ർക്കാർ ഉദ്യോഗസ്ഥരൊട് ജനപ്രതിനിധികൾ തട്ടിക്കയറുന്നത് ഇന്ത്യയിൽ ഒരുവാർത്തയേയല്ല. മന്ത്രിസ്ഥാനം പോലെ അധികാര പദവികളിൽ ഇരിക്കുന്നവരാണെങ്കിൽ, ഉദ്യോഗസ്ഥർ അവരുടെ മുന്നിൽ പഞ്ച പുഛമടക്കി നിൽക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാൽ, ബ്രിട്ടീഷ് രാജ് എന്ന് നാം പരിഹസിക്കുന്ന പാരമ്പര്യം ഇവിടെ ഉപേക്ഷിച്ചിട്ടുപോയ ബ്രിട്ടനിൽ സംഗതികൾ നേരെ തിരിച്ചാണ്. ഉദ്യോഗസ്ഥരായാലും മന്ത്രിമാരായാലും പരിധി ലംഘിച്ചാൽ പണികിട്ടും. ഇപ്പോൾ അത് അനുഭവിക്കുകയാണ് ഇന്ത്യൻ വംശജായായ അഭ്യന്തര മന്ത്രി പ്രീതി പട്ടേൽ.

ഉദ്യോഗസ്ഥരോട് തട്ടിക്കയറി എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പെടാപാട് പെടുകയാണിവർ. തന്റെ ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റത്തിൽ ക്ഷമാപണം നടത്തി അവർ ഇന്നലെ മുന്നോട്ടുവന്നു. താൻ മനപ്പൂർവ്വം ആരേയും വേദനിപ്പിക്കാൻ ആയിരുന്നില്ല അത്തരത്തിൽ പെരുമാറിയതെന്ന് വ്യക്തമാക്കിയ അവർ അത്തരത്തിൽ പെരുമാറിയതിന് മാപ്പ് ചോദിക്കുകയും ചെയ്തു.

അതേസമയം പ്രീതി പട്ടേലിനെ സംരക്ഷിക്കാനുള്ള ബോറിസ് ജോൺസന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ എത്തിക്സ് ഉപദേഷ്ടാവ് രാജിവച്ചു. മാത്രമല്ല, പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി തലവൻ അതിൽ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത് കഴിഞ്ഞ മാർച്ചിലായിരുന്നു. സെപ്റ്റംബർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, റിപ്പോർട്ടിനു മേൽ നടപടികളെടുക്കാതെ അത് വച്ച് താമസിപ്പിക്കുകയായിരുന്നു ബോറിസ് ജോൺസൺ. കഴിഞ്ഞ ദിവസം അത് വീണ്ടും വിവാദമായതോടെ പ്രീതി പട്ടേലിന്റെ ക്ഷമാപണത്തോടെ എല്ലാം അവസാനിപ്പിക്കാനാണ് ബോറിസ് ജോൺസൺ ശ്രമിക്കുന്നത്. എന്നാൽ, മന്ത്രിമാർക്കുള്ള പെരുമാറ്റം ചട്ടം ലംഘിച്ച പ്രീതിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ലെന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. ഇത്തരത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയാൽ മന്ത്രിമാർ സ്വയമേവ രാജിവച്ചൊഴിയുന്ന പാരമ്പര്യമാണ് ബ്രിട്ടനിലുള്ളത്.

സർക്കാർ കാര്യപരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ താൻ ദിവസേന നിരവധി സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കാറുണ്ടെന്നും അതിനിടയിൽ ആർക്കെങ്കിലും മനോവിഷമം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അതിൽ ക്ഷമിക്കണമെന്നും ഇന്നലെപ്രീതി പട്ടേൽ അപേക്ഷിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ എത്തിക്സ് ഉപദേഷ്ടാവിന്റെ രാജി കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണ് ഇതിനെ തുടർന്നാണ് പർലമെന്റർ സ്റ്റാൻഡേർഡ്സ് കമ്മിറ്റിയുംപ്രീതിക്ക് എതിരെ രംഗത്തെത്തിയത്.

മുൻ എം 15 ഉദ്യോഗസ്ഥൻ കൂടിയായ സ്റ്റാൻഡേർഡ്സ് കമ്മിറ്റി ചെയർമാൻ ലോർഡ് ഇവാൻസ് പറഞ്ഞത്, സത്യസന്ധനും ആത്മാഭിമാനമുള്ളവനും ആയതുകൊണ്ടാണ് സർ അലക്സ് അല്ലൻ, പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവ് പദവിയിൽ നിന്നും രാജിവച്ചത് എന്നാണ്. ഇത് മന്ത്രിമാരുടെ പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച പുതിയ വിവാദമുയർത്തിയിരിക്കുകയാണ്. അതേസമയം, പ്രീതി പട്ടേലിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോറിസ് ജോൺസൻ ഇന്നലെ ഭരണകക്ഷി എം പിമാരുടെ വാട്ട്സ്അപ് ഗ്രൂപ്പിൽ ഒരു സന്ദേശം ഇട്ടിരുന്നു.

കഴിഞ്ഞയാഴ്‌ച്ച ഡൊമിനിക് കമ്മിങ്സ് രാജിവച്ചതിനു പിന്നാലെ മറ്റൊരു പ്രതിസന്ധി ഒഴിവാക്കുവാനാണ് ബോറിസ് ശ്രമിക്കുന്നത്. അതേസമയം, തികച്ചും ആത്മാർത്ഥമായാണ് പ്രീതി ക്ഷമാപണം നടത്തിയതെന്നും അവർക്ക് കൂടുതൽ ശിക്ഷയുടെ ആവശ്യമില്ലെന്നും ഉള്ള വാദവും സജീവമാകുന്നുണ്ട്.

അതേസമയം, ഈ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ നിശിതവിമർശനവുമായി പ്രതിപക്ഷംരംഗത്തെത്തിയിട്ടുണ്ട്. ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ കടുത്ത ഭാഷയിൽ പ്രധാനമന്ത്രിയുടെ സമീപനത്തെ വിമർശിച്ചു. താനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ, ഹോം സെക്രട്ടറി ഒരു നിമിഷം പോലും അധികാരത്തിൽ തുടരുകയില്ലയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിലെ സംസ്‌കാരത്തിന് മാതൃകയാകേണ്ട സർക്കാർ ഓഫീസുകളിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ഒട്ടും അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, പല സന്ദർഭങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഹോം സെക്രട്ടറിയെ ചൊടിപ്പിച്ചിട്ടുള്ളത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതൊരു കാര്യവും ശുഷ്‌കാന്തിയോടെ പെട്ടെന്ന് ചെയ്ത് തീർക്കാൻ നിർബന്ധ ബുദ്ധികാണിക്കുന്ന പ്രീതി പട്ടേൽ ഈ സ്വഭാവം കാരണമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവത്തെയും അലസതയേയും സഹിക്കാത്തത് എന്നും ഇക്കൂട്ടർ പറയുന്നു.