തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. 1425 സർക്കാർ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോൾ കോവിഡ് പരിശോധനാ സൗകര്യമുള്ളത്. 57 ലാബുകളിൽ ആർ.ടി.പി.സി.ആർ, 31 ലാബുകളിൽ സിബി നാറ്റ്, 68 ലാബുകളിൽ ട്രൂനാറ്റ്, 1957 ലാബുകളിൽ ആന്റിജൻ എന്നീ പരിശോധനകളാണ് നടത്തുന്നത്. കോവിഡ് റിപ്പോർട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴ എൻഐവിയിൽ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോൾ സംസ്ഥാനം മുഴുവൻ ലഭ്യമാണ്. ഇതുവരെ സംസ്ഥാനത്ത് 56 ലക്ഷത്തിലധികം പരിശോധനകളാണ് ആകെ നടത്തിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം 73,000ന് മുകളിൽ വരെ ഉയർത്തിയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ വർധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തിൽ 100ന് താഴെ മാത്രമുണ്ടായിരുന്ന പ്രതിദിന പരിശോധനകൾ രോഗ വ്യാപന തോതനുസരിച്ചാണ് എണ്ണം ഘട്ടം ഘട്ടമായി 70,000ന് മുകളിൽ ഉയർത്തിയത്. ടെസ്റ്റ് പരിശോധയുടെ കാര്യത്തിൽ ടെസ്റ്റ് പർ മില്യൺ ബൈ കേസ് പർ മില്യൻ എന്ന ശാസ്ത്രീയ മാർഗമാണ് കേരളം അവലംബിച്ചത്. പരിശോധനാ കിറ്റുകൾ തീർന്ന് മറ്റുപല സ്ഥലങ്ങളും പ്രതിസന്ധിയിലായപ്പോഴും പരിശോധനകളുടെ കാര്യത്തിൽ വളരെ കരുതലോടെയാണ് കേരളത്തിൽ ആരോഗ്യ വകുപ്പ് മുന്നോട്ട് പോയത്. 30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകൾ കെ.എം.എസ്.സി.എൽ. മുഖേന നേരത്തെ ലഭ്യമാക്കിക്കൊണ്ടിരുന്നു. അതിനാൽ തന്നെ പരിശോധനാ കിറ്റുകൾക്ക് ഒരു ഘട്ടത്തിലും ക്ഷാമം നേരിട്ടില്ല.

സ്വകാര്യ ലാബുകൾക്ക് കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകുകയും സർക്കാർ നിരക്ക് നിശ്ചയിക്കുകയും ചെയ്തു. പിന്നീട് ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായതോടെ പരിശോധനാ നിരക്കുകൾ ഒക്ടോബർ മാസത്തോടെ കുറച്ചു. ഇപ്പോൾ 24 സർക്കാർ ലാബുകളിലും 33 സ്വകാര്യ ലാബുകളിലുമാണ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്. ആലപ്പുഴ എൻ.ഐ.വി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, പബ്ലിക് ഹെൽത്ത് ലാബ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം, കോട്ടയം ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച്, മലബാർ ക്യാൻസർ സെന്റർ, കാസർഗോഡ് സെന്റർ യൂണിവേഴ്സിറ്റി, മഞ്ചേരി മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം മെഡിക്കൽ കോളേജ്, കണ്ണൂർ മെഡിക്കൽ കോളേജ്, പാലക്കാട് മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ്, കൊല്ലം മെഡിക്കൽ കോളേജ്, വയനാട് ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്, എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, കോഴിക്കോട് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, പത്തനംതിട്ട റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, ഇടുക്കി മെഡിക്കൽ കോളേജ്, തിരുവനന്തപുരം പൂജപ്പുര ഐസർ എന്നിവിടങ്ങളിലെ സർക്കാർ ലാബുകളിലാണ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കൊറോണ സർവയലൻസിന്റെ ലാബ് സർവയലൻസ് ആൻഡ് റിപ്പോർട്ടിങ് ടീം ആണ് സംസ്ഥാനത്തെ കോവിഡ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സർക്കാർ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകൾ ഏകീകൃത ഓൺലൈൻ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം (എൽ.ഡി.എം.എസ്.) പോർട്ടൽ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കൺട്രോൾ റൂമും സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂമും ഇത് ക്രോഡീകരിക്കുന്നു. ഇതനുസരിച്ചാണ് പോസിറ്റീവ് പരിശോധനാ ഫലങ്ങൾ ആരോഗ്യ പ്രവർത്തകർ അവരവരെ അറിയിക്കുന്നത്. മൊബൈലിലൂടെ പരിശോധനാ ഫലങ്ങൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഇതിലൂടെ ജനങ്ങൾക്ക് ഫലം നേരിട്ടറിയാൻ സാധിക്കുന്നു.