മെൽബൺ: ചില വെളിപ്പെടുത്തലുകൾ അങ്ങനെയാണ്. അത്തരം ഇടപെടലുകളാണ് പുതിയ നിയമ നിർമ്മാണങ്ങൾക്ക്വരെ വഴിവെക്കുക. ഓസ്ട്രേലിയ ഇപ്പോൾ ചർച്ചചെയ്യുന്നത് അത്തരത്തിലുള്ള ഒരു വെളിപ്പെടുത്തലുകളാണ്. നാൽപത് വയസുള്ള ജെയിമാണ് താൻ 12 വയസ്സുമുതൽ സ്വന്തം പിതാവിൽനിന്ന് നിരന്തരമായി പീഡനങ്ങൾ അനുഭവിച്ച് വന്നതും ഒടുവിൽ പരാതിപ്പെട്ടപ്പോൾ പിതാവ് സഹോദരിയെ വെടിവെച്ച് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത് അടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. കൊലക്കുറ്റത്തിന് അയാൾ ശിക്ഷക്കപ്പെട്ടെങ്കിലും സാക്ഷികളില്ലാത്തിനാൽ പീഡനക്കേസിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

ഓസ്ട്രേലിയിൽ ഇത്തരം വെളിപ്പെടുത്തലിനുള്ള നിയമപരമായ വിലക്ക് മറികടക്കാൻ കോടതിയിൽ പോയി അവർ വിധി നേടി എടുത്താണ് സമൂഹത്തെ അഭിമുഖീകരിച്ചത്. ഇതിനായി എട്ട് മാസത്തോളം നീണ്ട നിയമപോരാട്ടത്തിലായിരുന്നു ജെയിം.

തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് ആദ്യമായി അച്ഛൻ ലൈംഗികാവശ്യത്തിനായി തന്നെ സമീപിച്ചതെന്നും അന്ന് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും തനിക്കായില്ലെന്നും ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ ഇവർ പറയുന്നു. 'അച്ഛൻ പൊതുവേ ഞങ്ങളെയൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. അന്ന് അച്ഛൻ കളിക്കാൻ വിളിച്ചപ്പോൾ സത്യത്തിൽ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. ഒടുവിൽ അച്ഛൻ ഞങ്ങളെ പരിഗണിക്കാൻ തുടങ്ങിയല്ലോ എന്ന ചിന്ത. എന്നാൽ വൈകാതെ തന്നെ കളി കാര്യമായി. എനിക്ക് പേടിയും വേദനയും അനുഭവപ്പെടാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കാനായില്ല...'- ജെയിം പറയുന്നു.ഡേവിഡ് ഹുഡ്‌സൺ എന്ന 'പീഡോഫൈൽ' പിന്നീട് ഇതൊരു പതിവാക്കി. പ്രതിരോധിക്കാൻ പോയിട്ട് വാ തുറന്ന് ശബ്ദിക്കാൻ പോലുമാകുമായിരുന്നില്ല ജെയിമിന്.

'അന്നൊക്കെ ഞാൻ തലയിണക്ക് താഴെ കുറച്ച് പൈസ സൂക്ഷിക്കും. അച്ഛന്റെ പീഡനം സഹിക്കാൻ പറ്റാതാകുമ്പോൾ ആ വിവരം ആരെയെങ്കിലും ഫോണിൽ വിളിച്ചറിയിക്കാനായിരുന്നു പൈസ. ആരെങ്കിലുമൊക്കെ എന്നെ സഹായിക്കാൻ വരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിച്ചു. എന്നാൽ ആരും വന്നില്ല...'- ജെയിമിന്റെ വാക്കുകൾ. തുടർച്ചയായി നാല് വർഷമാണ് ജെയിം തന്റെ പിതാവിന്റെ പീഡനങ്ങളനുഭവിച്ച് ജീവിച്ചത്. നാല് വർഷമായപ്പോഴേക്കും മറ്റൊരു സത്യം ജെയിം മനസിലാക്കി. തന്റെ അർധസഹോദരിയായ കരോളിനേയും ഹുഡ്‌സൺ സമാനമായി പീഡിപ്പിക്കുന്നുണ്ട്. അങ്ങനെ ഇരുവരും തങ്ങളുടെ അനുഭവങ്ങൾ പരസ്പരം തുറന്നുപറഞ്ഞു. സംഭവം പൊലീസിൽ അറിയിക്കാമെന്നും അച്ഛനെതിരെ പരാതി നൽകാമെന്നും ആദ്യം പറഞ്ഞത് കരോൾ ആയിരുന്നു. അങ്ങനെ ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകി.

പരാതി നൽകി, കേസ് ഫയൽ ചെയ്യപ്പെട്ടെങ്കിലും കോടതിയിൽ വന്ന് മൊഴി നൽകാൻ കരോൾ ഉണ്ടായില്ല. അവളെ ഹുഡ്‌സൺ വെടിവച്ച് കൊലപ്പെടുത്തി. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഹുഡ്‌സൺ മരിക്കാതെ രക്ഷപ്പെട്ടു.

