ന്യൂഡൽഹി: ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവർക്കും തുപ്പുന്നവർക്കും രണ്ടായിരം രൂപ പിഴ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കർശന നടപടിയുമായി കെജ്രിവാൾ സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതുസ്ഥലത്ത് തുപ്പുക, ക്വാറന്റൈൻ ലംഘനം, മുഖാവരണം ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയ്ക്ക് 2,000 രൂപ പിഴ ഈടാക്കുമെന്ന് ഡൽഹി സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

ഡൽഹിയിൽ പൊതു സ്ഥലങ്ങളിൽ മുഖാവരണങ്ങൾ വിതരണം ചെയ്യാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർത്ഥിച്ചിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹിയിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ 500ൽ നിന്ന് 2000 ആക്കിയാണ് വർധിപ്പിച്ചത്.

മാസ്‌ക് ധരിക്കുന്നതിൽ പലരും അശ്രദ്ധരാണെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. നേരത്തെ ദീപാവലി ആഘോഷ വേളയിൽ പലരും മുഖാവരണം ധരിക്കുകയോ ഷോപ്പിങ് നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടിയിരുന്നു.