ക്രിസ്ത്മസ്സ് കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ വേണമോ എന്നകാര്യത്തിൽ തർക്കം തുടരുന്നതിനിടയിൽ രോഗവ്യാപന നിരക്കും മരണനിരക്കും ക്രമമായി കുറഞ്ഞു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നലെയും കഴിഞ്ഞയാഴ്‌ച്ചയുമായി താരതമ്യംചെയ്യുമ്പോൾ രോഗവ്യാപനത്തിലും മരണനിരക്കിലും കുറവ് ദൃശ്യമായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയിലേതിനേക്കാൾ രോഗവ്യാപനത്തിൽ ഇന്നലെ 31.5 ശതമാനത്തിന്റെ കുറവാണ് കണ്ടത്. ഇത് ഉത്സവാഘോഷവേളയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്ന് വാദിക്കുന്നവർക്ക് കൂടുതൽ ബലം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്‌ച്ച കോവിഡിന് കീഴടങ്ങി 563 പേർ മരിച്ചപ്പോൾ ഇന്നലത്തെ കോവിഡ് മരണസംഖ്യ 501 ആയിരുന്നു. ഇക്കാര്യത്തിൽ 11 ശതമാനത്തിന്റെ കുറവാന് രേഖപ്പെടുത്തിയത്. അതേസമയം, രോഗവ്യാപനത്തിലും മരണത്തിലും ഇപ്പോൾ ദൃശ്യമാകുന്ന കുറവിന്റെ അടിസ്ഥാനത്തിൽ ക്രിസ്ത്മസ്സിന് അഞ്ചു ദിവസത്തേക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയാൽ പരിണിതഫലം ഭീകരമായിരിക്കും എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ രംഗത്തെത്തി.

അത്തരത്തിൽ ഒരു ആഘോഷ പരിപാടി, രോഗവ്യാപനം പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്നും മരണനിരക്ക് കൂടുമെന്നുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ചില കാര്യങ്ങളിൽ അല്പം റിസ്‌ക് എടുത്തേ മതിയാകൂ എന്ന നിലപാടാണ് മറ്റുചിലർക്ക്. ഡിസംബർ 24 മുതൽ 28 വരെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച്, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ക്രിസ്ത്മസ്സ് ആഘോഷിക്കാൻ സർക്കാർ അവസരമൊരുക്കിയേക്കും എന്ന വാർത്ത പുറത്തുവരുന്നതിനിടയിലാണ് രോഗവ്യാപനത്തിന്റെ ശക്തി കുറഞ്ഞു വരുന്നത്.

എന്നാൽ, ആരോഗ്യ രംഗത്തെ പ്രമുഖരെല്ലാം ഇത്തരം ഇളവുകൾ നൽകുന്നതിന് എതിരാണ്. മെറി ക്രിസ്ത്മസ്സ് പറഞ്ഞ് ഒരാഴ്‌ച്ചക്കകം പ്രിയപെട്ട സുഹൃത്തിനെ സെമിത്തെരിയിൽ അടക്കുന്നതിൽ എന്തു യുക്തിയാണ് ഉള്ളതെന്നാണ് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് അദ്ധ്യാപകനായ പ്രൊഫ. ഗബ്രിയേൽ സ്‌കാലി ചോദിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം ആഘോഷങ്ങൾ എല്ലാം തന്നെ അപകട സാധ്യത വർദ്ധിപ്പിക്കുകയേയുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ അംഗം കൂടിയായ യൂണിവേഴ്സിറ്റി ലണ്ടൻ കോളേജിലെ പകർച്ച വ്യാധി വിദഗ്ദൻ പ്രൊഫ. ആൻഡ്രൂ ഹേവാർഡും ഇത്തരത്തിൽ ഇളവുകൾ നൽകുന്നതിനോട് എതിർപ്പ് രേഖപ്പെടുത്തുന്നു. പ്രായാധിക്യമുള്ളവർക്ക് ഏറ്റവും അപകട സാധ്യത കൂടിയ ഒന്നാണ് കോവിഡ് 19. ഉത്സവാഘോഷ വേളയിൽ ബന്ധുക്കൾ ഒത്തുചേരുമ്പോൾ, അറിയാതെയാണെങ്കിലും കുടുംബത്തിലെ പ്രായമുള്ളവരുടെ ആരോഗ്യത്തിനും ജീവനും അത് ഭീഷണി ആയേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.