- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
73-ാം വിവാഹ വാർഷികത്തിൽ കൊച്ചുമക്കളുടെ മക്കൾ ഉണ്ടാക്കി അയച്ച ആശംസ കാർഡ് പൊട്ടിച്ച് വായിച്ച് ചിരിച്ച് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും; രാജ ദമ്പതികൾക്ക് ആശംസകൾ നേർന്ന് ബ്രിട്ടീഷ് ജനത
രണ്ടാം ദേശീയ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ വീണ്ടും ഒറ്റപ്പെടലിന്റെനോവ് അനുഭവിക്കുകയാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും കൂടിച്ചേരാനാകാതെ ഒറ്റപ്പെട്ട ജീവിതത്തിൽ ചെറിയ ചെറിയ നല്ല മുഹൂർത്തങ്ങൾ പോലും വലിയ സന്തോഷമാണ് നൽകുന്നത്. അത്തരത്തിൽ, വീട്ടിൽ നിർമ്മിച്ച ഒരു സമ്മാനം ബ്രിട്ടീഷ് രാജ്ഞിയേയും ഫിലിപ്പ് രാജകുമാരനേയും അതിയായി സന്തോഷിപ്പിച്ച ഒരു കഥയാണിത്.
രാജ്ഞിയുടേയും രാജകുമാരന്റെയും എഴുപത്തിമൂന്നാം വിവാഹവാർഷിക ദിനത്തിലാണ് ഇത്തരത്തിൽ ഒരു അസുലഭ മുഹൂർത്തമുണ്ടായത്. ഈ സുദിനത്തിൽ തങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട്, കൊച്ചുമകനായ വില്യമിന്റെ മക്കൾ അയച്ച ആശംസകാർഡാണ് ഈ സന്തോഷത്തിന് കാരണമായത്. അഭിമാന പുരസ്സരം ഈ കാർഡ് നോക്കിയിരുന്ന് നിർവൃതിയണയുന്ന രാജ്ഞിയുടെയും രാജകുമാരന്റെയും ചിത്രം ഇന്നലെ ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടു.
ഏഴു വയസ്സുകാരനായ ജോർജ്ജ് രാജകുമാരൻ, അഞ്ചുവയസ്സുകാരിയായ ഷാർലറ്റ് രാജകുമാരി, രണ്ടുവയസ്സുകാരിയായ ലൂയിസ് രാജകുമാരി എന്നിവർ മണിക്കൂറുകൾ ചെലവഴിച്ചാണ് വർണ്ണാഭമായ ഈ ആശംസാ കാർഡ് ഉണ്ടാക്കിയെടുത്തത്. 73 എന്ന അക്കം മുൻഭാഗത്ത് വിവിധ വർണ്ണങ്ങൾ ചാലിച്ചെഴുതി അതിനു ചുറ്റും അലങ്കാരങ്ങൾ തീർക്കുകയായിരുന്നു. ചുവപ്പ്, നീല, മഞ്ഞ, പച്ച, പർപ്പിൾ വർണ്ണങ്ങളിലുള്ള വൃത്തങ്ങൾ ഇട്ട് കാർഡിന് മോടികൂട്ടി.
ആഴ്‌ച്ചകളായി തങ്ങളുടെ മുതുമുത്തശ്ശനേയും മുത്തശ്ശിയേയും ഈ കുരുന്നുകൾ കണ്ടിട്ട്. റോയൽ പോസ്റ്റൽ സർവ്വീസാണ് ഈ കാർഡ് രാജ്ഞിയുടെ കൈകളിൽ എത്തിച്ചത്. ആ കാർഡ് പൊട്ടിച്ചപ്പോൾ തന്നെ അവരുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. കൊട്ടാരം ഫോട്ടോ ഗ്രാഫറായ ക്രിസ് ജാക്സൺ ആ അസുലഭ മുഹൂർത്തം തന്റെ കാമറയിൽ പകർത്തുകയും ചെയ്തു.
കഴിഞ്ഞ ജൂണിൽ 99 വയസ്സു തികഞ്ഞ ഫിലിപ്പ് രാജകുമാരൻ ഇത് നൂറാമത്തെ വർഷത്തിലാണ് ജീവിക്കുന്നത്. രാജ്ഞിക്ക് 94 വയസ്സുകഴിഞ്ഞു. ഏതൊരു കാര്യത്തിലും നീണ്ട എഴുപത്തിമൂന്ന് വർഷങ്ങൾ എന്നത് ഒരു വലിയ കാലയളവ് തന്നെയാന്. എന്നാൽ, വിവാഹജീവിതത്തിന്റെ ദൈർഘ്യമാകുമ്പോൾ ഇത് തീർച്ചയായും വളരെയധികം വിരളമായ ഒന്നാണ്. രാജ്ഞിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം. ഫിലിപ്പ് രാജകുമാരന് അന്ന് പ്രായം 26. 1947 നവംബർ 20 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.
കാലം കഴിഞ്ഞതോടെ നാല് മക്കളും എട്ട് പേരക്കുട്ടികളും അവരിൽഎട്ട് കുട്ടികളുമായി ഇവരുടെ ബന്ധം കൂടുതൽ ശക്തിപ്പെടുകയാണ്. 2017-ൽ രാജകുമാരൻ എന്ന ചുമതലകളിൽ നിന്നും വിരമിച്ചതിനു ശേഷം ഫിലിപ്പ് രാജകുമാരൻ കൂടുതൽ സമയവും വിൻഡ്സറിലെ സാൻഡിങ്ഹാം എസ്റ്റേറ്റിലാണ് ചെലവഴിക്കുന്നത്. തുടർച്ചയായി വന്ന രണ്ട് ദേശീയ ലോക്ക്ഡൗണുകൾ ഈ ദമ്പതിമാർക്ക് ഫലത്തിൽ ലഭിച്ച അനുഗ്രഹമാവുകയായിരുന്നു. ഏറെക്കാലം ഒരുമിച്ച് കഴിയുവാൻ സാധിക്കാതിരുന്ന ഇവർക്ക് ഈ ലോക്ക്ഡൗൺ കാലം മുഴുവൻ ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒരുമിച്ച് കഴിയാൻ അവസരം ലഭിച്ചു.