ഗുവാഹത്തി: അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ (86) നില അതീവഗുരുതരമായി തുടരുന്നു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) ചികിത്സയിൽ കഴിയുന്ന അദ്ദേഹം പൂർണമായും അബോധാവസ്ഥയിലാണുള്ളത്. . അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായും അബോധാവസ്ഥയിലാണെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.

അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങൾ തകരാറിലാണ്. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചത്. അന്നു മുതൽ അദ്ദേഹം വെന്റിലേറ്ററിലാണ്. ഇന്ന് ഉച്ചയോടെ, ശ്വാസതടസ്സമുണ്ടായതിനെത്തുടർന്ന് ഇൻകുബേഷൻ വെന്റിലേറ്ററിലാക്കി. മരുന്നുകളും മറ്റു മാർഗങ്ങളും ഉപയോഗിച്ച് അവയവങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അടുത്ത 48-72 മണിക്കൂർ വളരെ നിർണായകമാണ്. ഡയാലിസിസിന് ശ്രമിക്കുന്നുണ്ട്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധരുമായി ജിഎംസിഎച്ച് ഡോക്ടർമാർ നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ഈ അവസ്ഥയിൽ അദ്ദേഹത്തെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബർ 25ന് ഡിസ്ചാർജ് ചെയ്തു. കോവിഡാനന്തര അസ്വസ്ഥതകളെ തുടർന്ന് നവംബർ 2ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.