ലണ്ടൻ: ലണ്ടനിൽ ആപ്പിൾ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ച് മോഷ്ടാക്കൾ. എഫോൺ മുതൽ ആപ്പിൽ വാച്ചുകൾ വരെയുള്ള 6.6 മില്യൺ ഡോളർ(ഏകദേശം 48,98,17,020 രൂപ) വിലവരുന്ന ആപ്പിൾ ഉല്പന്നങ്ങളാണ് നഷ്ടമായത്. നോർത്താംപ്റ്റൺഷയറിലെ എംവൺ മോട്ടോർവേയിൽ നവംബർ പത്തിനാണ് സംഭവം.

ട്രക്ക് കൊള്ളയടിക്കാൻ നേരത്തെ തന്നെ പദ്ധതിയിട്ട കള്ളന്മാർ ഡ്രൈവറേയും സുരക്ഷാജീനക്കാരനേയും കെട്ടി ഹൈവേയിൽ തള്ളി ട്രക്കുമായി കടന്നുകളയുകയായിരുന്നു. ട്രക്കിനെ തൊട്ടടുത്തുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിച്ച ശേഷം ഉല്പന്നങ്ങൾ മറ്റൊരു ട്രക്കിലേക്ക് മാറ്റി ലട്ടർവർത്തിലെ മറ്റൊരു നഗരത്തിലെത്തിച്ച ശേഷം വീണ്ടും മോഷ്ടാക്കൾ വാഹനം മാറ്റി. അതിനാൽ തന്നെ മോഷ്ടാക്കളെ കുറിച്ച് ഒരു സൂചനയും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

ഡ്രൈവറുടെയും സുരക്ഷാ ജീവനക്കാരന്റെയും കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് മോഷണം. കൊള്ളക്കായി ഇവർ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. ഡ്രൈവറേയും സുരക്ഷാജീവനക്കാരനേയും ഉപദ്രവിച്ചിട്ടില്ല. ഇരുവരുടേയും കൈകാലുകൾ കെട്ടാനുള്ള ശ്രമത്തിനിടയിൽ ഇരുവർക്കും നേരിയ തോതിൽ പരിക്കേറ്റു. മോഷ്ടാക്കളെ പിടികൂടാൻ ജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

നവംബർ പത്തിന് രാത്രി ഏഴിനും എട്ടിനും ഇടയിൽ ഇതുവഴി കടന്നുപോയ വാഹനങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവരോ, വാഹനങ്ങൾ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവരോ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ അസ്വാഭാവിക സാഹചര്യങ്ങളിൽ ആപ്പിൾ ഉല്പന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളവരോ, വിലകുറച്ച് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളവരോ ഉണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ആപ്പിൾ തയ്യാറായില്ല.