ശിക്ഷ കൊലക്കുറ്റത്തിന് മാത്രം

കരോളിന്റെ കൊലപാതകക്കേസിൽ അയാൾ 19 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടെങ്കിലും ലൈംഗികാതിക്രമക്കുറ്റത്തിൽ നിന്ന് അയാൾ രക്ഷപ്പെട്ടിരുന്നു. പരാതിക്കാരിയും പ്രധാന സാക്ഷിയുമായിരുന്ന കരോൾ മരിച്ചതിനെ തുടർന്നാണ് കേസ് എങ്ങുമെത്താതെ ഉപേക്ഷിക്കപ്പെട്ടത്.

എന്നാൽ 2018ഓടെ ജെയിം താൻ അച്ഛനിൽ നിന്ന് നേരിട്ട ക്രൂരപീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തി. അങ്ങനെ വീണ്ടും ഹുഡ്‌സണെതിരെ ലൈംഗികാതിക്രമക്കുറ്റം ചുമത്തപ്പെട്ടു. കൊലക്കുറ്റത്തിലും ഈ കേസിലുമായി വർഷങ്ങളുടെ തടവ് വിധിക്കപ്പെട്ടുവെങ്കിലും അപ്പീലിൽ ശിക്ഷാ ഇളവ് അനുവദിക്കപ്പെട്ടു.

'എനിക്ക് നീതി ലഭിച്ചതായി തോന്നുന്നില്ല. ഇവിടത്തെ നിയമവ്യവസ്ഥ അത്തരത്തിലുള്ളതാണെന്നാണ് എന്റെ തോന്നൽ...'- ജെയിം പറയുന്നു. ഇപ്പോൾ ജെയിമിന് നാൽപത് വയസായി. തന്റെ യഥാർത്ഥ പേരും താനനുഭവിച്ച ഭീകരമായ അനുഭവങ്ങളും പൊതുമധ്യത്തിൽ വെളിപ്പെടുത്താനുള്ള അനുമതിക്കായി എട്ട് മാസത്തോളം നീണ്ട നിയമപോരാട്ടത്തിലായിരുന്നു ജെയിം. വിക്ടോറിയൻ കുടുബാംഗങ്ങളായവർക്ക് തങ്ങളനുഭവിച്ച ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നുപറയണമെങ്കിൽ നിയമത്തിന്റെ അനുവാദം തേടിയേ പറ്റൂ. ജെയിം ഒരു വിക്ടോറിയൻ കുടുംബാംഗമായതിനാൽ അവർക്കും താൻ അനുഭവിച്ച അതിക്രമങ്ങളെ കുറിച്ച് സംസാരിക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നു.

'എനിക്ക് മനസിലാകുന്നില്ല ഈ നിയമങ്ങളൊന്നും. എന്റെ പേര്, എന്റെ ജീവിതം, എന്റെ കഥ... ഇതെല്ലാം പറയാൻ ഞാൻ ആരുടെ അനുവാദമാണ് തേടേണ്ടത്! ദയവുചെയ്ത് ഞങ്ങളെ പോലുള്ളവരോട് മിണ്ടാതിരിക്കാൻ പറയരുത്. പകരം കൂടുതൽ പറയൂ, ഞങ്ങൾ കേൾക്കാം എന്നാവശ്യപ്പെടൂ..'- ജെയിമിന്റെ വാക്കുകൾ.

ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിയമപോരാട്ടത്തിലാണ് ജെയിം ഇപ്പോൾ. ഇത്ിന്റെ ആദ്യപടിയെന്നോണമാണ് തന്റെ കഥ തുറന്നുപറയാനുള്ള അനുമതി സുപ്രീംകോടതി വരെ പോയി നേടിയെടുത്തത്. തന്നെപ്പോലെ ഒരാളും മോശമായ ബാല്യകാലത്തിന്റെ ഓർമ്മകളിൽ നീറിപ്പുകഞ്ഞ് ജീവിക്കരുതെന്നും, അനുഭവങ്ങളെ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ ശ്വാസം മുട്ടി കഴിയരുതെന്നും ജെയിം പറയുന്നു. ഓസ്‌ട്രേലിയയിൽ വലിയ ചർച്ചകൾക്കാണ് ജെയിമിന്റെ വെളിപ്പെടുത്തലുകൾ വഴിയൊരുക്കിയത്. നിയമവ്യവസ്ഥ, കുടുംബാന്തരീക്ഷം, കുട്ടികളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമഗ്രമായി കണ്ണെത്തേണ്ടതുണ്ടെന്ന് ജെയിമിന്റെ അനുഭവങ്ങൾ അധികൃതരെ ഓർമ്മിപ്പിക്കുന്നു.