കോവിഡ് വ്യാപനം ശക്തമായതോടെ സ്‌കോട്ട്ലാൻഡ് കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇന്ന് വൈകിട്ടോടെ യാത്രാ നിരോധനം നിലവിൽ വരും. സ്‌കോട്ട്ലാൻഡിന്റെ അതിർത്തികൾ പൂർണ്ണമായും അടയ്ക്കുകയാണ്. സ്‌കോട്ട്ലാൻഡിൽ നിന്നും ഇംഗ്ലണ്ടിലേക്കോ തിരിച്ചോ യാത്രചെയ്യുന്നത് നിയമവിരുദ്ധമാകും.വ്യക്തമായ കാരണമില്ലാതെ ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷം സ്‌കോട്ട്ലാൻഡ് അതിർത്തിക്ക് പുറത്തേക്ക് പോകാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല. ഇത് തെറ്റിക്കുന്നവർക്ക് 60 പൗണ്ട് പിഴയാണ് ശിക്ഷ വിധിക്കുന്നത്.

അതുപോലെ ലെവൽ ത്രീ, ലെവൽ ഫോർ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിലെ ജനങ്ങൾക്ക് അവരുടെ പ്രദേശം വിട്ട് പുറത്തുപോകാനും അനുവാദമില്ല. എന്നാൽ, സ്‌കോട്ടിഷ് പാർലമെന്റിന്റെ അനുമതിയോടെ നിയമപരമായി ഇത് നടപ്പാക്കാൻ ആകില്ലെന്ന ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റെ പ്രസ്താവന ചില ആശയക്കുഴപ്പങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. പിഴയൊടുക്കാതെ പലരും ഇതുമൂലം രക്ഷപ്പെട്ടേക്കും എന്ന സംശയവും നിലനിൽക്കുന്നു.

സ്‌കോട്ടിഷ് ജനതയ്ക്ക് രാജ്യമോ അല്ലെങ്കിൽ അവരുടെ പ്രദേശമോ വിട്ട് പുറത്തുപോകാൻ വ്യക്തമായ കാരണം കാണിക്കേണ്ടതുണ്ട്. വളർത്തു മൃഗങ്ങൾക്ക് ആഹാരം വാങ്ങുക, രക്തദാനം, ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുക തുടങ്ങിയവയ്ക്ക് പുറത്തേക്ക് പോകാം. അതുപോലെ ജോലിസംബന്ധമായും പഠന സംബന്ധമായും, ആരോഗസംബന്ധിയായ കാര്യങ്ങൾക്കുമായും ഒരാൾക്ക് യാത്രാ നിരോധനത്തിൽ ഇളവുകൾ ലഭിക്കും. യത്രാ നിരോധനം മൂലം വിമാനത്താവളങ്ങളിൽ എത്താൻ കഴിയാത്തവർക്ക് അവരുടെ വിമാനം പോയാൽ നഷ്ട പരിഹാരം ലഭിക്കില്ല എന്നൊരു പ്രശ്നം കൂടി ഉയര്ന്നു വന്നിട്ടുണ്ട്.

അതേസമയം, ഇന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സ്‌കോട്ടിഷ് പാർലമെന്റിന്റെ അനുമതിയോടെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സ്‌കോട്ടിഷ് കൺസർവേറ്റീവ് എം എസ് പി ആഡം ടോംകിൻസ് പറഞ്ഞു. ഇതിന് നിയമ സാധുത ഉണ്ടോ എന്നുപോലും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രാ നിരോധനം ലംഘിച്ചാലും പിഴ അടക്കരുതെന്ന് കക്ഷികളോടെ അഭിഭാഷകർ പറയുമെന്ന് ലേബർ ഡെമോക്രാറ്റ് എം എസ് പി മൈക്ക് റുമ്പിൾസ് മുന്നറിയിപ്പ് നൽകി.

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ചാനൽ ദ്വീപുകൾ, ഐൽ ഓഫ് മാൻ എന്നിവിടങ്ങളിലേക്കാണ് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവുപ്രകാരമുള്ള യത്രാനിരോധനം നിലനിൽക്കുക. സ്‌കോട്ട്ലാൻഡിൽ താമസിക്കുന്നവർക്ക് ഇവിടങ്ങളിലേക്ക് യാത്രചെയ്യുവാനോ, ഇവിടങ്ങളിൽ ഉള്ളവർക്ക് സ്‌കോട്ട്ലാൻഡിലേക്ക് വരുവാനോ കഴിയില്ല.

പുതിയ യാത്രാ നിയന്ത്രണങ്ങൾക്ക് എതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ നിയമ സാധുതയേയാണ് പലരും ചോദ്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ ഫസ്റ്റ് മിനിസ്റ്റർ പോലും സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. മനുഷ്യന്റെ മൗലികാവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണിതെന്നും വിമർശനമുയരുന്നുണ്ട്.

ഇന്നലെ ബ്രിട്ടനിൽ 22,915 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അതിൽ 1,089 എണ്ണം സ്‌കോട്ട്ലാൻഡിൽ നിന്നായിരുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 501 കോവിഡ് മരണങ്ങളിൽ 50 എണ്ണവും ഇവിടെനിന്നാണ്. കഴിഞ്ഞയാഴ്‌ച്ചത്തെ അപേക്ഷിച്ച് രോഗവ്യാപനത്തിൽ നേരിയ കുറവ് ദൃശ്യമാകുന്നു എങ്കിലും സ്ഥിതിഗതികൾ നിയന്ത്രണാധീനമയി എന്ന് പറയാനാകില്ല. അതുകൊണ്ടുതന്നെയാണ് രാജ്യം കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നത്.