വാസ്‌കോ: തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ ശനിയാഴ്ച കണ്ടത് മുംബൈ സിറ്റിയോട് ശക്തമായി ചെറുത്തുനിൽക്കുന്ന  നോർത്ത് ഈസ്റ്റ യുണൈറ്റഡിനെയാണ്. ഐഎസ്എല്ലിലെ രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിന് നോർത്ത് ഈസ്റ്റിന് വിജയം. കളിക്കാരെ കൂട്ടിച്ചേർത്തും കുറച്ചും പുതുക്കി പണിത കരുത്തരായ മുംബൈയോടാണ് ജയമെന്ന് ഓർക്കണം.

പെനാൽറ്റിയിലൂടെ ക്വേസി അപിയയാണ് വിജയ ഗോൾ നേടിയത്. പന്തിന്മേലുള്ള ആധിപത്യവുമായി മുംബൈ മികച്ച തുടക്കം കാഴ്ചവച്ചെങ്കിലും അശ്രദ്ധമായ ഒരു ചലഞ്ചിന് വലിയ വില കൊടുക്കേണ്ടി വന്നു.43-ാം മിനിറ്റിൽ മുംബൈയുടെ അഹമ്മദ് ജാഹു ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് മുംബൈ മത്സരം പൂർത്തിയാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മത്സരത്തിലെ ഏക ഗോൾ. 43ാം മിനിട്ടിൽ ഈ സീസണിലെ ആദ്യ റെഡ് കാർഡ് പിറന്നു. നോർത്ത് ഈസ്റ്റിന്റെ കമാറയെ വീഴ്‌ത്തിയതിന് മുംബൈയുടെ അഹമ്മദ് ജാഹുവാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. ഇതോടെ ആദ്യ പകുതിയിൽ തന്നെ മുംബൈ പത്തുപേരായി ചുരുങ്ങി.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് തകർത്തു കളിച്ചു. 47ാം മിനിട്ടിൽ ബോക്‌സിനകത്തുവെച്ച് മുംബൈയുടെ റൗളിങ്ങിന്റെ കൈയിൽ പന്തുതട്ടിയതിന് നോർത്ത്ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. മുന്നേറ്റതാരം അപിയ മുംബൈ ഗോളി അമരീന്ദറിനെ കബളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ച് നോർത്ത് ഈസ്റ്റിനെ മുമ്പരാക്കി.