- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇന്നലെ; ഒറ്റദിവസം ലോകത്തുകൊറോണയ്ക്ക് കീഴടങ്ങിയത് 10,816 പേർ; മറികടന്നത് നവംബർ നാലിലെ റെക്കോർഡ്; 11 ദശലക്ഷം രോഗികളും രണ്ട് ലക്ഷം മരണവുമായി കോവിഡ് റെക്കോർഡുമായി അമേരിക്ക; കോവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വർഷമാവുമ്പോൾ ലോകത്തിന്റെ സ്ഥിതി ഭയാനകം
കൊറോണയെന്ന രാക്ഷസ വൈറസ്, ഭൂമിയിൽ തന്റെ താണ്ഡവം ആരംഭിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത് ഏറ്റവുമധികം ആളുകളെ കൊന്ന് കൊലവിളിച്ചുകൊണ്ടായിരുന്നു. ഇന്നലെ ഒരു ദിവസം മാത്രം ലോകത്താകമാനമായി 10,816 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. വുഹാനിൽ പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ഇക്കഴിഞ്ഞ നവംബർ 4 ന് രേഖപ്പെടുത്തിയ 10,733 മരണങ്ങളായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്.
കോവിഡ് ഏറ്റവുമധികം ദുരന്തം വിതച്ചത് അമേരിക്കയിൽ തന്നെയാണ്. 11 ദശലക്ഷത്തിലധികം രോഗികളും രണ്ടരലക്ഷത്തോളം മരണങ്ങളുമായി അമേരിക്ക തന്നെയാണ് ദുരന്തപട്ടികയിൽ ഒന്നാം സ്ഥാനത്ത്. പ്രതിദിന മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നിൽ ലോകത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ 12 കോവിഡ് മരണങ്ങളിലും ഒന്ന് സംഭവിക്കുന്നത് അമേരിക്കയിലാണ്.
1,66,699 മരണങ്ങളുമായി ബ്രസീൽ കോവിഡ് ദുരന്തപ്പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ 1,30,993 മരണങ്ങളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഈ മൂന്ന് രാജ്യങ്ങളിൽ മാത്രമാണ് ഒരു ലക്ഷത്തിലേറെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുപോലെ 50,000 ത്തിൽ അധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏക യൂറോപ്യൻ രാജ്യം ബ്രിട്ടൻ ആണ്. 46,464 മരണങ്ങളുമായി ഇറ്റലി രണ്ടാം സ്ഥാനത്തും 46,273 മരണങ്ങളുമായി ഫ്രാൻസ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
അതേസമയം 2 ദശലക്ഷം കോവിഡ് രോഗികളെന്ന നാഴികക്കല്ല് താണ്ടുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു ഫ്രാൻസിൽ രോഗികളുടെ എണ്ണം 2 ദശലക്ഷത്തിൽ അധികമായത്. കോവിഡിന്റെ തേരോട്ടം ആരാലും തടയാനാകാതെ തുടരുമ്പോൾ, ലോകത്താകമാനം സമ്പദ്വ്യവസ്ഥ തകരുകയാണ്. ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. ഹോസ്പിറ്റാലിറ്റി മേഖലയും വ്യോമയാന മേഖലയും ഉൾപ്പടെ പല വ്യവസായ മേഖലകളും സർവ്വനാശത്തിനടുത്തെത്തി നിൽക്കുന്നു.
രോഗവ്യാപനം തടയുവാനുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മറ്റും സാധാരണ ജീവിതത്തെ പലവിധത്തിലും വിപരീതമായി സ്വാധീനിച്ചിട്ടുണ്ട്. ആകെ താറുമാറായ സാമൂഹിക ജീവിതം മനുഷ്യരെ കൂടുതൽ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഇത് മാനസികാരോഗ്യത്തേയും വിപരീതമായി ബാധിച്ചിട്ടുണ്ട്. ഒഴിവുകാലങ്ങൾ ആസ്വദിക്കാതെ, ഉത്സവങ്ങൾ ആഘോഷിക്കാതെ, തീർത്തും ഒറ്റപ്പെട്ട ജീവിതവുമായി മനുഷ്യൻ മുന്നോട്ട് പോവുകയാണ്. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളേയും ബാധിച്ച ഈ ദുരന്തം ഇനിയുമെത്രനാൾ എന്ന ചോദ്യം പക്ഷെ, ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിനിൽക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