ചെങ്കോലിനും കിരീടത്തിനുമായുള്ള കൊട്ടരവിപ്ലവങ്ങൾ ചരിത്രത്തിൽ ധാരാളമായുണ്ട്. രക്തബന്ധങ്ങൾ പോലും മറന്ന് രക്തം ചീന്തി അധികാരം പിടിച്ചെടുത്ത ചരിത്രപുരുഷന്മാരുടെ വംശപരമ്പരയ്ക്ക് ആധുനിക യുഗത്തിലും കുറ്റിയറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധനികരായ സൗദി രാജകുമാരന്മാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വിസ്സ് ബാങ്കുകളിൽ നിക്ഷേപിച്ച പണം തിരികെ കൊണ്ടുവരുവാനായിട്ടായിരുന്നത്രെ ഈ പീഡനങ്ങളെല്ലാം.

2017-ൽ റിയാദിലെ റിറ്റ്സ് കാൾട്ടൺ ജോട്ടലിൽ നടന്നത് അഴിമതിക്കെതിരായ കുരിശുയുദ്ധമാണെന്നാണ് സൗദി അറേബ്യയുടെ ഔദ്യോഗിക ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നത്രെ. രാജ്യത്തെ ആധുനിക വത്ക്കരിക്കാൻ തുനിഞ്ഞിറങ്ങിയ രാജകുമാരൻ പരിധികളില്ലാത്ത അധികാരം കൈക്കലാക്കുവാനായി നടത്തിയ കുത്സിത ശ്രമങ്ങളായിരുന്നു അവയൊക്കെ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മർദ്ദനത്തിന്റെ രാത്രി എന്ന് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗം പേരിട്ട് വിളിക്കുന്ന ഈ സംഭവത്തിൽ രാജകുടുംബാംഗങ്ങളും മറ്റു പല ധനികരും ഹോട്ടലിൽ കണ്ണുകൾ മൂടിക്കെട്ടി ചുമരിനോട് ചേർത്ത് ബന്ധിപ്പിക്കപ്പെട്ടു. പിന്നീട് അവിടെ നടന്നതുകൊടിയ മർദ്ദനമായിരുന്നത്രെ. മർദ്ദനത്തിനു പുറമേ, ചിലരുടെ വിവാഹേതര ബന്ധങ്ങളുടെ വിവരങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്യുവാനും ശ്രമിച്ചു. ചില ബിസിനസ്സുകാരെ ഭീഷണിപ്പെടുത്തിയത് അവരുടെ ബിസിനസ്സിൽ നടന്ന ചില വഴിവിട്ട ഇടപാടുകളുടെ പേരു പറഞ്ഞാണ്.

പലരോടും മർദ്ദകർ ആവശ്യപ്പെട്ടിരുന്നത് അവരുടെ സ്വിസ്സ് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള പണം തിരികെ കൊണ്ടുവരുവാനായിരുന്നു. ഇതിന്റെ ഫലമായി 107 ബില്ല്യൺ ഡോളർ കള്ളപ്പണം തിരികെ കൊണ്ടുവരാനായി എന്ന് സൗദി അവകാശപ്പെടുന്നുണ്ട്. എന്നാൽ, വിശ്വസിക്കാവുന്ന ചില സ്രോതസ്സുകൾ പറയുന്നത് 28 ബില്ല്യൺ ഡോളർ മാത്രമാണ് ഇത്തരത്തിൽ പിടിച്ചെടുക്കാനായത് എന്നാണ്. ചോദ്യം ചെയ്യുവാൻ എത്തിയവർക്ക് ഇത്തരത്തിലുള്ള സമ്പാദ്യത്തെ കുറിച്ച് കാര്യമായ വിവരമൊന്നും ഇല്ലായിരുന്നതിനാലാണ് ഈ പദ്ധതി വിജയിക്കാതെ പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പതിവില്ലാത്ത ചില അഭ്യർത്ഥനകൾ വന്നത് സ്വിറ്റ്സർലാൻഡിലെ ബാങ്കിങ് മേഖലയിലും സംശയമുണർത്തി. ഇത് അവരെ കൂടുതൽ കരുതൽ എടുക്കുവാൻ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായും, എം ബി എസ്സിന്റെ ആഗ്രഹം പൂർണ്ണമായും നടക്കാനാകാതെ പോയി. എന്നാൽ, ഇതിനായി പിടിച്ചുകൊണ്ടുപോയി ക്രൂര മർദ്ദനത്തിന് ഇരയാക്കിയ പലർക്കും, തങ്ങളെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നോ പീഡിപ്പിക്കുന്നതെന്നോ അറിയില്ലായിരുന്നു. ധനികരാണെന്ന ഒരു കുറ്റം മാത്രമായിരുന്നു അവർ ചെയ്തത്.

ഏകദേശം 381 പേരെയാണ് ഇത്തരത്തിൽ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്തത്. ഇതിൽ അൽ വലീദ് ബിൻ തലാൽ രാജകുമാരന് 80 ദിവസത്തോളം ഈ പഞ്ചനക്ഷത്ര തടവറയിൽ കഴിയേണ്ടതായി വന്നു. അതുപോലെ 1 ബില്ല്യൺ ഡോളർ നൽകിയതിനു ശേഷമാണ് നാഷണൽ ഗാർഡ് ചീഫ് മിതെബ് ബിൻ അബ്ദുള്ള രാജകുമാരൻ മോചിക്കപ്പെട്ടത്. ചോദ്യം ചെയ്യുന്നതിനു മുൻപായി, അവരിൽ ഭയം വിതയ്ക്കാനായിട്ടായിരുന്നു ക്രൂര മർദ്ദനം അഴിച്ചുവിട്ടിരുന്നത്. ഈ മർദ്ദന പരമ്പരകൾ അരങ്ങേറുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു ഹോട്ടൽ റിറ്റ്സ് അമേരിക്കൻ പ്രസിഡണ്ടിന് ആഥിതേയത്തം വഹിച്ചത്.

പെട്രോ ഡോളറിനെ മാത്രം ആശ്രയിക്കുന്ന അവസ്ഥയിൽ നിന്നും രാജ്യത്തെ മാറ്റാനും, അതിനോടൊപ്പം ആധുനിക വത്ക്കരണം കൊണ്ടുവരാനും കൂടുതൽ അധികാരം ആവശ്യമാണെന്ന എം ബി എസിന്റെ ധാരണയായിരുന്നു ഇത്തരത്തിലുള്ള ഒരു ഓപ്പറേഷന് പുറകിൽ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. യാഥാസ്ഥിക പുരോഹിതരെ അവഗണിച്ച്, സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള അവകാശം നൽകിയതുൾപ്പടെ പല പരിഷ്‌കാരങ്ങളും എം ബി എസ് കൊണ്ടുവന്നിരുന്നു.