- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി ആർ കിട്ടാനുള്ള ഇംഗ്ലീഷ് ടെസ്റ്റിൽ അമ്മ പാസ്സാകില്ലെന്ന ആശങ്ക; പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിക്കും എം പി മാർക്കും വധഭീഷണി സന്ദേശം അയച്ചു മകൻ; ബുദ്ധി കുറവാണെങ്കിലും രണ്ടു വർഷം ജയിലിൽ കിടക്കട്ടെയെന്ന് ബ്രിട്ടീഷ് കോടതി
വിനാശകാലെ വിപരീത ബുദ്ധി എന്നാണ് ചൊല്ല്. അപ്പോൾ ബുദ്ധി തീരെ കുറവാണെങ്കിലോ? ബ്രിട്ടനിൽ സംഭവിച്ച ഈ കഥ കേട്ടാൽ ആരും മൂക്കത്ത് വിരൽവച്ചുപോകും. സ്വന്തം അമ്മയ്ക്ക് ഇംഗ്ലീഷ് പരിജ്ഞാനം തീരെ കുറവായതിനാൽ ബ്രിട്ടനിൽ സ്ഥിര താമസക്കാരൻ എന്ന പദവി ലഭിക്കാൻ സാധ്യതയില്ലെന്ന ആശങ്കയാണ് 27 കാരനായ വാജിദ് ഷായെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത്. ഭീഷണിപ്പെടുത്തി കാര്യം കാണമെന്നായിരുന്നു ഇത്തിരിബുദ്ധിയിൽ വാജിദിന് തോന്നിയത്. സംശയിച്ചു നിന്നില്ല. മുൻപ്രധാനമന്ത്രി തെരേസാ മാ ഉൾപ്പടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കൊക്കെ വധഭീഷണി സന്ദേശം അയയ്ക്കുക എന്നതായിരുന്നു വാജിദ് കണ്ടുപിടിച്ച വഴി.
തികഞ്ഞ അശ്ലീല പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തതിനു ശേഷമായിരുന്നു വധ ഭീഷണി മുഴക്കിയത്. കത്തികൊണ്ട് കുത്തിയോ തോക്ക് കൊണ്ട് വെടിവച്ചോ കൊല്ലും എന്നായിരുന്നു കഴിഞ്ഞ വർഷം മാർച്ച് - ഏപ്രിൽ മാസങ്ങളിലായി അയച്ച സന്ദേശം. നിരവധി എം പിമാർക്കും വിവിധ ലേബർ പാർട്ടി നേതാക്കൾക്കും ഈ സന്ദേശം ലഭിച്ചിരുന്നു. അവസാനം പിടിക്കപ്പെട്ടപ്പോൾ, തന്റെ അമ്മയ്ക്ക് പി ആർ ലഭിക്കില്ലെന്ന ആശങ്കയാണ് തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നായിരുന്നു വാജിദിന്റെ വാദം.
അശ്ലീല പദങ്ങൾ ഉപയോഗിച്ച് ഇലക്ട്രോണിക് സന്ദേശം അയയ്ക്കുക, വധ ഭീഷണി മുഴക്കുക തുടങ്ങിയ ആറ് കുറ്റങ്ങളാണ് ഇയാളുടെ മേൽ ചാർത്തിയത്. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും, കുറ്റകൃത്യത്തിന്റെ തീവ്രത കുറച്ചുകാണരുത് എന്നായിരുന്നു പ്രോസിക്യുഷൻ വാദിച്ചത്. അന്ന് ഇമിഗ്രേഷൻ മന്ത്രിയായിരുന്ന ബാരി മെക് എൽഡഫായിരുന്നു ഭീഷണിക്കത്തിനെതീരെ ആദ്യം പരാതിപ്പെട്ടത്.
അതിനു പിറകെയായി ഇത്തരത്തിൽ ഭീഷണിക്കത്ത് ലഭിച്ചവർ ഓരോരുത്തരായി മുന്നോട്ട് വരികയായിരുന്നു. എം പി ആയിരുന്നാ ധേശിക്ക് അയച്ച സന്ദേശത്തിൽ വധഭീഷണിക്കൊപ്പം വംശീയ വിദ്വേഷവും പ്രകടിപ്പിച്ചിരുന്നു. തനിക്ക് ലഭിച്ച അശ്ലീല സന്ദേശം അതിയായ മാനസിക വേദന ഉണ്ടാക്കിയതായി അപ്പോൾ പ്രധാനമന്ത്രി ആയിരുന്ന തെരേസാ മായും കോടതിയെ ബോധിപ്പിച്ചു. ബോറിസ് ജോൺസൺ ഉൾപ്പടെ മറ്റു ചിലർക്കും ജാവേദ് ഇത്തരത്തിലുള്ള സന്ദേശം അയച്ചിരുന്നെങ്കിലും അവർക്ക് അത് ലഭിച്ചില്ല എന്ന് കണ്ടെത്തി.
അന്വേഷണത്തിനിടയിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ബൗദ്ധിക നിലവാരം വളരെ കുറവാണെന്ന് കണ്ടുപിടിച്ചു. ഐ ക്യൂ ലെവൽ 58 മാത്രമുള്ള ഇയാൾക്ക് മാനസിക പ്രശ്നങ്ങളും ഉണ്ട്.ബുദ്ധി കുറവായിട്ടും, കൃത്യമായി അധികാരത്തിലുള്ളവരെ കണ്ടെത്തി ഭീഷണി സന്ദേശം അയക്കാൻ അയാൾക്ക് കഴിഞ്ഞു എന്ന് കോടതി നിരീക്ഷിച്ചു. ഇയാളുടെ കുടുംബത്തിൽ വഴക്കിനെ തുടർന്ന് ഇയാളും ഇളയ സഹോദരനും അമ്മ നോറിനൊപ്പം താമസിക്കുകയാണ്. അച്ഛൻ ഇവരിൽ നിന്നും അകന്ന് വാജിദിന്റെ മറ്റൊരു സഹോദരനോടൊപ്പമാണ് താമസം.
കുടുംബത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഇയാളുടെ മനസ്സിനെ വല്ലാതെ ബാധിച്ചിട്ടുണ്ടാകാമെന്ന് കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ, തനിക്ക് ഏറെ പ്രിയപ്പെട്ട അമ്മയ്ക്ക് പി ആർ ലഭിക്കാതെ പോകുമെന്ന ആശങ്ക അയാളെ അലട്ടിയിരുന്നു. എന്നാൽ ഇതൊന്നും ചെയ്ത കുറ്റം സാധൂകരിക്കപ്പെടാനുള്ള ന്യായങ്ങളല്ല എന്നു പറഞ്ഞ കോടതി ഇയാളെ രണ്ടു വർഷം തടവിന് ശിക്ഷിച്ചു.