ന്ത്യൻ ഹൈക്കമ്മീഷണിൽ നിന്നു വിരമിച്ച ടി ഹരിദാസ് എന്ന ഉദ്യോഗസ്ഥനെ വോളന്റിയർ ഉപദേശകനായി എംബസിയിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം മലയാളി സംഘടനകൾ നോർക്കയ്ക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു. യു. കെ പ്രവാസി ഹെൽപ് ഡസ്‌ക്, നന്മ യു കെ എന്നിവയടക്കമുള്ള സംഘടനകളാണ് കത്തയച്ചത്. ബ്രിട്ടനിലുള്ള ഇന്ത്യാക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ ഹരിദാസിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ച ഹരിദാസ്, തന്റെ സേവനകാലത്ത് നിരവധി മലയാളികൾ ഉൾപ്പടേയുള്ള പല ഇന്ത്യാക്കാരുടെയും വ്യത്യസ്തമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. മാത്രമല്ല, വിവിധ ബ്രിട്ടീഷ് വകുപ്പുകളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധവും കുടിയേറ്റക്കാരെ സംബന്ധിച്ച് ഇന്ത്യൻ നിയമങ്ങളുടെ പരിജ്ഞാനവും എല്ലാക്കാര്യത്തിലും സമീപിക്കാവുന്ന ഒരു വ്യക്തിത്വമായി അദ്ദേഹത്തെ മാറ്റിയിരുന്നു.

ഇന്ത്യൻ ഹൈക്കമ്മീഷൻ ഏതെങ്കിലും ആവശ്യത്തിനുള്ള ഫോറങ്ങൾ പൂരിപ്പിച്ചു കൊണ്ടുവരാനോ, ഏതെങ്കിലും രേഖകൾ ഹാജരാക്കുവാനോ ആവശ്യപ്പെട്ടാൽ, അതെല്ലാം പൂർത്തിയാക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ ചുറ്റിത്തിരിയേണ്ട ഗതികേടാണ് ഇന്നുള്ളത്. തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നും, ആവശ്യമായ രേഖകൾ നേടിയെടുക്കുന്നതിൽ കാലതാമസവുമുണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ, എന്താണ് ചെയ്യേണ്ടതെന്ന് ഹൈക്കമീഷനിലെ മുതിർന്ന അഡ്‌മിനിസ്ട്രേറ്റർ ആയിരുന്ന ഹരിദാസിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം രേഖകൾ സംഘടിപ്പിക്കുവാനും മറ്റും ആളുകൾക്ക് ഏറെ ക്ലേശിക്കേണ്ടി വന്നിരുന്നില്ല.

യു. കെ പ്രവാസി ഹെൽപ് ഡസ്‌ക് നോർക്ക പ്രതിനിധികൾക്കും ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനും ഹരിദാസിനെ പുനർ നിയമിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിച്ചുകഴിഞ്ഞു. മാത്രമല്ല, നന്മ യു കെയുടെ നോഡൽ ഓഫീസർ രാജീവ് നായർ ഇക്കാര്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും സഹമന്ത്രി വി മുരളീധരനോടും നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനു മുൻപ് 1947 മുതൽ ഇന്ത്യൻ എംബസിയിൽ ജോലിചെയ്തിരുന്ന ട്രാവിസ് എന്ന വനിതാ ഉദ്യോഗസ്ഥ 1996-ൽ വിരമിച്ചപ്പോൾ അവരെ ഇത്തരത്തിൽ ഉപഭോക്തൃ സേവന വിഭാഗത്തിൽ നിയമിച്ച കാര്യവും ഇവർ രണ്ടുപേരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ട്രാവിസിനെ പോലെ തന്നെ നിയമ പരിജ്ഞാനവും അനുഭവ സമ്പത്തുമുള്ള ഹരിദാസിനും ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനായി ഒരുപാട് ഉപകാരങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോൾ തന്നെ ലണ്ടനിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും സൂര്യ ഫെസ്റ്റിവലിന് ഏറെ പ്രചാരം നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് ഹരിദാസ് വഹിച്ചിരുന്നു. മാത്രമല്ല, ലണ്ടനിൽ കേരളാ ടൂറിസത്തിന്റെ വലിയൊരു പ്രചാരകനും കൂടിയായിരുന്നു അദ്ദേഹം. വിദേശമണ്ണിൽ കഷ്ടപ്പാട് അനുഭവിച്ച നൂറുകണക്കിന് മലയാളികളേയാണ് താൻ ഹൈക്കമ്മീഷനിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹം സഹായിച്ചിട്ടുള്ളത്.