഷിച്ചതായിരുന്നു, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്‌ച്ചകളിൽ രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കിയതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. അതിനുശേഷം ഇപ്പോൾ രോഗവ്യാപനത്തിൽ കാര്യമായ കുറവ് കാണപ്പെടുന്നുണ്ട്.
അതിനിടയിൽ, ലോക്ക്ഡൗൺ പിൻവലിക്കേണ്ട സാഹചര്യം ഉണ്ടായില്ലെങ്കിൽ കൂടി ഡിസംബർ 24 മുതൽ 28 വരെ പ്രത്യേക ഫാമിലി ബബിളുകൾ രൂപീകരിച്ച്, ക്രിസ്ത്മസ്സ് ആഘോഷ വേളയിൽ കുടുംബാംഗങ്ങൾ തമ്മിൽ ഒത്തുചേരാനുള്ള അവസരമൊരുക്കുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, ഇത്തരമൊരു നടപടി ആത്മഹത്യാപരമായിരിക്കും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. രോഗവ്യാപനം നിയന്ത്രണാധീനമാകുന്നതിനു മുൻപായി ലോക്ക്ഡൗണിൽ അഞ്ച്ദിവസത്തെ ഇളവ് നൽകിയാൽ ലോക്ക്ഡൗൺ പിന്നെയും 25 ദിവസത്തേക്കെങ്കിലും നീട്ടേണ്ടതായി വന്നേക്കാം എന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഈ വർഷത്തെ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ ഉപേക്ഷിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ ക്രിസ്ത്മസ്സ് ആഘോഷം പതിവു രീതിയിൽ തന്നെ നടത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇതിനായി, ഡിസംബർ ആദ്യ വാരം എത്തുമ്പോഴേക്കും രോഗവ്യാപനം കാര്യമായി കുറയ്ക്കാൻ കഴിയണം. അതിനെ ആസ്പദമാക്കി മാത്രമെ ഭാവി തീരുമാനങ്ങൾ എടുക്കാനാകു എന്നും അവർ വ്യക്തമാക്കുന്നു.
അതേസമയം ടയർ 3 നിയന്ത്രണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ മുതിർന്ന ഡോക്ടറായ ഡോ. സൂസൻ ഹോപ്കിൻസ് പറഞ്ഞു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ കാരണം ഇംഗ്ലണ്ടിലെ മൂന്ന് മേഖലകളിലെ രോഗവ്യാപനം പിടിച്ചുകെട്ടാനായിട്ടുണ്ട്. കൊറോണയുടെ രണ്ടാംവരവിൽ ഇംഗ്ലണ്ടിന്റെ എപ്പിസെന്ററായ നോർത്ത്വെസ്റ്റിൽ ഒക്ടോബർ 26 ലെ കണക്ക് പ്രകാരം പ്രതിദിനം 308.4 രോഗികളാണ് കോവിഡിന് ചികിത്സതേടി ആശുപത്രികളിൽ എത്തിയിരുന്നതെങ്കിൽ നവംബർ 12 ലെ കണക്ക് പ്രകാരം അത് 267.1 രോഗികൾ മാത്രമാണ്.
ഇതുപോലെ മിഡ്ലാൻഡ്സിലും നോർത്ത് ഈസ്റ്റിലും രോഗവ്യാപനതോത് കാര്യക്ഷമമായി കുറച്ചുകൊണ്ടുവരാൻ ടയർ 3 നിയന്ത്രണങ്ങൾക്കായിട്ടുണ്ട്. സർക്കാരിന്റെ വാദത്തിന് വിപരീതമായി, ദേശീയ ലോക്ക്ഡൗൺ മാത്രമല്ല രോഗവ്യാപനം തടയുന്നതിനുള്ള ഏക മാർഗ്ഗം എന്നാണ് ഇത് തെളിയിക്കുന്നത്. 3 ടയർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ശേഷം, അതിന്റെ ഫലം അറിയുവാനായി കാത്തു നിൽക്കാതെ സർക്കാർ ധൃതിപിടിച്ച് ലോക്ക്ഡൗണിലേക്ക് നീങ്ങുകയായിരുന്നു എന്ന വാദത്തിന് ഇതോടെ ശക്തി കൂടിയിട്ടുണ്ട്.